Home » ന്യൂസ് & വ്യൂസ് » പി.വി അന്‍വറിന്റെ ചെക് ഡാം പൊളിച്ചു മാറ്റാന്‍ കലക്ടറുടെ നിര്‍ദേശം

പി.വി അന്‍വറിന്റെ ചെക് ഡാം പൊളിച്ചു മാറ്റാന്‍ കലക്ടറുടെ നിര്‍ദേശം

പി.വി അന്‍വര്‍ എം.എല്‍.എ നിര്‍മിച്ച ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടറുടെ നിര്‍ദേശം . ഇറിഗേഷന്‍ വകുപ്പിനാണ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. നേരത്തെ പൊതു മരാമത്ത് വകുപ്പിന് ചെക് ഡാം പൊളിച്ചുമാറ്റാന്‍ കലക്ടര്‍ ഭാസ്‌കരന്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പൊതുമരാമത്ത് ഫയല്‍ വൈകിപ്പിച്ചു. ചെക് ഡാം പൊളിച്ചു മാറ്റാന്‍ ആവശ്യമായ സാങ്കേതിക സംവിധാനമില്ലെന്നാണ് കാരണം പറഞ്ഞത്.

ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെ തുടര്‍ന്നാണ് സാങ്കേതിക സംവിധാനങ്ങളില്ലെന്ന മറുപടി പൊതുമരാമത്ത് വകുപ്പ് കലക്ടര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന് ഉത്തരവ് കൈമാറിയെന്ന് കലക്ടര്‍ അറിയിച്ചു.

ഇതിനിടെ പി.വി. അന്‍വറിന്റെ വാട്ടര്‍ തീം പാര്‍ക്കിന് അനുമതി നല്‍കിയത് കൂടരഞ്ഞി പഞ്ചായത്ത് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. പാര്‍ക്കിന് ആവശ്യമായ രേഖകളുണ്ടെന്നും നാടിന് ഗുണകരമായ പദ്ധതിയാണെന്നും ഉപസമിതി കണ്ടെത്തിയിരുന്നു. സിപിഐഎം, കോണ്‍ഗ്രസ് പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉപസമിതി റിപ്പോര്‍ട്ട് പുറത്ത്.

പാര്‍ക്കിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ജൂണ്‍ 11നാണ് പഞ്ചായത്ത് ഉപസമിതി പാര്‍ക്ക് സന്ദര്‍ശിച്ചത്. പഞ്ചായത്ത് പ്രസിഡന്റും സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിനിധികളും സെക്രട്ടറിയും ഉള്‍പ്പെട്ട ഉപസമിതിയുടെ കണ്ടെത്തല്‍ പാര്‍ക്കിന് അനുകൂലമായിരുന്നു. മതിയായ രേഖകള്‍ ഇല്ലാതെ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചതിന് പിഴ ഈടാക്കാന്‍ നിര്‍ദ്ദേശം ഉപസമിതി പക്ഷേ, പാര്‍ക്കിന് അനുമതി നല്‍കാനും ശുപാര്‍ശ ചെയ്യുന്നുണ്ട്.

ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെയും അനുമതിയും പാര്‍ക്കിനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പറയുന്നുണ്ട്. കാലാവധി കഴിഞ്ഞ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ സര്‍ട്ടിഫിക്കറ്റ് പുതുക്കാനും ഹാജരാക്കിയ രേഖകളുടെ ആധികാരികത ഉറപ്പാക്കാനും പ്രത്യേകം നിര്‍ദ്ദേശമുണ്ട്. മാത്രമല്ല, പാര്‍ക്കിന്റെ പ്രവര്‍ത്തനം നാടിന് ഗുണകരമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയാണ് പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി റദ്ദാക്കിയ വിവരം അറിയിച്ചാല്‍ പാര്‍ക്കിന് നോട്ടീസ് അയക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നു. ഉപസമിതി റിപ്പോര്‍ട്ട് ലംഘിച്ച് സെക്രട്ടറി അനുമതി നല്‍കിയെന്ന ആരോപണം ഇതോടെ പൊളിയുകയാണ്, കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്

Leave a Reply