Home » ന്യൂസ് & വ്യൂസ് » വേദനയുടെ ഹര്‍ഷോന്മാദം

വേദനയുടെ ഹര്‍ഷോന്മാദം

മിര്‍സാഗാലിബ്, അമിര്‍ ഖുസ്രു, മൊഹസിന്‍ നഖ്‌വി, അക്‌ബര്‍ അലഹബാദി..


സദാ സമൃദ്ധമായ ഈ കവികളുടെ മുന്തിരിത്തോപ്പുകള്‍..


അവിടെ അസുലഭ ലഹരിയാര്‍ന്ന വീഞ്ഞുമായി, ആത്മാവിന്‌ അര്‍ഹിക്കുന്ന ലഹരി നല്‍കി ഓരോരുത്തരേയും അവനവന്റെ ആനന്ദങ്ങളിലേക്ക്‌ ആനയിച്ചുകൊണ്ടിരിക്കുന്ന മാന്ത്രികനെക്കുറിച്ച്‌ കവി ഒ പി സുരേഷ്‌

ഒ പി സുരേഷ്‌

ഒ പി സുരേഷ്‌

ഒരു മനുഷ്യനില്‍ വേദന പൊട്ടിമുളക്കുന്ന കാലമുണ്ടോ? പിച്ചവെക്കുന്ന പ്രായം പോലെ, പല്ല്‌ മുളക്കുന്ന കാലം പോലെ. സമസ്‌ത ധമനികളിലും ഭാരമില്ലാത്ത ചുവടുകളുമായി വേദന നൃത്തം ചവിട്ടുന്ന കാലം. ഓരോ അണുവിലും വേറിട്ടറിഞ്ഞനുഭവിക്കുന്ന ആനന്ദം. ഭൂമിയിലും ആകാശത്തും മറ്റേതെങ്കിലും ലോകങ്ങളുണ്ടെങ്കില്‍ അവിടെയും നുരയുന്ന നാനാതരം ലഹരികളേക്കാള്‍, വിവശമായ പ്രാണനെ ഹര്‍ഷോന്മാദിയാക്കുന്ന ഹൃദയവേദന. ഏത്‌ കൊടുങ്കാറ്റിനേയും അതിജീവിക്കാനാവുന്ന ആര്‍ജവവും ഒരിളം കാറ്റിന്‌ പോലും വശംവദമാകുന്ന ദൗര്‍ബല്യവും ചേര്‍ന്ന്‌ അലങ്കോലമാക്കിയ കൗമാരത്തിന്റെ പടവുകളില്‍ വെച്ചാണ്‌ അതെന്നെ ആവേശിക്കുന്നത്‌. നിയന്ത്രണങ്ങളില്ലാത്ത വികാരവിക്ഷോഭങ്ങള്‍ക്കിടയിലും സന്തുലനത്തിന്റെ നിര്‍മമമായ മന്ത്രച്ചരടിനാല്‍ ബന്ധിച്ചത്‌. ചിരിയിലും കണ്ണീരിലും ഒപ്പം നിന്ന്‌ ജീവിതത്തിന്റെ ആകസ്‌മിക സൗന്ദര്യങ്ങളെ വാറ്റിക്കുടിക്കാന്‍ പ്രേരിപ്പിച്ചത്‌. പ്രണയത്തിന്റെ അലൗകികഭംഗികള്‍ തെളിച്ച്‌ ഓരോ വിസ്‌മയനിമിഷങ്ങളേയും അര്‍ത്ഥഭരിതമാക്കിയത്‌…

നിലാവ്‌ വികൃതമാക്കിയ ഏതോ ശോകരാത്രിയുടെ മടിയില്‍ തലവെച്ച്‌ കിടന്ന കൊണ്ടോട്ടി തുറക്കലിലെ `കല്ലാടത്ത്‌’ വീട്ടിന്റെ കുടുസ്സുമുറിയിലെ പഴയൊരു പാട്ടുപെട്ടിയില്‍നിന്ന്‌ മടിച്ച്‌ മടിച്ചെത്തി എനിക്ക്‌ മുമ്പില്‍ അല്‍പാല്‍പമായി അനാവൃതമായ അജ്ഞാത സംഗീതം. അതുവരെയില്ലാത്ത ഒരറിവില്ലായ്‌മയില്‍ കൂടുതല്‍ക്കൂടുതല്‍ നിരഹങ്കാരിയായി. തബലയും ഹാര്‍മോണിയവും സിതാറിന്റെ വലിഞ്ഞുമുറുകിയ വൈകാരികതയും അര്‍ത്ഥമറിയാത്ത ഭാഷയെ കൂടുതല്‍ സുതാര്യവും വ്യക്തവുമാക്കി. `യേ ദില്‍, യേ പാഗല്‍ ദില്‍ മേരാ’ എന്ന്‌ അതെന്നെ ഏറ്റവും സാന്ദ്രമായി പരിഭാഷപ്പെടുത്തി. ആവര്‍ത്തിച്ച്‌ കേട്ട ആ ആദ്യാനുഭൂതിയെ `ഗുലാം അലിയുടെ ഗസല്‍’ എന്ന്‌ സുഹൃത്ത്‌ പി പി ഷാനവാസ്‌ പരിചയപ്പെടുത്തി.

