Home » നമ്മുടെ കോഴിക്കോട് » തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ കോഴിക്കോട് കോർപറേഷൻ

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ കോഴിക്കോട് കോർപറേഷൻ

തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കാന്‍ നഗരത്തിലെ വഴിയോരങ്ങളില്‍ കിടന്നുറങ്ങുന്നവരുടെ വിശദമായ വിവരശേഖരണം നടത്തുന്നതിനു കോര്‍പറേഷന്‍ രാത്രികാല സര്‍വേ നടത്തുന്നു. ഇതിന്റെ ഉദ്ഘാടനം ഇന്ന് രാത്രി 9.30നു മൊഫ്യൂസില്‍ സ്റ്റാന്‍ഡില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിക്കും.
കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം ജീവനക്കാരും ദേശീയ നഗര ഉപജീവന യജ്ഞം (എന്‍യുഎല്‍എം) പദ്ധതിയുടെ ജീവനക്കാരും ഉള്‍പ്പെടുന്ന എട്ട് ടീമുകളാണ് കോര്‍പറേഷനിലെ 75 വാര്‍ഡുകളിലും സര്‍വേ നടത്തുക. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ മൂന്ന് വരെ നഗരത്തിലെ മുഴുവന്‍ പ്രദേശത്തും സര്‍വേ നടത്തും. നഗരത്തിലെ ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട പദ്ധതി എന്നതിന്റെ ഭാഗമായാണ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുക.
കേന്ദ്ര പാര്‍പ്പിട-ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ കീഴില്‍ രാജ്യത്തെ നഗരസഭകളിലെ ദാരിദ്ര്യലഘൂകരണത്തിനായി നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിയായ ദീനദയാല്‍ ഉപാധ്യായ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന യജ്ഞത്തിന്റെ ഭാഗമായാണ് തെരുവില്‍ അന്തിയുറങ്ങുന്നവര്‍ക്ക് പാര്‍പ്പിടം ഒരുക്കുന്നത്.
കേരളത്തില്‍ സംസ്ഥാന നഗരകാര്യ വകുപ്പ്, കുടുംബശ്രീ സംസ്ഥാന മിഷന്‍ മുഖേന സംസ്ഥാനത്തെ 93 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയിലെ ഒരു പ്രധാന ഘടകമാണ് ‘നഗരത്തിലെ ഭവനരഹിതര്‍ക്കുള്ള പാര്‍പ്പിട പദ്ധതി’. നഗരത്തിലെ ഭവനരഹിതര്‍ക്കു നല്‍കുന്ന കിടപ്പാടം സ്ഥിരമായതും, എല്ലാ കാലാവസ്ഥയിലും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നതുമാകണം.
ഒരു ലക്ഷം നഗര ജനസംഖ്യയുള്ളിടത്ത് ഏറ്റവും കുറഞ്ഞത് 100 പേര്‍ക്ക് താമസിക്കാവുന്ന സ്ഥിരസ്വഭാവമുള്ള സമൂഹ-കിടപ്പാടം എന്ന രീതിയില്‍ പാര്‍പ്പിടങ്ങള്‍ ഒരുക്കണം എന്നതാണ് എന്‍യുഎല്‍എം മാര്‍ഗരേഖ നിര്‍ദേശിക്കുന്നത്.
ജനസംഖ്യ ആറ് ലക്ഷത്തില്‍ കൂടുതലുള്ള നഗരമായ കോഴിക്കോട്ട് ചുരുങ്ങിയ രീതിയില്‍ ആറ് ഷെല്‍ട്ടറുകള്‍ സ്ഥാപിക്കാവുന്നതാണ്. ഓരോ ഷെല്‍ട്ടറുകളും തദ്ദേശ സാഹചര്യങ്ങളെ ആശ്രയിച്ച് 50 മുതല്‍ 100 പേര്‍ക്കു വരെ താമസിക്കാവുന്നതായിരിക്കണം.
പൊതു അടിസ്ഥാന സൗകര്യങ്ങളായ ശുചിത്വ സംവിധാനങ്ങള്‍, വൈദ്യുതി, അടുക്കളകള്‍, പൊതുവിശ്രമ വിഹാരങ്ങള്‍ എന്നീ സൗകര്യങ്ങള്‍ ഷെല്‍ട്ടറുകളില്‍ ഉണ്ടായിരിക്കും. പാര്‍പ്പിടങ്ങള്‍ ഭവനരഹിതര്‍ ഒത്തുകൂടുന്ന ഇടത്തിനും അവരുടെ ജോലിസ്ഥലത്തിനും അടുത്തായിരിക്കണമെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

Leave a Reply