മലയാളി അത്ലറ്റ് പി.യു ചിത്രയെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്. ദേശീയ അത്ലറ്റിക് ഫെഡറേഷനും കേന്ദ്ര സര്‍ക്കാരിനുമാണ് ഇതുസംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. 1500 മീറ്റർ ഓട്ടത്തിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നു. കേസിന്റെ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും.
നേരത്തെ ചിത്ര നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. അത്ലറ്റിക് ഫെഡറേഷനാണ് പി.യു ചിത്രയെ ഉള്‍പ്പെടുത്തേണ്ട കാര്യം തീരുമാനിക്കേണ്ടതെന്നും ഫെഡറേഷന്റെ തീരുമാനത്തില്‍ തങ്ങൾക്ക് കൈകടത്താനാവില്ലെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നിലപാടിൽ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയായിരുന്നു ലോകചാമ്പ്യന്‍ഷിപ്പിനുള്ള എന്‍ട്രികള്‍ അയക്കേണ്ട അവസാന ദിവസം. ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും ഓഗസ്റ്റ് ആറിന് തുടങ്ങുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചിത്രയ്ക്ക് കഴിയുമോ എന്ന് ഉറപ്പില്ല.
നേരത്തെ ഭുവനേശ്വറില്‍ നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിട്ടും പി.യു ചിത്രയെ ഇന്ത്യന്‍ സംഘത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ വന്‍ പ്രതിഷേധമാണുണ്ടായത്. ലോകനിലവാരത്തേക്കാള്‍ എത്രയോ താഴെയാണ് ചിത്രയുടെ പ്രകടനം എന്ന് ചൂണ്ടിക്കാട്ടിയാണ് മലയാളി താരത്തെ അത്ലറ്റിക് ഫെഡറേഷന് ഒഴിവാക്കിയത്. ഏഷ്യന്‍ മീറ്റിലെ സ്വര്‍ണം ലോകചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയായി കണക്കാക്കാനാകില്ലെന്നും ചിത്ര അയോഗ്യയായതിനാലാണ് ലണ്ടനിലേക്ക് കൊണ്ടുപോകാത്തതെന്നും ഫെഡറേഷന് കേന്ദ്ര കായിക മന്ത്രാലയത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു