Home » എഡിറ്റേഴ്സ് ചോയ്സ് » മാനാഞ്ചിറയിൽ ‘മുതല’: കുളം നികത്തുന്നു

മാനാഞ്ചിറയിൽ ‘മുതല’: കുളം നികത്തുന്നു

ഔട്ട് സ്പോക്കൺ

തലക്കെട്ട് കണ്ട് അന്തം വിട്ടു കുന്തം വിഴുങ്ങി നിൽക്കേണ്ട. ഇങ്ങനെ ഒരു വാർത്ത വരുന്ന സമയം വിദൂരത്തല്ല കോഴിക്കോട്ടുകാരേ… സഞ്ജയൻ പണ്ട് തന്റെ സ്വതസിദ്ധമായ ശൈലിയിൽ പറഞ്ഞ ഈ പ്രയോഗം ഇന്നത്തെ അവസ്ഥ വച്ച് നോക്കുമ്പോൾ അണുവിട തെറ്റുമെന്നും തോന്നുന്നില്ല. മാനാഞ്ചിറയിലെ ഒരു മാവിന്റെ പൊത്തിൽ പാമ്പ് ഉണ്ട് ആയതിനാൽ മാവ് മുറിക്കുകയാണ് എന്ന അധികൃതരുടെ തീരുമാനത്തിനെതിരെയാണ് സഞ്ജയൻ പണ്ട് ഇങ്ങനെ പ്രതികരിച്ചത്.

