Home » അടുക്കള » പാചകവാതകവില ഇനി എല്ലാമാസവും കൂട്ടും

പാചകവാതകവില ഇനി എല്ലാമാസവും കൂട്ടും

വീട്ടാവശ്യത്തിനുള്ള സബ്സിഡിയോടു കൂടിയ പാചകവാതക സിലിണ്ടറിന്റെ വില എല്ലാ മാസവും സിലിണ്ടറിനു നാലു രൂപ വീതം വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 2018 മാർച്ചു വരെയാണ് മാസാമാസം പാചക വില വർധിപ്പിക്കാനുള്ള തീരുമാനം. ഘട്ടംഘട്ടമായി സബ്സിഡി പൂർണമായും നിർത്തലാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ലോക്സഭയെ അറിയിച്ചു. ഒരു ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സബ്സിഡിയുള്ള 14.2 കിലോ സിലിണ്ടറിന് പരമാവധി രണ്ടു രൂപ വരെ വർധിപ്പിക്കാനാണ് എണ്ണക്കമ്പനികൾക്ക് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. മാസാമാസം നാലു രൂപ വീതം വർധിപ്പിക്കുന്നതിലൂടെ, 2018 മാർച്ചോടെ സബ്സിഡി പൂർണമായും നിർത്തലാക്കാനാണ് നടപടിയെന്നും ലോക്സഭയിൽ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് എഴുതിത്തയ്യാറാക്കി നൽകിയ മറുപടിയിൽ മന്ത്രി വ്യക്തമാക്കി. 14.2 കിലോ സിലിണ്ടർ പരമാവധി 12 എണ്ണം വരെയാണ് ഓരോ വീട്ടിലും സബ്സിഡി നിര‍ക്കിൽ ലഭിക്കുക.

സബ്സിഡിയുള്ള പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ഓരോ മാസവും വിലകൂട്ടാൻ നേരത്തേതന്നെ സർക്കാർ തീരുമാനിച്ചിരുന്നു. സബ്സിഡി കുറയ്ക്കുക എന്നതാണു ലക്ഷ്യം. സബ്സിഡികൾ നിർത്തലാക്കാൻ മുൻ യുപിഎ സർക്കാർ ഡീസലിനു പ്രതിമാസം 50 പൈസ വർധിപ്പിച്ചിരുന്നു. പാചകവാതകത്തിന്റെ കാര്യത്തിൽ ഇതേ പാത പിൻതുടരുകയാണു മോദി സർക്കാർ.

Leave a Reply