പീഡനക്കേസില്‍ മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയിലാണ് മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമപ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.
ഏഷ്യാനെറ്റിലെ മുന്‍ അവതാരകനാണ് അമല്‍ വിഷ്ണുദാസ്. ഇവിടെയായിരിക്കുമ്പോഴും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. 2015 ഡിസംബറില്‍ അമല്‍ വിഷ്ണുദാസ് രോഗബാധിതനായി കോസ്മോപോളീറ്റന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ ഒരു കീഴുദ്യോഗസ്ഥ എന്ന നിലയില്‍ താന്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നു എന്നും അപ്പോഴൊക്കെ ആശുപത്രിയില്‍ തനിച്ചായിരുന്ന ഇയാള്‍ താന്‍ വിവാഹിതനാണെങ്കിലും ദാമ്പത്യ ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ബന്ധം ഡിവോഴ്സിലെത്തി നില്‍ക്കുകയാണെന്നും പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു.
പിന്നീട് ആശുപത്രി വിട്ടതിന് ശേഷം ഇയാള്‍ പ്രേമാഭ്യര്‍ഥന നടത്തുകയും ഭാര്യയുമായുള്ള ഡിവോഴ്സ് കിട്ടിയാലുടന്‍ തന്നെ വിവാഹം കഴിക്കാമെന്ന് വാഗദാനം ചെയ്തുവെന്നും യുവതി പറയുന്നു.പിതാവിന്റെ ചികില്സക്കെന്ന് പറഞ്ഞ് പലപ്പോഴും പണം വാങ്ങിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു.
എന്നാല്‍ ഇയാള്‍ ഡിവോഴ്സിന് ശേഷം തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുകയായിരുന്നു വെന്നും ഇയാളുടെ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഓഫീസിലെ സീറ്റു പോലും മറ്റൊരു നിലയിലേക്ക് മാറ്റിയതായും യുവതി പറയുന്നു. പിന്നീട് നേരില്‍ കണ്ട് സംസാരിച്ചപ്പോള്‍ പല സ്ത്രീകളുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്നും 48 വയസ്സുള്ള ഒരു സ്ത്രീയുമായി ഒരുവര്‍ഷത്തിലേറെയായി ലൈംഗിക ബന്ധമുണ്ടെന്നും പറഞ്ഞുവെന്നും യുവതി പരാതിയില്‍ പറയുന്നു.
തന്നെ വിവാഹം കഴിക്കാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ അമല്‍ വിഷ്ണുദാസ് ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ജോലികളയിക്കുമെന്നും ജീവിതം ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
അതേസമയം അമല്‍ വിഷ്ണുദാസ് അറസ്റ്റിലായ വിവരം മാതൃഭൂമി ചാനലും റിപ്പോര്‍ട്ട് ചെയ്തു.സാധാരണ സ്വന്തം ചാനലിലെ ആളുകള്‍ അറസ്റ്റിലാകുമ്പോള്‍ രക്ഷിക്കാന്‍ നടത്തുന്ന നീക്കം ഇക്കാര്യത്തില്‍ ഉണ്ടാകില്ലെന്നും ചാനല്‍ വിശദീകരിച്ചു. അമല്‍ വിഷ്ണുദാസിനെ ചാനലില്‍ നിന്ന് സസ്പെന്റ് ചെയ്തുവെന്നും മാനേജ്മെന്റ് വിശദീകരിച്ചു. പരാതിക്കാരിയെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുമെന്നും ചാനല്‍ മാനേജ്മെന്റ് അറിയിച്ചു.