ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പി.യു ചിത്രയ്ക്ക് അവസരം നഷ്ടപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എ.സി മൊയ്തീന് രംഗത്ത്. പിടി ഉഷയുടെയും അഞ്ജു ബോബി ജോര്‍ജ്ജിന്റെയും പങ്ക് സംശയാസ്പദമെന്ന് മന്ത്രി എസി മൊയ്തീന് വ്യക്തമാക്കി. പാലക്കാട്ടെ ചിത്രയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
‘വളരെ ബോധപൂര്‍വ്വം ചിത്രയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് ഹൈക്കോടതി വിധിയിലൂടെ വ്യക്തമായിരിക്കുകയാണ്. നേരത്തെ പറഞ്ഞത് ചിത്രയ്ക്ക് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് യോഗ്യതയില്ലെന്നാണ്. എന്നാല്‍ ലോക മീറ്റിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിലാണ് ക്രമക്കേട് നടന്നത്’, മന്ത്രി എസി മൊയ്തീന് ആരോപിച്ചു.
പട്ടിക രഹസ്യമായാണ് തയ്യാറാക്കപ്പെട്ടത്. പട്ടിക അവസാന നിമിഷം പ്രസിദ്ധീകരിക്കുകയും ചെയ്തതിലൂടെ അപ്പീല്‍ നല്‍കാനുള്ള ന്യായമായ അവസരം പോലും നഷ്ടപ്പെട്ടിരിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മന്ത്രി വിമര്‍ശിച്ചു.
‘ബോധപൂര്‍വ്വമായ ആസൂത്രണത്തിന്റെ ഭാഗമായാണ് ഇത് സംഭവിച്ചത്. കേരളത്തില്‍ നിന്ന് മലയാളികള്‍ സെലക്ഷന് കമ്മറ്റിയിലുണ്ടായിട്ടും അവര്‍ നീതി പുലര്‍ത്തിയിരുന്നെങ്കില്‍ ചിത്രയ്ക്ക അവസരം നഷ്ടപ്പെടില്ലായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പിടി ഉഷയെയും അഞ്ജു ബോബിജോര്ജ്ജിനെയും ഉദ്ദേശിച്ചാണ് മന്ത്രി ഇത്തരത്തില്‍ പറഞ്ഞത്.
അതേ സമയം താന്‍ തളരില്ലെന്നും കേരളത്തില്‍ നിന്ന് ജോലി കിട്ടിയാല്‍ കുടുംബത്തിന് സഹായകമാകുമെന്നും ചിത്ര മാധ്യമങ്ങളോട് പറഞ്ഞു.ചിത്രയ്ക്ക് വിദേശ പരിശീലനവും സ്കോളര്‍ഷിപ്പും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
മന്ത്രിയുടെ ഫേസ്ബുക്പോസ്റ്
പി യു ചിത്രയെ ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാൻ സാധിക്കില്ല എന്ന ദേശിയ അത് ലറ്റിക് ഫെഡറേഷന്റെ തിരുമാനം തികച്ചും പ്രതിഷേധാർഹമാണ് . ഇതിലുടെ പി യു ചിത്രയ്ക്ക് എതിരെയുള്ള ഗുഢാലോചന പുറത്ത് വന്നിരിക്കുകയാണ്. ഇതിലെ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും. കോടതി വിധി നടപ്പിലാക്കുന്നതിനും ഗൂഢാലോചനക്ക് പിന്നിലുള്ളവരെ തുറന്നു കാട്ടാനും നിയമ വിദഗ്ദ്ധരുമായി അലോചിച്ച് തുടർനടപടികൾ കൈക്കൊള്ളും. കായിക മേഖലയിലെ പുത്തൻ തലമുറയെ തകർക്കുന്ന ഒരു ലോബി ഇതിന്റെ ഭാഗമായി ഉണ്ടോ എന്ന് സംശയിക്കുന്നു. കായിക താരങ്ങൾക്ക് വേണ്ടി അല്ലാതെ സ്വാർത്ഥതാൽപര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അസോസിയേഷനുകളെ നിയന്ത്രിക്കുവാൻ സർക്കാർ തിരുമാനിച്ചിട്ടുണ്ട്. കായിക താരങ്ങളുടെ കൂടെയാണ് സംസ്ഥാന സർക്കാറും കായിക കേരളവും. ആര് ഗുഢാലോചന നടത്തി ചിത്രയെ മാറ്റി നിർത്താൻ ശ്രമിച്ചാലും കായിക കേരളം ചിത്രയ്ക്കൊപ്പമുണ്ടാവും..