യേശുദാസും ജയചന്ദ്രനും കഴിഞ്ഞാല്‍ വി എം കുട്ടിയും വിളയില്‍ വല്‍സലയുമായിരുന്നു ഞങ്ങള്‍ ചീക്കോട്ടുകാരുടെ പാട്ടുകാര്‍. ചിലപ്പോഴെങ്കിലും രണ്ടാമത്‌ പറഞ്ഞവരായിരുന്നു ആദ്യസ്ഥാനക്കാര്‍. “കാഫ്‌ മല കണ്ട പൂങ്കാറ്റും” “കിരികീരി പെരുപ്പിന്‍മേല്‍ അണഞ്ഞുള്ള മണവാട്ടി”യും വയലേലകളിലും കുന്നിന്‍ ചെരുവുകളിലും ഏറ്റവും പുതിയ കോരിത്തരിപ്പുകളായിരുന്ന കാലം. ഉല്‍കൃഷ്ട സംഗീതത്തിന്റെ ആദ്യവും അവസാനവും ചലച്ചിത്ര ഗാനങ്ങളായിരുന്നു. ടേപ്പ്‌ റിക്കാര്‍ഡറുകള്‍ കണ്ടുപിടിച്ച്‌ വരുന്നതേയുണ്ടായിരുന്നുള്ളു. അത്യപൂര്‍വ്വമായ ചില ഗള്‍ഫുകാരുടെ വീടുകളില്‍ `അതിസമ്പന്നത’യുടെ അടയാളമായി ബാറ്ററിപ്പെട്ടിയും ടേപ്പ്‌ റിക്കാര്‍ഡറും പരിലസിച്ചു. പ്രണയവിരഹങ്ങളുടെ മരുക്കാറ്റ്‌ പോലെ കത്ത്‌ പാട്ടുകള്‍ അക്കാലത്തിന്റെ ഇതിഹാസങ്ങളായി. അത്യന്തം സമൃദ്ധമായ ഇത്തരമൊരു സംഗീതപശ്‌ചാത്തലത്തിലൊരിടത്തും ഗസലുകളുണ്ടായിരുന്നില്ല. അപരിചിത വിഷാദങ്ങളുണ്ടായിരുന്നില്ല.

പാടിയതിലപ്പുറം, കേട്ടതിലപ്പുറം പാട്ടില്‍ ഒന്നുമില്ലാതിരുന്ന ഞങ്ങളുടെ നാടിന്റെ സംഗീത പാരമ്പര്യത്തില്‍ എനിക്കന്ന്‌ ആദ്യമായി കഠിനമായ അപമാനം തോന്നി. മള്‍ട്ടിബാന്റ്‌ റേഡിയോസെറ്റിലെ മോസ്‌കോ നിലയത്തിലെ റഷ്യന്‍ സംഗീതം വരെ ശ്രവിച്ചനുകരിച്ചിരുന്ന ഞാന്‍, ഗസല്‍ കേട്ടില്ലല്ലോ എന്ന്‌ അത്യധികമായ കുറ്റബോധമായി. കല്ലാടത്ത്‌ വീട്ടിലെ ആ രാത്രി മുഴുവന്‍ അലിയെ കേട്ട്‌കേട്ട്‌ കൂടുതല്‍ മൃദുവായിത്തീര്‍ന്ന എന്റെ കാതുകള്‍ക്ക്‌ പുലരിയുടെ ശബ്ദങ്ങളെല്ലാം സംഗീതമായി. പോരുമ്പോള്‍ കൂടെക്കരുതിയ ഗുലാംഅലിയുടെ കാസെറ്റ്‌, അപരിഷ്‌കൃതരായ ഒരു കൂട്ടമാളുകളെ വിമലീകരിക്കാനുള്ള വിശുദ്ധഗ്രന്ഥമെന്നപോലെ ഞാന്‍ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിച്ചു. കൊണ്ടോട്ടി – എടവണ്ണപ്പാറ ബസ്സിലെ സൂചികുത്താനിടമില്ലാത്ത തിരക്കിനിടയിലും എന്റെ ശരീരം ഒരു ടേപ്പ്‌ റിക്കോര്‍ഡറായി. തലേന്ന്‌ കേട്ട പാട്ടുകളുടെ മധുരോര്‍മകള്‍ വൈദ്യുതപ്രവാഹമായി. ഗുലാംഅലി എന്നില്‍നിന്നും പാടാന്‍ തുടങ്ങി.
‘ഹംകോ കിസ്‌കേ ഗരം ന മാരേ…”

