Home » ന്യൂസ് & വ്യൂസ് » ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യും

ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരിയെ ചോദ്യം ചെയ്യും. ദിലീപിന്റെ മാനേജരും ഡ്രൈവറുമായ അപ്പുണ്ണിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. വിഷ്ണുവില്‍ നിന്നും കത്തു വാങ്ങിയ ശേഷം ദിലീപിന്റെ സഹോദരിയുടെ ഫോണിലേക്ക് വിളിച്ചെന്ന് അപ്പുണ്ണി. ഫോണില്‍ സംസാരിച്ചത് ദിലീപാണെന്ന് സംശയിക്കുന്നു.

സുനി നടന്‍ മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പരിചയമുണ്ടെന്ന് അപ്പുണ്ണി മൊഴി നല്‍കിയിരുന്നു. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ല. ഇവര്‍ കൂടിക്കാഴ്ച നടത്തിയതായും അറിയില്ലെന്നും അപ്പുണ്ണി അന്വേഷണസംഘത്തിന് മുമ്പാകെ മൊഴി നല്‍കി.

സുനില്‍ ജയിലില്‍ നിന്ന് വിളിച്ചപ്പോള്‍ ദിലീപ് അടുത്തുണ്ടായിരുന്നു. പരിചയമില്ലാത്ത ഭാവത്തില്‍ ഫോണില്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ്. ദിലീപ് പറഞ്ഞതനുസരിച്ചാണ് സുനിയോട് സംസാരിച്ചത്. സുനി പറഞ്ഞ കാര്യങ്ങള്‍ ദിലീപിനെ അറിയിച്ചു. എന്നാല്‍ ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോയെന്ന് അറിയില്ല. കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂര്‍ ടാക്‌സി സ്റ്റാന്റില്‍ പോയിരുന്നു. ഗൂഢാലോചനയെ കുറിച്ച് അറിയില്ലെന്നും അപ്പുണ്ണി മൊഴി നല്‍കി. അതേസമയം അപ്പുണ്ണിയെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് അപ്പുണ്ണി ആലുവ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അപ്പുണ്ണി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച ഹാജരാകണമെന്ന കോടതി ഉത്തരവു നിലനില്‍ക്കുന്നതിനാല്‍ മാധ്യമങ്ങളെല്ലാം അപ്പുണ്ണിയെ കാത്ത് ആലുവ പൊലീസ് ക്ലബിനു മുന്നിലുണ്ടായിരുന്നു. 11 മണിയോടുകൂടി ഇയാള്‍ ഹാജരാകുമെന്നായിരുന്നു പൊലീസ് വൃത്തങ്ങളില്‍നിന്നുള്ള സൂചന. ഈ പശ്ചാത്തലത്തില്‍ അപ്പുണ്ണിയെത്തിയാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള തയാറെടുപ്പുകളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ പൊലീസ് ക്ലബ്ബിനു മുന്നില്‍ നിലയുറപ്പിച്ചത്.

അതിനിടെയാണ് പൊലീസ് ക്ലബിന്റെ പ്രധാന വഴിയില്‍നിന്നു മാറി മറ്റൊരു വഴിയില്‍ അപ്പുണ്ണിയോടു മുഖസാദൃശ്യമുള്ള ഒരാള്‍ എത്തിയത്. അപ്പോള്‍ സമയം രാവിലെ 10.40. മൊബൈല്‍ നോക്കിയെത്തിയ ഇയാളോട് അപ്പുണ്ണിയാണോ എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ അതേയെന്നു മറുപടി. ഇതോടെ മാധ്യമപ്രവര്‍ത്തകരെല്ലാം ഇയാള്‍ക്കു ചുറ്റും കൂടി. തിക്കിത്തിരക്കിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടെ പൊലീസ് ക്ലബിന്റെ ഗേറ്റ് തുറന്ന് ഇയാള്‍ അകത്തു പ്രവേശിച്ചു. പൊലീസെത്തി ഇയാളെ അകത്തേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.

Leave a Reply