Home » കലാസാഹിതി » സിനിമാക്കൊട്ടക » ജനനത്തിന് മുമ്പേ ജനിച്ചു തുടങ്ങുന്നവരല്ലേ മനുഷ്യർ: ആനന്ദ് കെ എസ്

ജനനത്തിന് മുമ്പേ ജനിച്ചു തുടങ്ങുന്നവരല്ലേ മനുഷ്യർ: ആനന്ദ് കെ എസ്

കോഴിക്കോട് സാംസ്‌കാരിക വേദിയിലെ സതിചേച്ചി പറഞ്ഞാണ് സുരഭിലക്ഷ്മിക്ക് ദേശീയ അവാര്‍ഡ് നേടി കൊടുത്ത നവാഗത സംവിധായകന്‍ അനില്‍ തോമസിന്റെ മിന്നാമിനുങ്ങ് ശ്രീയിലെത്തിയത് അറിഞ്ഞത് അങ്ങനെ തിങ്കളാഴ്ച ഉച്ചക്ക് ടിക്കറ്റെടുത്തു. ആദ്യമായാണ് ശ്രീയില്‍ ഏറ്റവും പിറകില്‍ അതായത് ബാല്‍ക്കണി ടിക്കറ്റ് തന്നെ കിട്ടുന്നത് ഞാനടക്കം ഒരു 100 കാണികള്‍ ഉണ്ടാകും ദേശീയ ഗാനത്തിന് ശേഷം സിനിമ തുടങ്ങി.

തികച്ചും സാധാരണമായ ജീവിതം അതിസമര്‍ത്ഥമായി അഭ്രപാളികളിലേക്ക് പകര്‍ത്തി പ്രേഷകന്റെ മനസ്സിനെ പിടിച്ചിരുത്തുന്ന ജീവിത ഗന്ധിയായ ചിത്രമാണ് മിന്നാമിനുങ്ങ്. സുരഭിയും റെബേക്ക തോമസുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സ്വയം എരിഞ്ഞ് മറ്റുള്ളവര്‍ക്കായി വെളിച്ചം നല്‍കുന്ന മെഴുകു തിരിയെ പോലെ നാമമില്ലാത്ത അമ്മയായി സുരഭിയുടെ കഥാപാത്രം. നമുക്കവളെ മിന്നാമിനുങ്ങെന്ന് വിളിക്കാം.

എം ഐ ടി മൂസയില്‍ നാം കണ്ട് ശീലിച്ച നാടന്‍ ഭാഷക്കാരിയായ സുരഭിയെ അല്ല നമുക്ക് ഈ ചിത്രത്തില്‍ കാണാനാവുക സുരഭിയുടെ അഭിനയ ജീവിതത്തിന് പുതിയൊരുമാനം നല്കുന്ന ചിത്രമാണ് മിന്നാമിനുങ്ങ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ഓടുന്ന തിരോന്തരത്തെ ഒരു സ്ത്രീ. മകളെ കുറിച്ചും അച്ഛനെ കുറിച്ചുമുള്ള ചിന്തയല്ലാതെ മറ്റൊന്നും അവളുടെ ഈ ഓട്ടത്തിന് കാരണമാകുന്നില്ല.മകളെ എത്രയും പെട്ടന്ന് ഒരു കരയെത്തിക്കണം എന്ന ചിന്ത ആ നടത്തത്തില്‍ (ഓട്ടത്തില്‍) കാണാനുണ്ട്.

ഈ ഓട്ടത്തിനിടയില്‍ തന്നെ പറ്റി ചിന്തിക്കാന്‍ അവള്‍ മറന്നു പോകുന്നു. സിനിമയില്‍ എം എന്‍ എന്ന കഥാകൃത്തിന്റെ(പ്രേംപ്രകാശ്) ഒരു ചോദ്യമുണ്ട്
ഭര്‍ത്താവില്ലാതെ ഏറെക്കാലം ജീവിക്കേണ്ടി വരുന്ന സ്ത്രീകളില്‍ ഒരു പുരുഷന്റെ കൂട്ട് വേണമെന്ന ചിന്തയുണ്ടാകില്ലേയെന്ന്. മകളെക്കുറിച്ചുള്ള ചിന്തയല്ലാതെ മറ്റൊന്നും തനിക്ക് തോന്നിയിട്ടില്ലെന്നാണ് ‘മിന്നാമിനുങ്ങ്’ അതിന് നല്‍കുന്ന മറുപടി.