ഗുലാം അലിയും ജഗ്ജിത് സിംഗും

ഗുലാം അലിയും ജഗ്ജിത് സിംഗും

ഉറുദ്‌ അതുവരെ ഒരു തമാശയായിരുന്നു. വിരലിലെണ്ണാവുന്ന കുട്ടികളുടെ രണ്ടാം ഭാഷ. സ്‌കൂളില്‍ ഉറുദു പഠിക്കുന്നവരെ എന്തോ വൈകല്യമുള്ളവരെപ്പോലെ പരിഗണിച്ചുപോന്നിരുന്നു. അറബിയുടെയും മലയാളത്തിന്റെയും മൃഗീയ ഭൂരിപക്ഷത്തിന്‌ കീഴില്‍ ഞെരിഞ്ഞൊതുങ്ങിയ ഒരു കുഞ്ഞുഭാഷക്ക്‌ ഇത്രയേറെ വിശാലമായ ആകാശങ്ങളുണ്ടെന്ന്‌ ഗുലാം അലി മറ്റൊരു ഭാഷയില്‍ പഠിപ്പിച്ചു. ഏഴല്ല, എഴുപതിനായിരം വര്‍ണ്ണങ്ങളില്‍ വിടര്‍ന്നുല്ലസിക്കുന്ന അതിലെ മഴവില്ലുകള്‍ കാട്ടിത്തന്നു. ഓരോ വാക്കിന്റെയും അര്‍ത്ഥം തിരഞ്ഞ്‌ ഉറുദിന്റെ അബുമാഷെ തേടിനടന്നു. പിന്നെപ്പിന്നെ മാഷിനുപോലുമറിയാത്ത അര്‍ത്ഥങ്ങള്‍ എന്റെ വെളിപാടുകളായി. ഓരോ തവണ കേള്‍ക്കുമ്പോഴും ഓരോ അര്‍ത്ഥങ്ങള്‍, ഓരോ ഭാവങ്ങള്‍. കേവല ഭാഷക്കതീതമായ ആന്തരികാര്‍ത്ഥങ്ങള്‍ കൊണ്ട്‌ ഞാന്‍ പൊറുതിമുട്ടി. “ഹംഗാമാ ഹെ ക്യോന്‍ബാര്‍വ, തോടി സെ…” രാവിലെയും ഉച്ചക്കും വൈകുന്നേരവും രാത്രിയിലും ഓരോരോ അര്‍ത്ഥങ്ങള്‍ തന്ന്‌ അതെന്നെ വിസ്‌മയിപ്പിച്ചു. നിലാവുള്ളപ്പോള്‍ ഒന്ന്‌, അല്ലാത്തപ്പോള്‍ മറ്റൊന്ന്‌. മഴയില്‍ ഒന്ന്‌ വെയിലില്‍ ഒന്ന്‌… ഋതുക്കള്‍ക്കൊപ്പം മാറുന്ന അര്‍ത്ഥമുള്ള അത്ഭുതഭാഷയായി ഉറുദുവിനെ മാറ്റിയ ഗുലാം അലി, സംഗീതത്തെ സര്‍വ്വഭാഷകളുടേയും ലായനിയാക്കി. വ്യത്യസ്‌തതകളുടെ മേളനമാക്കി. വിപരീതങ്ങളില്ലാത്ത സമന്വയമാക്കി.

