മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ന്ന വിഷയത്തില്‍ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി രാജേഷിനെതിരെ നടപടി. വി.വി രാജേഷിനെ സംഘടനാ ചുമതലകളില്‍നിന്ന് മാറ്റി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് രാജേഷിനെതിരെ നടപടി സ്വീകരിച്ചത്. കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് നടപടിയെന്നാണ് സൂചന.
വ്യാജ രസീതുമായി ബന്ധപ്പെട്ട വാര്‍ത്ത ചോര്‍ത്തിയതിന് യുവമോര്‍ച്ച നേതാവ് പ്രഫുല്‍ കൃഷ്ണയ്ക്കെതിരെയും നടപടിയുണ്ട്. ബി.ജെ.പിയുടെ സംസ്ഥാനത്തെ നിലനില്‍പ്പിനെത്തന്നെ ചോദ്യംചെയ്യുന്ന വിവാദത്തില്‍നിന്ന് മുഖം രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി.
സ്വകാര്യ മെഡിക്കല്‍ കോളേജിന് കേന്ദ്ര അനുമതി ലഭിക്കുന്നതിനുവേണ്ടി മെഡിക്കല്‍ കോളേജ് ഉടമയില്‍നിന്ന് 6.5 കോടിരൂപ കോഴവാങ്ങിയെന്ന പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടിയുടെ സഹകരണ സെല്‍ കണ്‍വീനര്‍ ആര്.എസ് വിനോദിനെ പുറത്താക്കിയിരുന്നു. അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതിന്റെ പേരിലാണ് നേതാക്കള്‍ക്കെതിരായ നടപടി.
അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ സാധിക്കാതിരുന്നത് വന്‍ വീഴ്ചയായാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. കോര്‍ കമ്മിറ്റി യോഗത്തില്‍ എം.ടി. രമേശ് തെളിവ് സഹിതം ഉന്നയിച്ച പേരുകളാണ് നടപടിക്കായി കേന്ദ്രത്തിന്റെ പരിഗണനയ്ക്കു വിട്ടത്. അന്വേഷണ കമ്മിഷന് അധ്യക്ഷന്‍ കെ.പി. ശ്രീശന്, അംഗം എ.കെ.നസീര്‍, സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം.
അന്വേഷണ കമ്മിഷന് അംഗമായിരിക്കെ റിപ്പോര്‍ട്ട് പുറത്തുവിട്ട എ.കെ.നസീറിനെതിരെ ഇ-മെയില്‍ പകര്‍പ്പ് സഹിതമാണ് രമേശ് പരാതി ഉന്നയിച്ചത്. കമ്മിഷന് അധ്യക്ഷന്‍ കെ.പി. ശ്രീശനും റിപ്പോര്‍ട്ടിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കാനായില്ലെന്നു പരാതിയുണ്ട്. എ.കെ. നസീര്‍ തന്റെ ഹോട്ടലിന്റെ ഇ-മെയില്‍ ഐഡിയിലേക്കയച്ച റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയത് സംസ്ഥാന സെക്രട്ടറി വി.വി. രാജേഷാണെന്നും കേന്ദ്രത്തിനു കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.