ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കുമുള്ള യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കൂടുതല്‍ ട്രെയിനുകളും, ഗള്‍ഫ് നാടുകളില്‍ നിന്ന് കൂടുതല്‍ ഫ്ലൈറ്റുകളും കേരളത്തിലേക്ക് അനുവദിക്കുവാന്‍ കേന്ദ്ര റെയില്‍വേമന്ത്രിക്കും സിവില്‍ വ്യോമയാനമന്ത്രിക്കും മുഖ്യമന്ത്രി കത്തുകളയച്ചു.
ഇക്കൊല്ലം ഓണത്തോടൊപ്പം ബക്രീദും വരുന്നതിനാല്‍ കുടുംബത്തോടൊപ്പം നാട്ടിലേക്ക് വരുന്നവരുടെ തിരക്ക് കൂടുതലായിരിക്കും. തിരക്ക് മുന്‍കൂട്ടിക്കണ്ട് കൂടുതല്‍ കെ.എസ്.ആര്.റ്റി.സി. ബസ് സര്‍വീസുകള്‍ ആരംഭിക്കുവാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെയൊപ്പം ബംഗ്ലൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്ന് ഓഗസ്റ്റ് 25നും സെപ്റ്റംബര്‍ 10നും ഇടയ്ക്കുളള ദിവസങ്ങളില്‍ കേരളത്തിലേയ്ക്കും തിരിച്ചും സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്ര റെയ്ല്വേമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
ഗള്‍ഫ് നാടുകളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള വിമാനസര്‍വീസുകളുടെ യാത്രാനിരക്കുകള്‍ വര്‍ദ്ധിക്കുവാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണം. സീറ്റുകള്‍ അധികമായി അനുവദിക്കുകയാണെങ്കില്‍ യാത്രാനിരക്കുകള്‍ കുത്തനെ ഉയര്‍ത്തുന്ന പ്രവണത നിയന്ത്രിക്കുവാന്‍ കഴിയും. ഓഗസ്റ്റ് 27നും സെപ്റ്റംബര്‍ 15നും ഇടയ്ക്കുളള ദിവസങ്ങളില്‍ വിദേശ വിമാനക്കമ്പനികള്‍ക്ക് ഉഭയകക്ഷി ധാരണപ്രകാരം കൂടുതല്‍ സീറ്റുകള്‍ അനുവദിക്കണം. വിമാനക്കമ്പനികള്‍ കൂടുതല്‍ ഫ്ലൈറ്റ് ഏര്‍പ്പെടുത്താന്‍ തയ്യാറാണെങ്കില്‍ അനുമതി നല്‍കാമെന്നാണ് മെയ് 15ന് വിമാനക്കമ്പനി പ്രതിനിധികളുടെ യോഗത്തില്‍ സിവില്‍ വ്യോമയാന സെക്രട്ടറി ഉറപ്പ് നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഇക്കഴിഞ്ഞ ജൂണ്‍ 23ന് സിവില്‍ വ്യോമയാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചിരുന്നു.
മെയ് 15ന്റെ തിരുവനന്തപുരത്തെ യോഗത്തിന് ശേഷം ഷാര്‍ജയിലേക്ക് കൂടുതല്‍ ഫ്ലൈറ്റ് ഓപ്പറേറ്റ് ചെയ്യാന്‍ എയര്‍ഇന്ത്യ എക്സ്പ്രസ്സിന് മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്. ഓഗസ്റ്റ് 28നും സെപ്റ്റംബര്‍ 1നും ഇടയ്ക്ക് കൂടുതല്‍ ഫ്ലൈറ്റ് ഏര്‍പ്പെടുത്താന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് എയര്‍ അറേബ്യ വ്യോമയാന മന്ത്രാലയത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുവാന്‍ സാധിച്ചത്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
