Home » കലാസാഹിതി » സംഘബോധത്തിന് തകർക്കാൻ കഴിയാത്ത സംഘി ബോധങ്ങളില്ല

സംഘബോധത്തിന് തകർക്കാൻ കഴിയാത്ത സംഘി ബോധങ്ങളില്ല

റഫീഖ് ഇബ്രാഹിം

കോഴിക്കോട്ടെ സഹൃദയരായ ചില സുഹൃത്തുക്കൾ മുൻ കൈയെടുത്ത് ആഗസ്ത് 12 മുതൽ 14 വരെ ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി എന്ന പേരിൽ ഒരു പൊതു കൂട്ടായ്മ സംഘടിപ്പിക്കുകയാണ്.
ജനാധിപത്യം ഒരു സാധ്യതയായി വികസിപ്പിച്ചെടുക്കേണ്ട, ലിബറൽ പ്ലാറ്റ്ഫോമുകൾ, പൊതു ഇടങ്ങൾ എന്നിവ വീണ്ടെടുക്കുകയോ നിർമ്മിക്കുകയോ ചെയ്യേണ്ടുന്ന സുപ്രധാനമായ ഒരു ചരിത്ര ഘട്ടത്തിലാണ് പൊതുവെ നാം. തൊണ്ണൂറുകളിൽ, ഒരു പക്ഷേ ഇന്ത്യൻ ഫാഷിസം ഘടനാപരമായി ഇത്രമേലാഴത്തിൽ നിമിഷ നേരം കൊണ്ട് വളരുമെന്ന് സാമാന്യബുദ്ധിക്ക് തിരിച്ചറിയാൻ കഴിയാത്ത ഘട്ടത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ചു കൊണ്ടു തന്നെ ഭിന്നഭിന്നങ്ങളായ ലിബറൽ/ലെഫ്റ്റ് പ്ലാറ്റ് ഫോമുകൾ രൂപപ്പെട്ടിരുന്നു. പോസ്റ്റ് ബാബരി ഇറയിൽ വർഗീയതക്കെതിരെ നാടൊട്ടുക്ക് അവർ നടത്തിയ സൂക്ഷ്മമായ പ്രതിരോധ പ്രവർത്തനങ്ങളുണ്ട്. ഇന്ന് കേരളത്തിന്റെ പൊതു രാഷ്ട്രിയ ബൗദ്ധിക രംഗങ്ങളിൽ സാംസ്കാരിക രാഷ്ട്രീയത്തിന്റെ പ്രസക്തി തിരിച്ചറിയുന്നതിൽ നമ്മെ മോൾഡ് ചെയ്തെടുത്തത് അവരുടെ കൂട്ടായ്മകൾ കൂടിയാണ്. മുഖ്യധാരക്ക് പുറത്തുള്ള മാർക്സിസ്റ്റുകളോ ലിബറൽ രാഷ്ട്രീയ പ്രവർത്തകരോ പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകരോ നേതൃത്വം കൊടുത്ത ഇത്തരം കൂട്ടായ്മകൾ കാലം അതാവശ്യപ്പെടുന്ന ഘട്ടത്തിലെത്തിയപ്പോഴേക്ക് നിശബ്ദമാക്കപ്പെടുകയോ ജഢാവസ്ഥയിലെത്തുകയോ ഉണ്ടായി.
സാംസ്കാരിക പ്രവർത്തകരുടെ ഏതെങ്കിലും തരത്തിലുള്ള ഭയമല്ല ഇത്തരമൊരു നിശബ്ദതക്ക് കാരണമെന്ന് തോന്നുന്നു. നിശ്ചയമായും പരിമിതികൾ എന്തെല്ലാമുണ്ടെങ്കിലും സംഘപരിവാറിന്റെ മടയിൽ കയറി ആക്രമിക്കാൻ മലയാള ബൗദ്ധികതയ്ക്ക് ഇപ്പോഴും വലിയ പേടിയൊന്നുമില്ല. കൽബുർഗി വധത്തെത്തുടർന്നുള്ള രാഷ്ട്രീയ നിലപാടുകൾ മുതൽ മാതൃഭൂമിയിൽ കഴിഞ്ഞയാഴ്ച്ച വന്ന മീരയുടെ കഥകൾ വരെ അത് വെളിവാക്കുന്നുമുണ്ട്.