Home » ധനം » സ്മാര്‍ട്ട് സിറ്റി മിഷന്റെ അവസാന പട്ടികയില്‍ ