ആർഎസ്എസ് കാര്യവാഹക് വിനായകനഗർ കുന്നിൽവീട്ടിൽ രാജേഷി (34)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതികളെല്ലാം പിടിയിൽ. മണികണ്ഠൻ (മണിക്കുട്ടന്) ഉൾപ്പെടെ നാലുപേരെ ഡിവൈഎസ്പി: പ്രമോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ഇയാളെ കൂടാതെ ശ്രീകാര്യം കരുമ്പുകോണം സ്വദേശി പ്രമോദ്, ഗിരീഷ്, മഹേഷ് എന്നിവരാണ് പിടിയിലായത്. അക്രമവുമായി നേരിട്ട് ബന്ധമുള്ള ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കുകൾ കാട്ടാകടയ്ക്ക് സമീപത്തുനിന്നും പൊലീസ് കണ്ടെത്തിയിരുന്നു.
ഐജി: മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുന്നത്. മുൻവിധികളില്ലാതെയാണ് അന്വേഷണമെന്ന് ഐജി പറഞ്ഞു. പ്രതികള്‍ക്ക് വാഹനം സംഘടിപ്പിച്ചുനല്‍കിയവരെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 13 പേരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. അതേസമയം, ശനിയാഴ്ച രാത്രി കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി സ്വകാര്യ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഇന്നലെ രാത്രിയാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നില്‍ സിപിഐഎം ആണെന്നും സിപിഐഎമ്മിന്റെ അക്രമതേര്വാഴ്ചയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ആരോപിച്ചിരുന്നു. എന്നാല്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് യാതൊരു ബന്ധവുമില്ലെന്ന് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങളുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഈ സംഭവമെന്നു കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.