എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്(60) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ, ഉദര സംബന്ധ അസുഖങ്ങളെ തുടര്‍ന്ന് ഈ മാസം 11 മുതല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിമുതല്‍ കോട്ടയം തിരുനക്കര മൈതാനത്ത് മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. നാളെ ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയത്തെ വസതിയിലാണ് സംസ്കാരം.
കോട്ടയം കുറിച്ചിത്താനം സ്വദശിയായ ഉഴവൂര്‍ വിജയന് നര്‍മ്മം കലര്‍ത്തിയുളള തന്റെ സ്വതസിദ്ധമായ ശൈലിയിലുളള പ്രസംഗത്തിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു. കെ എസ് യു വഴി കോണ്‍ഗ്രസിലെത്തുകയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകുകയും ചെയ്ത അദ്ദേഹം പിന്നീട് കോണ്‍ഗ്രസ് എസിലെത്തുകയും അതുവഴി എന്‍സിപിയില്‍ എത്തുകയുമായിരുന്നു. 2001ല്‍ കെ.എം മാണിക്കെതിരെ പാലായില്‍ മത്സരിച്ചതായിരുന്നു അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പോരാട്ടം. മലീനികരണ നിയന്ത്രണ ബോര്‍ഡ്, എഫ്സിഐ ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു അദ്ദേഹം. നേതൃത്വത്തെക്കുറിച്ചുളള തര്‍ക്കങ്ങള്‍ എന്‍സിപിയില്‍ ഉടലെടുക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ വിയോഗവും.