ഇനി പ്രശ്നത്തിലേക്ക് വരാം. ടൗൺ ഹാളിൽ നാടകവും ആർട് ഗാലറീൽ ചിത്ര പ്രദര്ശനവും തൊട്ടടുത്ത കടേൽ ചായയും ആർട്ട് ഗാലറിയുടെയും ടൗൺഹാളിന്റെയും മുറ്റത്ത് ചർച്ചയും വാദപ്രതിവാദങ്ങളുമൊക്കെയായി കോഴിക്കോടെൻ വൈകുന്നേരങ്ങൾ അങ്ങനെ പോകുന്നു. അതിനിടയിൽ പെട്ടെന്നൊരു ദിവസം ആർട്ട് ഗാലറിക്കും ടൗൺഹാളിനുമിടയിൽ ഒരു മതിൽ തലപൊക്കാൻ തുടങ്ങിയത് ഒരു മതിലല്ലേ അങ്ങനെ പൊങ്ങിക്കോട്ടെ എന്ന് വിചാരിച്ചു വെറുതെ വിടാനൊക്കുമോ? സാംസ്കാരിക പ്രവർത്തകർ ഒത്തു ചേർന്ന് കോർപറേഷൻ അധികാരികളെ ചെന്ന് കണ്ട് എന്താണ് ഇങ്ങനെ ഒരു മതിൽ ഉയർത്താൻ കാരണം എന്ന് അന്വേഷിച്ചപ്പോൾ ആർട് ഗാലറിയുടെയും ടൗൺഹാളിന്റെയും കെയർടേക്കർമാർ സാമൂഹ്യവിരുദ്ധന്മാരുടെയും മദ്യപന്മാരുടെയും അഴിഞ്ഞാട്ടമാണ് ആർട് ഗാലറീൽ എന്ന് പരാതി പറഞ്ഞത്രേ. പരാതി പറഞ്ഞെങ്കിലും ആശ്വാസം ഈ കാര്യത്തിലെങ്കിലും അവർ ഒന്നിച്ചു നിന്നല്ലോ എന്നാണ്. ദോഷം പറയരുതല്ലോ അത്യാവശ്യം മദ്യപാനമൊക്കെ അവിടെ നടക്കുന്നുമുണ്ട്. ‘കുറ്റം ചെയ്യാത്തവർ ആരുണ്ട് ഗോപി മോനെ’ എന്ന സിനിമാ ചോദ്യം ഓർത്തെടുക്കാം. അവിടെ എത്തുന്ന ചിലർ മദ്യപിക്കുന്നുണ്ടെന്നു കരുതി ഒരു മതിലുകെട്ടി എല്ലാരേം പുറത്താക്കണമെന്നത് എവിടുത്തെ ന്യായമാണ്. അല്ലേലും ഒരു മതിലുകെട്ടിയാൽ തീരുന്നതാണോ ഇവിടുത്തെ പാവം കുടിയന്മാരുടെ ദാഹം. എന്തായാലും ഒടുവിൽ മതിൽ പണിയുന്നില്ലെന്ന് കോർപറേഷൻ സാംസ്കാരിക പ്രവർത്തകർക്ക് ഉറപ്പു നൽകി. എന്നാൽ ആ ഉറപ്പിനെ കാറ്റിൽ പറത്തിയാണ് വീണ്ടും മതിൽ നിർമ്മാണം ആരംഭിച്ചത് ഇരട്ട ചങ്കൻ കേരളനാട് ഭരിക്കുമ്പോൾ ഒരു അര ചങ്ക് എങ്കിലും കോഴിക്കോട് കോർപറേഷൻ അധികാരികൾക്കും വേണ്ടേ? സാംസ്‌കാരിക പ്രവർത്തകർക്ക് നൽകിയ ഉറപ്പിനെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയാണ് വിചിത്രം ഞങ്ങൾ മതിലാണ് പണിയാൻ ഉദ്ദേശിച്ചത് നിങ്ങൾ പറഞ്ഞത് കൊണ്ട് അത് ഗ്രിൽ ആക്കി മാറ്റുകയാണെന്നാണ് ആദ്യമേ നിർമാണം തുടങ്ങിയത് ഗ്രിൽ ആണെന്നത് വേറെ കാര്യം. എന്നാൽ ‘ഗ്രില്ലിനുള്ളിലൂടെ നോക്കിക്കാണാൻ ആർട്ട് ഗാലറീൽ എന്താ വന്യ മൃഗങ്ങളെ വളർത്തുന്നുണ്ടോ’ എന്ന് ചോദിച്ച് കോർപറേഷൻ അധികാരികളുടെ വായടപ്പിക്കാൻ കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകർക്ക് ആരും പറഞ്ഞും കൊടുക്കേണ്ടിവന്നില്ല. പണ്ട് ആമിനത്താത്ത ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ കയറിയ ഒരു കഥയുണ്ട്. ആമിനത്താക്ക് ഇറങ്ങേണ്ടത് ഓർഡിനറി സ്റ്റോപ്പിലാണ് ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ ആമിനത്താത്ത ക്ളീനറോടു പറഞ്ഞു ‘മോനെ ബടെ ഇറങ്ങണം’ ക്ളീനർ പയ്യൻ ചൂടായിക്കൊണ്ട് പറഞ്ഞു ‘ഇവിടൊന്നും സ്റ്റോപ്പില്ല ഇവിടെ ബെല്ലടിച്ചാൽ ഡ്രൈവർ എന്നെ ചീത്തപറയും’ ഉടനെ ആമിനാത്ത ഒരൊറ്റ കാച്ചാണ് ‘ഓൻ കേക്കണ്ട ജ്ജി പതുക്കനെ അടിച്ചാമതി ഞാ ബേഗം എറങ്ങിക്കോളാമെന്ന്.’ അതെ പോലെ അധികാരവർഗം ആരുടെ കണ്ണാണ് പൊത്തുന്നത് ആർട്ട് ഗാലറിയിൽ നിന്നും ടൗൺഹാളിൽ നിന്നും അകറ്റുന്നത് ആരെയാണ് ?

