കോഴിക്കോട് നഗരത്തിന്റെ സമഗ്ര വികസനത്തിനായി തയ്യാറാക്കിയ കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍പ്ലാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ പ്രകാശനം ചെയ്തു. കോഴിക്കോട് കോര്പ്പറേഷന്, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികള്‍, ഒളവണ്ണ, കടലുണ്ടി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ സംയോജിപ്പിച്ചാണ് കോഴിക്കോട് അര്‍ബന്‍ ഏരിയ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയത്. 2035 ഓടെ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. കോഴിക്കോടിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ ആദ്യത്തെ മാസ്റ്റര്‍ പ്ലാന്‍ കോഴിക്കോട്ട് നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ചുവട്പിടിച്ച് മറ്റിടങ്ങളിലും വികസനം യാഥാര്‍ത്ഥ്യമാക്കും.
നഗരത്തിന്റെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതിക്കും വ്യവസായ സോണുകള്‍ക്കും പ്രാധാന്യം നല്‍കും. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. കോഴിക്കോട് കോര്പ്പറേഷന് തയ്യാറാക്കിയ ഇന്റലിജന്റ് പ്ലാന്‍ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പാക്കും.കെ.പി. കേശവമേനോന് ഹാളില്‍ നടന്ന ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. റീജ്യണല്‍ ടൗണ്‍ പ്ലാനര്‍ കെ.വി. അബ്ദുള്‍ മാലിക് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എം.എല്‍.എമാരായ എ.കെ. ശശീന്ദ്രന്, പി.ടി.എ. റഹീം, കളക്ടര്‍ യു.വി. ജോസ്, രാമനാട്ടുകര നഗരസഭ ചെയര്മാന് വാഴയില്‍ ബാലകൃഷ്ണന്, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി, കടലുണ്ടി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാര്‍, കോര്പറേഷന് സ്ഥിരം സമിതി ചെയര്മാന്മാരായ കെ.വി. ബാബുരാജ്, എം. രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. കോര്പറേഷന് നഗരകാര്യ സ്ഥിരം സമിതി ചെയര്മാന് എം.സി. അനില്‍കുമാര്‍ സ്വാഗതവും കോര്പറേഷന് അഡീഷണല്‍ സെക്രട്ടറി കെ.പി. വിനയന് നന്ദിയും പറഞ്ഞു.