പ്രശ്നം മറ്റൊന്നാണ്, ഘടനാ വാദാനന്തരതയുടെ ചുവട് പിടിച്ച് മലയാളത്തിലുമാവിഷ്കിക്കപ്പെട്ട പോസ്റ്റ് മോഡേണിസത്തിന്റെ എല്ലിന്റെടേൽ കുത്തൽ, അവർ തുറന്നു കൊടുത്ത സാധുതാവത്കരണത്തെ സൈദ്ധാന്തികമായുപയോഗിക്കാൻ കഴിയുന്ന വ്യക്തിവാദ രാഷ്ട്രീയം ഒരു വശത്തും പൊതുവോ / ഉൾക്കൊള്ളുന്നതോ ആയ എല്ലാ ഇടങ്ങളെയും ഗ്രാൻഡ് നരേറ്റീവെന്ന ഡെറിഗേറ്ററി സംജ്ഞയുപയോഗിച്ച് അകമേ ഭിന്നിപ്പിക്കുന്ന ഛിദ്രത മറുവശത്തുമായി പകർന്നാടിയ ഉത്തരാധുനികത. സെക്യുലറിസമോ ഡെമോക്രസിയോ ലിബറൽ എന്ന പരികൽപ്പനയോ മോഡേണിറ്റിയെ തന്നെയോ സംശയാസ്പദമോ നിന്ദാപരമോ ആയവതരിപ്പിക്കുന്നതിൽ കുറച്ച് കാലം കൊണ്ടവർ നേടിയ വിജയമാണ് വാസ്തവത്തിൽ പൊതു ഇടങ്ങളുടെ പിൻമാറ്റത്തിന് പ്രധാന കാരണങ്ങളിലൊന്ന്. കീഴാളതയോടോ അധികാരത്തിന്റെ അപനിർമ്മാണത്തോടോ ചേരാൻ രാഷ്ട്രീയമായാഗ്രഹിക്കുന്നവരെ മുഴുവൻ പൊതു ഇടങ്ങളെക്കുറിച്ച് സംശയമുള്ളവരാക്കാൻ അവർക്ക് കഴിഞ്ഞു. ഫെസ്റ്റിവലോഫ് ഡെമോക്രസിക്കെതിരായും പോ മോ ക്യാമ്പുകൾ വഴി താത്വിക ഭിന്നതകൾ ഉയർന്നു കഴിഞ്ഞതായി മനസിലാക്കുന്നു. ജനാധിപത്യം എന്ന സങ്കൽപ്പനത്തിന്റെ സൂക്ഷ്മ വൈരുധ്യങ്ങളിലാണ് ഊന്നൽ.
അപ്പുറത്തുള്ളത് പ്രീ മോഡേണായ ഒരു തത്വ വിചാരത്തെയും അതിന്റെ നീതി/ലാവണ്യത്തെയും പിൻതുടരുന്ന ഒരു കൂട്ടം അപരിഷ്കൃതത്വമാണെന്നിരിക്കെ മോഡേൺ കൽപ്പനകളുടെ വൈരുധ്യങ്ങളിൽ പിടിച്ച് ഭിന്നിപ്പുണ്ടാക്കുന്നവൻമാര് സംഘിന് കഞ്ഞി വെക്കുകയാണ്. എല്ലാ താത്വിക വൈരുധ്യങ്ങളും തീർത്തു കഴിഞ്ഞിട്ട് ഞങ്ങളും കൂടാം എന്നതൊരു തന്ത്രമാണ്, അവർക്കറിയാം ഒരിക്കലും കൂടേണ്ടി വരില്ലെന്ന്.
ജനാധിപത്യത്തിൽ മതേതരത്വത്തിൽ നൈതിക വിചാരങ്ങളിൽ ഒന്നിച്ചു നിൽക്കാമെന്ന് ഉറപ്പുള്ളവരുടെ കൂടെ കൈ ചേർക്കൽ കാലത്തിന്റെ രാഷ്ട്രീയമാണ്. ഞാനുണ്ടാവും മൂന്ന് നാൾ കോഴിക്കോട്, കഴിയുന്നവർ പങ്കെടുക്കുമല്ലോ.
സംഘബോധത്തിന് തകർക്കാൻ കഴിയാത്ത സംഘി ബോധങ്ങളില്ല.

Leave a Reply