ആർട് ഗാലറിക്കും ടൗൺഹാളിനും വെവ്വേറെ വലിയ ഗേറ്റുകൾ ഉള്ളപ്പോൾ എന്തിനാണ് ഇടയിലൊരു മതിൽ. മതിൽ ഒരു സാംസ്കാരിക പ്രശ്നമായി മാറുന്നതിവിടെ നിന്നാണ് ഇത്രയും കാലം ഇല്ലാതിരുന്ന സാമൂഹിക വിരുദ്ധർ പെട്ടെന്നെങ്ങനെ ഉണ്ടായി നമുക്കൊന്ന് തിരിച്ചു ചിന്തിച്ചു നോക്കാം കോഴിക്കോട് നടക്കുന്ന പരിപാടികളുടെയെല്ലാം ആലോചനയോഗങ്ങളും ചർച്ചകളും നടക്കുന്നതും പുതിയ ആശയങ്ങൾ ഉരുത്തിരിഞ്ഞു വരുന്നതും ആർട്ട് ഗാലറിയുടെ മുറ്റത്തും പരിസരത്തും നിന്നുമാണെന്നതിൽ സംശയമില്ല. നിലമ്പൂർ ബാലൻ അനുസ്മരണം, പേപ്പർ ബോട്ട് തീയേറ്റർ കാർണിവൽ തുടങ്ങി എത്രയെത്ര പരിപാടികൾ . അത്തരം ചർച്ചകളെ പ്രധിരോധ പ്രവർത്തനങ്ങളെ ആരാണ് ഭയപ്പെടുന്നത് അപ്പോൾ മതിലല്ല ചെറുത്ത് നില്പിനെയാണ് അവർ പേടിക്കുന്നത്. ആർട് ഗാലറിയും അയ്യപ്പൻ മരവും ആറുമണിക്ക് താഴിട്ടുപൂട്ടുന്ന ഒരുകാലത്തിലേക്കു കോഴിക്കോട് നീങ്ങുകയാണ് സമയബന്ധിതമായി തീർക്കാവുന്ന ഒന്നാണോ കലാപ്രവർത്തനം? ടൈംപീസു നോക്കി സാംസ്‌കാരിക പ്രവർത്തനം നടത്താനൊക്കുമോ? ആർട്ട് ഗാലറി ആറുമണിക്ക് താഴിട്ടു പൂട്ടിയാൽ ഈ നാട്ടിലെ മദ്യപാനികൾ എല്ലാം ഇല്ലാതാവുമോ? അതൊക്കെ കണ്ടു തന്നെ അറിയണം അല്ലേലും ആർട്ട് ഗാലറീടെ പുറകുവശത്തു ഒരു മതിൽ കെട്ടി ഗേറ്റു വച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിലും അതിനൊന്നും അധികാരികൾക്ക് സമയമില്ല ‘എലിയെ പേടിച്ചാലും ഇല്ലെങ്കിലും ഇല്ലം ചുടണം’ അതാണ് പോളിസി. ‘സാമൂഹ്യ വിരുദ്ധരാകുന്ന’ കോഴിക്കോട്ടെ സാംസ്‌കാരിക പ്രവർത്തകരെ ഓടിച്ചാൽ മതി നോക്കണേ കാര്യം. ചെറുത്തുതോൽപ്പിക്കേണ്ടത് ഫാസിസത്തെയാണ് അല്ലാതെ അനീതിതിക്കെതിരെ ശബ്ദമുയർത്തുന്ന കലാകാരന്മാരുടെ കൂട്ടത്തെയല്ല ആർട് ഗാലറിയുടെ ഇടവഴിയിലൂടെ ഇടയ്ക്കിടെ റോന്ത് ചുറ്റുന്ന വാനരസേനക്കാരും അധികാരം കയ്യാളുന്ന മേലാളന്മാരും ഇതൊക്കെ ഓർത്താൽ നന്ന്.

