യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ നടൻ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്. സംഭവത്തിന്റെ സൂത്രധാരൻ ദിലീപ് ആണെന്നായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. കഴിഞ്ഞ 10ന് അറസ്റ്റിലായ ദിലീപിന്റെ ജാമ്യാപേക്ഷ നേരത്തെ അങ്കമാലി മജിസ്ട്രേട്ട് കോടതി തള്ളിയിരുന്നു.
ഇന്ത്യൻ ക്രിമിനൽ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണ്. കേസിൽ പ്രധാന തെളിവായ ദൃശ്യം പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെടുത്തിട്ടില്ല. ഇനിയും പ്രതികളുണ്ടാകാൻ സാധ്യതയുണ്ട്. അന്വേഷണം തീർന്നിട്ടില്ലെന്നും ഈ ഘട്ടത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ബോധിപ്പിച്ചതു കോടതി പരിഗണിച്ചു.
നിര്‍ണായക തെളിവുകള്‍ കണ്ടെത്താനുള്ളതിനാല്‍ ജാമ്യം നല്‍കാനാകില്ല. തെളിവ് നശിപ്പിക്കുമെന്ന വാദവും കോടതി അംഗീകരിച്ചു. ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
ഗൂഢാലോചനക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. വ്യാഴാഴ്ച വാദം കേട്ട ശേഷം സിംഗിൾ ബെഞ്ച് ഹര്‍ജി വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ദിലീപാണ് സംഭവത്തിന്റെ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. പീഡനരംഗം ചിത്രീകരിക്കാൻ ക്വട്ടേഷൻ നൽകിയത് ക്രിമിനൽ, നിയമ ചരിത്രത്തിലെ ആദ്യസംഭവമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു. മുദ്രവെച്ച കവറിൽ കേസ് ഡയറിയും കോടതിയിൽ സമർപ്പിച്ചിരുന്നു.
ദിലീപിന്റെ ഒളിവിൽ കഴിയുന്ന സഹായി സുനിൽരാജിന്റെ (അപ്പുണ്ണി) മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ മുഖ്യപ്രതി സുനിൽകുമാറുമായും സഹതടവുകാരൻ വിഷ്ണുവുമായും നേരിട്ടു ബന്ധപ്പെട്ടുവെന്നു പൊലീസ് പറയുന്ന അപ്പുണ്ണിയെ ഇതുവരെ കണ്ടെത്താനാകാത്തതു പൊലീസിന്റെ വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ ദിലീപിനൊപ്പം അപ്പുണ്ണിയെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഇതിനുശേഷം ഇയാളെ നിരീക്ഷണത്തിൽ വയ്ക്കാൻ പൊലീസിന് കഴിയാതിരുന്നതാണ് ഒളിവിൽ പോകാനിടയാക്കിയത്. അപ്പുണ്ണിയെയും ദിലീപിനെയും കസ്റ്റഡിയിൽ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിച്ചിരുന്നു. ഇതു മനസിലാക്കി, ദിലീപിനു ജാമ്യം ലഭിക്കുന്നതു വരെ ഒളിവിൽ തുടരാൻ അപ്പുണ്ണിക്കു നിയമോപദേശം കിട്ടിയതായി വിവരമുണ്ട്.ചോദ്യം ചെയ്തേക്കും.