ലോകത്ത് നിലവിലുള്ള ഭരണ സംവിധാനങ്ങളില്‍ മികച്ചതാണ് ജനാധിപത്യ ഭരണ സംവിധാനം. പക്ഷേ ജനാധിപത്യത്തിന് വലിയ ഒരു ദൗർബല്യമുണ്ട്. എല്ലായ്പ്പോഴും അത് ജനഹിതത്തെ പ്രതിഫലിപ്പിച്ചു കൊള്ളണമെന്നില്ല എന്നതാണ് ആ ദൗർബല്യം.
ബീഹാറിൽ ബി.ജെ. പി യെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുക എന്നതായിരുന്നു അവിടുത്തെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജനഹിതം. ആ ജനഹിതത്തെ അട്ടിമറിച്ചാണ് ബി.ജെ.പി നിയന്ത്രിക്കുന്ന ഒരു ഭരണകൂടം ഇന്ന് ബീഹാറിൽ ചുമതല ഏറ്റിരിക്കുന്നത്. ഭൂരിപക്ഷം ജനങ്ങളുടെ അഭിലാഷം അട്ടിമറിക്കപ്പെട്ടിരിക്കുന്നു.തെരഞ്ഞെടുപ്പു കാലത്ത് ആർ. ജെ.ഡിയും ജനതാ ദൾ (യു) വും ബീഹാറിലെ ജനങ്ങൾക്ക് മുന്‍പാകെ അവതരിപ്പിച്ചത് ബി.ജെ.പി വിരുദ്ധ പോരാട്ടത്തിന്റെ വലിയ ഒരു സന്ദേശമായിരുന്നു. ആ രാഷ്ട്രീയ നീക്കത്തിനാണ് ബീഹാർ ജനത മാൻഡേറ്റ് നൽകിയതും. ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായി ജനങ്ങള്‍ തിരഞ്ഞെടുത്തത് ആര് ജെ ഡി യെ ആയിരുന്നു.എന്നിട്ടും സഖ്യ കക്ഷിയായ ജനതാദൾ നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കാൻ ആർ. ജെ. ഡി തയ്യാറായി.
ഇപ്പോൾ നിതീഷ് കുമാര്‍ വഞ്ചിച്ചിരിക്കുന്നത് ബീഹാറിലെ ജനങ്ങളെ മാത്രമല്ല, ഇന്ത്യയില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ പോരാട്ടം തുടങ്ങിവെച്ച കോടികണക്കിന് ജനാധിപത്യ വിശ്വാസികളെ കൂടിയാണ്.
പക്ഷേ ഒന്നോര്‍ക്കണം..ബീഹാറിലെ തിരിച്ചടികളില്‍ തളരുന്നതല്ല ഇന്ത്യന്‍ ജനാധിപത്യം. ഇതിലും വലിയ വെല്ലുവിളികള്‍ നേരിട്ടാണ് ഇന്ത്യ ഇന്ന് കാണുന്ന ഇന്ത്യയായത്. രാഷ്ട്രീയ ചൂതാട്ടങ്ങളെ അതിജീവിച്ച് ഫാഷിസ്റ്റ് കരങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്ന രാഷ്ട്രീയ മുന്നേറ്റത്തിന് രാജ്യം സാക്ഷിയാവുക തന്നെ ചെയ്യും.