ഫാറൂഖ്‌ കോളേജിലെ ബ്രീസ്‌ ലോഡ്‌ജിലിരുന്ന്‌ ഒരിക്കലും ശ്രുതി ശരിയാകാത്ത തന്റെ ഗിറ്റാര്‍ തന്ത്രികള്‍ തലോടിക്കൊണ്ട്‌ ഫിറോസ്‌ പറയുമായിരുന്നു: “നല്ല ചടയന്‍ ഗഞ്ചനടിച്ച്‌ തൊണ്ട വരളും. അപ്പോള്‍ അസ്സല്‍ നാടന്‍ വാറ്റ്‌ രണ്ടിറക്ക്‌”. “ആള്‍ക്കൂട്ട”ത്തിലെ അധ്യായങ്ങള്‍ വായിച്ച്‌ തലയില്‍ ഇരുട്ട്‌ നിറയുമ്പോള്‍ അലിയുടെ ഗസല്‍ കേള്‍ക്കുംപോലെ എന്ന്‌ ഞാന്‍ പൂരിപ്പിക്കും. കൗമാരത്തിന്റെ ജ്ഞാതവും അജ്ഞാതവുമായ വിഹ്വലതകളെയെല്ലാം ആനന്ദത്തോടെ ആശ്ലേഷിച്ചാസ്വദിക്കാന്‍ ഞങ്ങള്‍ക്കൊപ്പം അലിയുടെ കാസറ്റുകള്‍ കൂട്ടുവന്നു. മെഹ്‌ദി, ജഗ്‌ജിത്‌, ആബിദാ പര്‍വീണ്‍…. ഗസലിന്റെ അനുഭവലോകങ്ങളെ അനുപമമാക്കിയ മഹാരഥന്മാരുടെ നെടുനീളന്‍ നിര, സവിശേഷമായൊരു വംശാവലിപോലെ ഞങ്ങളില്‍ കെട്ടുപിണഞ്ഞു കിടന്നു. എങ്കിലും ആദ്യാനുരാഗത്തിന്റെ വിലോഭനീയമായ ചാരുതയായിരുന്നു ഗുലാംഅലി.

‘നാട്ടിലാകെ പാട്ടായ’തുപോലെ ജീവിതവും പല വഴിക്ക്‌ ചിതറിക്കൊണ്ടിരുന്നു. അതും ഇതും ഏതും ആയി മാറാന്‍ വെമ്പിയ വൈകാരികസന്ധികള്‍. ആശാനും വൈലോപ്പിള്ളിയും സച്ചിദാനന്ദനും തുണച്ചതുപോലെത്തന്നെ മിര്‍സാഗാലിബും അമിര്‍ ഖുസ്രുവും മൊഹസിന്‍ നഖ്‌വിയും അക്‌ബര്‍ അലഹബാദിയുമൊക്കെ ഈ സന്ദിഗ്‌ധതകളെ മറികടക്കാന്‍ കുറച്ചൊന്നുമല്ല തുണച്ചത്‌. സദാ സമൃദ്ധമായിരുന്നു ഈ കവികളുടെ മുന്തിരിത്തോപ്പുകള്‍. അവിടെ അസുലഭ ലഹരിയാര്‍ന്ന വീഞ്ഞുമായി ഗുലാം അലി എന്ന മാന്ത്രികനുണ്ട്‌. ആത്മാവിന്‌ അര്‍ഹിക്കുന്ന ലഹരി നല്‍കി ഓരോരുത്തരേയും അവനവന്റെ ആനന്ദങ്ങളിലേക്ക്‌ ആനയിച്ചുകൊണ്ടിരുന്നു.

‘ഹൃദയത്തിലൂറുന്ന പ്രണയവീഞ്ഞാ’യി, ആ മധുരസംഗീതം പതിറ്റാണ്ടുകളായി കൂടെപ്പാര്‍ക്കുന്നു. ഇപ്പോള്‍ ഷാനവാസ്‌ കൊനാരത്തിനൊപ്പമുള്ള അപൂര്‍വ്വ സുന്ദര സിറ്റിങ്ങുകളില്‍ മാത്രമേ പലപ്പോഴും ഗുലാം അലി പാടാറുള്ളൂ. കേട്ടില്ലെങ്കിലും ഉള്ളില്‍നിന്ന്‌ പാടുന്ന മായികത ഗുലാം അലിക്കേ ഉള്ളൂ. അത്യധികമായ അടുപ്പത്തോടെ, പ്രാണനില്‍ ചേര്‍ന്ന ഒരാളെപ്പറ്റിയെന്നോണം ഗുലാം അലിയെക്കുറിച്ച്‌ പറയുമ്പോള്‍ അവള്‍ ചോദിക്കും: `നിങ്ങളതിന്‌ കൂടുതല്‍ കേള്‍ക്കുക, ജഗ്‌ജിത്‌ സിംഗിനെയല്ലേ?’ ശരിയാണ്‌. ജഗ്‌ജിത്‌ സിംഗിനെ എനിക്ക്‌ ഇടക്ക്‌ കേട്ടുകൊണ്ടിരിക്കണം. ഗുലാം അലി പക്ഷേ, പി ആര്‍ രതീഷ്‌ കവിതയില്‍ പറയുമ്പോലെ `ഒരിക്കല്‍ പെയ്‌താല്‍ മതി, ജീവിതം മുഴുവന്‍ ചോര്‍ന്നൊലിക്കാന്‍!’

(മാതൃഭൂമി പ്രസിദ്ധീകരിച്ച ‘ഗുലാം അലി പാടുമ്പോൾ’ എന്ന പുസ്തകത്തിൽനിന്ന് )

Leave a Reply