ഇനി ചരിത്രപ്രധാനമായ മറ്റു വസ്തുതകൾ നോക്കാം ഇന്ത്യയില് ബ്രീട്ടീഷ് ഭരണത്തിന്റെ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രധാനപട്ടണങ്ങളിൽ ടൗൺഹാളുകൾ നിർമിച്ചപ്പോൾ കോഴിക്കോടിനും കിട്ടി ഒരെണ്ണം തിരുവനന്തപുരത്തും കോഴിക്കോട്ടും വിക്ടോറിയ ജൂബിലി ടൗൺഹാൾ (വിജെടിഹാൾ) എന്ന പേരിലാണ് അവ പണിതത്. കോഴിക്കോട് ടൗൺഹാളിന് 1891 ജനുവരി 12നാണ് ശിലയിട്ടു. ആ വര്ഷം നവംബര് 12ന് ഉദ്ഘാടനവും. . വിക്ടോറിയാ ജൂബിലി ടൗൺഹാൾ ട്രസ്റ്റിനായിരുന്നു നടത്തിപ്പ് ചുമതല. ഇന്നത്തെ ടൗൺഹാളിന്റെ തെക്ക് 12 കച്ചവടമുറികളുണ്ടായിരുന്നു. ഇതിന്റെ വാടക ഉപയോഗിച്ചാണ് ഹാള് വൃത്തിയാക്കുകയും മറ്റും ചെയ്തത്. അന്ന് യോഗങ്ങള്ക്ക് വാടകയില്ല. കോഴിക്കോട് മലബാർ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ കാലത്ത് ഓരോ പട്ടണത്തിലും ടൗൺഹാൾ നിർമിക്കുവാൻ രണ്ട് ലക്ഷം രൂപ നല്കാൻ ഗവണ്മെന്റ് ആലോചിച്ചിരുന്നു. ടൗൺഹാളും കോമ്പൗണ്ടും മുന്സിപ്പല് കൗണ്സിലിന് വിട്ടുകൊടുത്താല് രണ്ടുലക്ഷം രൂപയുടെ പദ്ധതി കിട്ടുമെന്നതിനാലും എല്ലാസൗകര്യങ്ങളോടും കൂടിയ ടൗൺഹാൾ ഉണ്ടാവേണ്ടത് ആവശ്യവുമാണെന്നതിനാലുമാണ് ട്രസ്റ്റ് ഭാരവാഹികള് പിന്നീട് മുന്സിപ്പിലാറ്റിക്ക് കൈമാറിയത്. 120 വര്ഷത്തിലേറെ പഴക്കമുള്ള ടൗൺഹാൾ കോർപറേഷൻ കൗൺസിലാണ്‌ നവീകരിച്ചത്.

ഈ ചരിത്രസ്മാരകം എന്തിനെല്ലാം സാക്ഷിയായി . മഹാത്മഗാന്ധി, ജവഹർലാൽ നെഹ്രു തുടങ്ങിയ മഹാരഥന്മാർ കേരളത്തിലെ അമരവ്യക്തിത്വങ്ങളായ പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, കെ കേളപ്പൻ , കേശവമേനോൻ , വാഗ്ഭടാനന്ദൻ , ഇ കെ നായനാർ , വൈക്കം മുഹമ്മദ് ബഷീർ , എസ് കെ പൊറ്റക്കാട്ട്, സുകുമാർ അഴീക്കോട് തുടങ്ങിയവരുടെയും സ്വാതന്ത്ര്യസമരത്തിലെ മഹാനേതാക്കളും ഈ വേദിയിൽ പ്രസംഗിച്ചിട്ടുണ്ട് . പ്രിയപ്പെട്ട ജനനായകർക്കും സാംസ്കാരിക നേതാക്കൾക്കും ജനങ്ങൾ അന്ത്യാഭിവാദ്യം അർപ്പിക്കുന്നതിനും ഇവിടം വേദിയായി. പ്രിയനേതാക്കളെ അവസാനമായി ഒരുനോക്കുകാണാൻ നഗരം ടൗൺഹാളിൽ വിതുമ്പിനിറഞ്ഞിട്ടുണ്ട്. നായനാർ , സി എച്ച് മുഹമ്മദ് കോയ, കെ പി കേശവമേനോൻ , എസ് കെ പൊറ്ററക്കാട്, സുകുമാർ അഴീക്കോട്, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയ പ്രമുഖരെ കോഴിക്കോട് അവസാനനോക്കു കണ്ടത് ഇവിടെ നിന്നാണ്

ആറുമണിക്ക് താഴിട്ടു പൂട്ടി അതിനുശേഷം അവിടെ നിൽക്കുന്നവരെല്ലാം സാമൂഹ്യവിരുദ്ധന്മാർ ആണെന്ന് മുദ്രകുത്തുന്നത് ആരാണ്. നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച ടൗൺ ഹാളും പരിസര പ്രദേശങ്ങളും മതിലുകെട്ടി അടച്ചുപൂട്ടുന്നത് ചരിത്രത്തെ കൊഞ്ഞനം കുത്തുകയാണെന്നു മനസിലാക്കാൻ കോർപറേഷൻ അധികാരികൾക്ക് വെളിവുണ്ടാകട്ടെ

Leave a Reply