Home » ന്യൂസ് & വ്യൂസ് » നടിക്കെതിരായ പരാമര്‍ശം: പിസി ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമെന്ന് സ്പീക്കര്‍

നടിക്കെതിരായ പരാമര്‍ശം: പിസി ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമെന്ന് സ്പീക്കര്‍

ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പി.സി.ജോര്‍ജ് എംഎല്‍എയുടെ ആവര്‍ത്തിച്ചുള്ള പ്രസ്താവനകള്‍ക്കെതിരെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. പിസി ജോര്‍ജിന്റെ നിലപാട് മനുഷ്യത്വവിരുദ്ധമാണെന്ന് സ്പീക്കര്‍ പറഞ്ഞു. ജോര്‍ജിനെതിരെ സ്പീക്കര്‍ എന്ന നിലയില്‍ സാധ്യമായ എല്ലാ നടപടികള്‍ സ്വീകരിക്കും. ഉന്നത പദവി വഹിക്കുന്നവര്‍ നിരുത്തരവാദപരമായി പെരുമാറരുതെന്നും അദ്ദേഹം പറഞ്ഞു. നടിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ പി.സി.ജോര്‍ജ് ആവര്‍ത്തിച്ചതിനോടാണ് സ്പീക്കറുടെ പ്രതികരണം.

നടിക്കെതിരായ പരാമര്‍ശങ്ങളില്‍ പി.സി.ജോര്‍ജിനെ സ്പീക്കര്‍ നേരത്തെയും വിമര്‍ശിച്ചിരുന്നു. വിടുവായത്തം സകല അതിരും കടന്നിരിക്കുകയാണെന്നും സാംസ്കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ചുതുപ്പലാണ് പിസി ജോർജ് ഇപ്പോൾ ചെയ്യുന്നതെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. മുഖത്ത് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‍വഴക്കമുണ്ട് ആരും അത് മറക്കരുതെന്നും സ്പീക്കർ പറഞ്ഞു.

നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്നതായി പി.സി ജോര്‍ജ് ഇന്നലെ വ്യക്തമാക്കിയിരുന്നു. നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞു. പരാതിയെ ഭയപ്പെടുന്നില്ല. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്. സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു. തനിക്കെതിരെ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാടു കടുപ്പിച്ച് ജോര്‍ജിന്റെ രംഗപ്രവേശം.

യോഗ്യത ഇല്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നത്. പല തവണ തോറ്റവരെയല്ല കമ്മീഷന്റെ തലപ്പത്ത് ഇരുത്തേണ്ടത്. തനിക്കെതിരെ ഒരു കുന്തവും ചെയ്യാന്‍ കഴിയില്ലെന്നും പി.സി ജോര്‍ജ്. പറഞ്ഞു. നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ പരാതി നല്‍കുന്നതെന്തിനാണെന്നും പി.സി. ജോര്‍ജ് ചോദിച്ചു.

ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് എനിക്കറിയില്ല. എനിക്ക് അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണ്. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നത്. ഇരയെ അറിഞ്ഞുകഴിഞ്ഞാല്‍ നടിയെക്കുറിച്ച് ഞാന്‍ പറയാം. സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതിയെന്നും പി.സി. ജോര്‍ജ് പറഞ്ഞിരുന്നു.

Leave a Reply