Home » ന്യൂസ് & വ്യൂസ് » അക്രമങ്ങള്‍ തുടരില്ലെന്ന് ധാരണ; ഓഗസ്റ്റ് ആറിന് സര്‍വകക്ഷിയോഗം

അക്രമങ്ങള്‍ തുടരില്ലെന്ന് ധാരണ; ഓഗസ്റ്റ് ആറിന് സര്‍വകക്ഷിയോഗം

രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി, ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. അക്രമങ്ങള്‍ തുടരില്ലെന്ന് ചര്‍ച്ചയില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഓഗസ്റ്റ് ആറിന് തിരുവനന്തപുരത്ത് സര്‍വകക്ഷിയോഗം ചേരും. തിരുവനന്തപുരം, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ സമാധാന ചര്‍ച്ച നടത്തും. അക്രമങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കാനും തീരുമാനമായി.

ഇരു കൂട്ടരും അണികളെ ബോധവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കും. അക്രമ സംഭവങ്ങളിൽനിന്ന് ഇരു കൂട്ടരുടെയും അണികൾ ഒഴിഞ്ഞുനിൽക്കുന്നതിനുള്ള ജാഗ്രത പുലർത്തും. തിരുവനന്തപുരത്ത് ഉണ്ടായ സംഭവങ്ങളിൽ സർവകക്ഷിയോഗം ആറിന് വൈകിട്ട് മൂന്നിന് യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനെ കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ആർഎസ്എസ് പ്രാന്ത കാര്യവാഹക് ഗോപാലൻകുട്ടി മാസ്റ്റർ, ഒ. രാജഗോപാൽ എംഎൽഎ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം മുഖ്യമന്ത്രിയും കോടിയേരിയും കുമ്മനവും മാധ്യമപ്രവർത്തകരെ കണ്ട് നിലപാട് വിശദീകരിച്ചു.

തിരുവനന്തപുരത്ത് നടന്നത് അത്യന്തം ദൗർഭാഗ്യകരമാണ്. കൗൺസിലർമാരുടെ വീടുകൾക്കു നേരെയും കോടിയേരിയുടെ മകന്റെ വീടിനുനേരെയും ആക്രമണം ഉണ്ടായി. ഇനി മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടായിരിക്കും. കോട്ടയത്തെയും കണ്ണൂരിലെയും പ്രശ്നങ്ങൾക്ക് അവിടെ ഉഭയകക്ഷി ചർച്ചയുണ്ടാകും. ഏതെങ്കിലും സംഭവങ്ങളിൽ പാർട്ടി ഓഫിസുകളോ സംഘടനാ ഓഫിസുകളോ വീടുകളോ ആക്രമിക്കാൻ പാടില്ലെന്നതു നേരത്തേയുള്ള തീരുമാനമാണ്. അതു നടപ്പാക്കും, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply