വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവും കോവളം എംഎല്‍എയുമായ എം.വിന്‍സന്റിനെ നെയ്യാറ്റിന്‍കര മജിസ്ട്രേട്ട് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അദ്ദേഹത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കിയിരുന്നില്ല. റിമാന്‍ഡു ചെയ്ത സാഹചര്യത്തില്‍ എംഎല്‍എയെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്ക് മാറ്റി. എംഎല്‍എയ്ക്കെതിരെ മാനഭംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തിയിട്ടുണ്ട്.
അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എംഎല്‍എയെ നെയ്യാറ്റിന്‍കര കോടതിലെത്തിച്ചപ്പോള് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് വാഹനം തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. എംഎല്‍എയെ ഹാജരാക്കുന്നതിനാല്‍ കോടതി പരിസരത്ത് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു. അതിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞതും തുടര്‍ന്ന് പൊലീസുമായി ഉന്തും തള്ളുമുണ്ടായതും. പിന്നീട് എംഎല്‍എയെ ജയിലില്‍ എത്തിച്ചപ്പോള്‍ ജയിലിനുമുന്നിലും സംഘര്‍ഷമുണ്ടായി.
നാലുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിനു ശേഷമാണ് വിന്‍സന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. എംഎല്‍എ ഹോസ്റ്റലില്‍വച്ച് ചോദ്യം ചെയ്തശേഷം പേരൂര്‍ക്കട പൊലീസ് ക്ലബ്ബിലേക്ക് എത്താന്‍ എംഎല്‍എയോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഔദ്യോഗിക വാഹനത്തില്‍ ഒരു സഹായിക്കൊപ്പം പൊലീസ് ക്ലബ്ബിലെത്തിയ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പൊലീസ് ആസ്ഥാനത്തെത്തിച്ച വിന്‍സന്റിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. എംഎല്‍എയ്ക്കെതിരെ മാനഭംഗം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്നീ കുറ്റങ്ങള്‍ കൂടി ചുമത്തി. അന്വേഷണത്തിന് നേതൃത്വം നല്കുന്ന കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗം എംഎല്‍എയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. അതിനിടെ, മുന്‍കൂര്‍ ജാമ്യം തേടി എം.വിന്‍സന്റ് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചു. ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെയാണ് അഭിഭാഷകന് മുഖേന മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിന്‍സന്റിനെ എംഎല്‍എ ഹോസ്റ്റലില്‍ വച്ച് ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് 12.40 നു തുടങ്ങിയ ചോദ്യം ചെയ്യല്‍ നാലു മണിക്കൂറോളം നീണ്ടുനിന്നു. പരാതിയില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. എംഎല്‍എ വീട്ടമ്മയുമായി മാസങ്ങളായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
നേരത്തെ, എം.വിന്‍സന്റിനെ ചോദ്യം ചെയ്യാമെന്ന് സ്പീക്കറുടെ ഓഫിസ് പൊലീസിനെ അറിയിച്ചിരുന്നു. സ്പീക്കറുടെ പ്രത്യേക അനുമതി ഇതിന് ആവശ്യമില്ല. കേസിന് ആവശ്യമായ എന്തു നടപടിയും പൊലീസിനു സ്വീകരിക്കാമെന്നും സ്പീക്കറുടെ ഓഫിസ് അറിയിച്ചു. കേസില്‍ എംഎല്‍എയെ അറസ്റ്റു ചെയ്യേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ചുമതലുള്ള കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു കത്തു നല്‍കിയിരുന്നു.
എംഎല്‍എ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഭാര്യ ആത്മഹത്യയ്ക്കു ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന് പൊലീസിനെ സമീപിച്ചത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിനാണ് എംഎല്‍എക്കെതിരെ ആദ്യം കേസെടുത്തത്. കേസിന്റെ പ്രാധാന്യം പരിഗണിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗത്തെ ഏല്‍പ്പിക്കുകയായിരുന്നു. ഇവര്‍ പിന്നീട് വീട്ടമ്മയുടെ രഹസ്യമൊഴിയെടുത്തു. അതിനിടെ, കേസുമായി ബന്ധപ്പെട്ട് എംഎല്‍എ വീട്ടമ്മയുടെ ബന്ധുവിനെ സ്വാധീനിക്കാന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായിരുന്നു.
വിന്‍സന്റ് തെറ്റുകാരനാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, തനിക്കെതിരായ കേസ് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലായിരുന്നു എംഎല്‍എ. കേസിനു പിന്നിലെ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എ ഡിജിപിക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.