Home » എഡിറ്റേഴ്സ് ചോയ്സ് » ട്വിറ്ററുള്ളിടത്തോളം കാലം ചന്തൂനെ തോൽപ്പിക്കാനാവില്ല മക്കളെ….

ട്വിറ്ററുള്ളിടത്തോളം കാലം ചന്തൂനെ തോൽപ്പിക്കാനാവില്ല മക്കളെ….

ഔട്ട് സ്‌പോക്കൺ

പറയുന്നത് മറ്റാരുമല്ല നമ്മുടെ കുമ്മനം രാജശേഖരനാണ്. റോമാ സാമ്രാജ്യം കത്തിയെരിയുമ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയെ കുറിച്ച് നമ്മളെല്ലാം കേട്ടപോലെ പാർട്ടിയാപ്പീസിനു നേരെ, അതും സംസ്ഥാന കമ്മറ്റി ഓഫീസിനു നേരെ ആക്രമണം ഉണ്ടായപ്പോൾ ട്വീറ്റ് ചെയ്യാൻ ഓടിയ നേതാവിനെ പറ്റിയും ഇനി വരും തലമുറ കേൾക്കുമായിരിക്കും. സംഗതി നമ്മക്ക് വായിക്കാൻ അറിയാഞ്ഞിട്ടോ വീണ കിട്ടാഞ്ഞിട്ടൊന്നുമല്ല മെട്രോ റെയിൽ ഉദ്ഘാടനത്തിനുപോയപോലെ ഇനി വിദേശ രാജ്യത്തേക്കെങ്ങാൻ ഒരു ക്ഷണം വന്നാലോ? ക്ഷണം വേണമെന്നില്ല അവസരം ആയാലും മതി. ‘എനിക്ക് മലയാളത്തിൽ മാത്രമല്ലടാ ഇഗ്ളീഷിലും ഉണ്ട് പിടി’ എന്ന് കേന്ദ്രത്തിലുള്ളോരൊക്കെ അറിയട്ടെ അവരാണെങ്കിൽ ദേശാടനക്കിളിയെ പോലെ നാടുചുറ്റുന്നവരുമാണ്. ‘കിട്ടിയാൽ ഊട്ടി പോയാൽ ചട്ടി’ എങ്ങനെ ഉണ്ട് ഐഡിയ. നട്ടപ്പാതിരക്ക് വെയിലുദിച്ചു എന്നപോലെ ഒരിക്കലും ശരിയാകാതെ കിടന്ന ക്യാമറ എല്ലാം ഒപ്പിയെടുത്തത് ഭാഗ്യം വരുന്നതിന്റെ സൂചനയെന്നു കരുതുന്നതും തെറ്റൊന്നുമല്ലലോ. ഇനി എങ്ങാനും ബിരിയാണി കൊടുത്താലോ? ഇംഗ്ളീഷിൽ കല്യാണക്കത്തടിച്ചിട്ട് മലയാളത്തിൽ ക്ഷണിക്കുന്ന മലയാളികളുള്ളപ്പോൾ കുമ്മനത്തിന്റെ ഇഗ്ളീഷ് ട്വീറ്റിനെ കുറ്റം പറയാനുമൊക്കില്ല.
ഇനി ട്വീറ്റൊന്നു വായിച്ചു നോക്കാം

Friends, I am safe- they couldn’t kill me this time too.Each attack serves to strengthen our resolve in fighting #LeftistTerror

ഇതിനെ നമുക്കൊന്ന് തർജമ ചെയ്തു നോക്കാം
”സുഹൃത്തുക്കളെ, ഞാന്‍ സുരക്ഷിതനാണ്.
അവര്‍ക്ക് ഇത്തവണയും എന്നെ കൊല്ലാന്‍ കഴിഞ്ഞില്ല.ഓരോ ആക്രമണവും നമ്മുടെ പോരാട്ടത്തിന് കരുത്ത് പകരുകയാണ്.”

തലയിൽ ആപ്പിള് വീണപ്പോൾ ഐസക് ന്യൂട്ടന് ഗുരുത്വാകർഷണ കണ്ടെത്താനായപോലെ പാർട്ടിയാപ്പീസ് ആക്രമണം കൊണ്ട് ഉണ്ടായ ഒരു ഗുണം കുമ്മനത്തിന്റെ വിശാല മനസ് മറ്റുള്ളോർക്ക് കണ്ടെത്താനായി എന്നതാണ് പ്രിയ പാർട്ടി പ്രവർത്തകരെ എന്നതിന് പകരം സുഹൃത്തുക്കളെ എന്ന് അഭിസംബോധന ചെയ്തതിലൂടെ അത് മനസ്സിലാകുന്നുണ്ട്. പാർട്ടിക്കാരോട് മാത്രം പറഞ്ഞിട്ട് കാര്യമില്ലെന്നു തോന്നിയത് കൊണ്ടല്ല എന്നൊന്നും വിചാരിച്ചു കളയരുത് കേട്ടോ. കല്യാണ വീട്ടിലെ പാചകക്കാരൻ നോക്കുമ്പോൾ അരി കൂടുതൽ വെന്തു പോയിരിക്കുന്നു. സംഗതി അത്ര പന്തിയല്ലെന്ന് കണ്ട പാചകക്കാരൻ അടുത്തുള്ള പൊട്ടക്കിണറ്റിലേക്കു ഒരു ചാട്ടം… ശബ്ദം കേട്ട് എല്ലാരും ഓടിക്കൂടി പാചകക്കാരനെ രക്ഷിക്കാൻ ശ്രമം തുടങ്ങിയപ്പോൾ അതീവ ഗൗരവത്തോടെ പാചകക്കാരൻ പറഞ്ഞു ‘ ന്നെ ങ്ങള് നോക്കേണ്ട ആദ്യം അരി പോയി നോക്കീ അതിപ്പം വെന്തു പോവും’ ജോലിക്കിടയിൽ  കിണറ്റിൽ വീണുപോയിട്ടും പാചകക്കാരൻ സ്വന്തം ജോലിയെ കുറിച്ച് വേവലാതിപ്പെട്ടപ്പോൾ കല്യാണപെണ്ണ്  മാത്രമല്ല അവരുടെ അമ്മൂമ്മ വരെ  പൊട്ടിക്കരഞ്ഞ കഥയുണ്ട്, അതെ പോലെ തനിക്കു നേരെ ഉണ്ടായ ആക്രമണം നമ്മുടെ പോരാട്ടത്തിന് കരുത്തുപകരുമെന്ന്‌ പറയുന്ന ഒരു നേതാവിനെ ഇനി മഷിയിട്ടു നോക്കിയാൽ കാണുമോ? ഒരിക്കലും ഇല്ല.

ആക്രമണത്തിന് ശേഷം അറസ്റ്റിലായവർ പോലീസുകാരോട് പറഞ്ഞത്രേ ‘പറ്റിക്കാനാണെങ്കിലും ക്യാമറ കേടാണെന്നു പറയരുതെന്ന് പറ സാറെന്ന്’

Leave a Reply