കെഎസ്ആര്‍ടിസിയില്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം. എഐടിയുസി, ബിഎംഎസ് യൂണിറ്റിലെ ജീവനക്കാര്‍ക്കാണ് സ്ഥലംമാറ്റം. ദൂര സ്ഥലങ്ങളിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്. കഴിഞ്ഞ ദിവസത്തെ പണിമുടക്കില്‍ പങ്കെടുത്തവര്‍ക്കാണ് സ്ഥലംമാറ്റം. എറണാകുളം, കരുനാഗപ്പള്ളി, കൊട്ടാരക്കര ഡിപ്പോകളിലുള്ള ജീവനക്കാരെയാണ് മാറ്റിയത്. സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങി. കരുനാഗപ്പള്ളിയിലെ വെഹിക്കിള്‍ സൂപ്പര്‍വൈസറും സ്ഥലംമാറ്റിയതില്‍ ഉള്‍പ്പെടുന്നു.
അതേസമയം സ്ഥലംമാറ്റിയത് പ്രതികാരനടപടിയാണെന്ന് എഐടിയുസി ആരോപിച്ചു. സമരത്തിന് മുന്‍കൂര്‍ നോട്ടീസ് നല്‍കിയിരുന്നെന്നും അവര്‍ അറിയിച്ചു.
ശമ്പളവും പെൻഷനും മുടങ്ങുന്നതിൽ പ്രതിഷേധിച്ചും ഡ്യൂട്ടി പരിഷ്കരണത്തിനെതിരേയുമായിരുന്നു ഇന്നലത്തെ പണിമുടക്ക്. ശരാശരി ഒരു ഡിപ്പോയിൽ 10 സർവീസുകൾ വരെ മുടങ്ങിയെന്നാണു കണക്ക്. പണിമുടക്ക് കണക്കിലെടുത്തു അധികൃതർ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. മാത്രമല്ല ഇന്നലെ അവധി എടുക്കുന്നത് ഡയസ് നോണ്ആയി കണക്കാക്കുമെന്നും എം പാനൽ ജീവനക്കാരെ പിരിച്ചു വിടുമെന്നും മുന്നറിയിപ്പും നൽകിയിരുന്നു.