പരാജയപ്പെടുന്ന ചില ആക്രമണങ്ങള്‍ (ജോലി സ്ഥലത്ത് അവള്‍ അറിയാതെയും, ഡോക്ടറുടെ വീട്ടിലും ) കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകാന്‍ സ്ത്രീയെ പ്രേരിപ്പിക്കണം എന്ന കാര്യം ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സ്വന്തം മകള്‍ അവളുടെ സുഖത്തിനായി അമ്മയെ വഞ്ചിക്കുമ്പോഴും,അതറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന അമ്മ (നമ്മുടെ അമ്മമാരെ പോലെ തന്നെ) തിരിച്ചടിയുണ്ടാകുമ്പോഴും തളരാതെ നില്‍ക്കുന്ന മിന്നാമിനുങ്ങിലെ പോലെ നട്ടെല്ലുള്ള സ്ത്രീ കഥാപാത്രം മലയാളത്തില്‍ അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. ഇനിയല്ലേ ജീവിക്കേണ്ടത് എന്നാണ് അവര്‍ ചോദിക്കുന്നത്.എല്ലാം അറിഞ്ഞിട്ടും ഇഷ്ടപെട്ടവന്റെ കൂടെ ജീവിക്കാന്‍ തന്റെ എല്ലാമെല്ലാമായ അമ്മയോട് കള്ളം പറയുന്ന മകള്‍ , രണ്ടു തലമുറയുടെ അന്തരമാണ് ചിത്രത്തില്‍
കാണിക്കുന്നത് ഒരിക്കലെങ്കിലും അവള്‍ പോകാതിരുന്നെങ്കില്‍ എന്നാശിക്കാത്ത പ്രഷകനുണ്ടാകില്ല എന്നാല്‍ മകള്‍ അമ്മയെ വിട്ട് (കള്ളം പറഞ്ഞ് ) കാമുകന്റെ കൂടെ പോകുന്നു.

കുറേ വര്‍ഷം ജീവിച്ചിരുന്നിട്ട് അതിനെല്ലാം ഒരര്‍ഥമുണ്ടായി എന്ന തോന്നലുണ്ടാവുന്നിടത്താണ് യഥാര്‍ഥ സന്തോഷം എന്ന ഓര്‍പ്പെടുത്തലുകൂടിയാകുന്നു മിന്നാമിനുങ്ങ്.

മിന്നാമിനുങ്ങിന്റെ വീട്ടിലെ പശുവിനും കോഴിക്കും പോലും പേരുണ്ട് എന്നാല്‍ സിനിമയില്‍ അങ്ങോളമിങ്ങോളം പരതിയാലും അവള്‍ക്കൊരു പേരില്ല അല്ലങ്കില്‍ തന്നെ എന്തിനാണ് ഒരു പേര് . സഹനത്തിന്റെയും ആര്‍ദ്രതയുടെയും മൂര്‍ത്തീമത്ഭാവമായ അമ്മക്ക് പേരിന്റെ ആവശ്യമില്ലല്ലോ. ഇഷ്ടമുള്ളതൊന്നും ചെയ്യണ്ട എന്നല്ല അമ്മ പറയുന്നത് ആവശ്യത്തിന് എന്ന സംഭാഷണ ശകലവും ആ രംഗവും ഒരു ചെറുനോവ് കാണികളുടെ നെഞ്ചിലുയര്‍ത്തും.

ആരെയും കുറ്റപ്പെടുത്താതെ ആരാണോ കബളിപ്പിച്ചത് അവരുടെ പക്ഷത്ത് നിന്നുകൂടിയും കാര്യങ്ങളെ വിലയിരുത്തുന്നുണ്ട് ‘മിന്നാമിനുങ്ങ്’

കോഴിക്കോട് ശ്രീ തിയറ്ററില്‍ നിന്ന് സിനിമ കഴിഞ്ഞിറങ്ങുമ്പോള്‍ ഒട്ടേറെ യുവതികളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് കണ്ടു.അത്രക്ക് ഹൃദയഹാരിയായാണ് മിന്നാമിനുങ്ങ് നമ്മുടെ ഇടയിലേക്ക് എത്തിയിരിക്കുന്നത് . വന്‍കിട ചിത്രങ്ങളെ മാത്രം കാണാതെ ഇത്തരം ജീവിത ചിത്രങ്ങള്‍ കൂടി കാണാന്‍ ശ്രമിക്കാം…

Leave a Reply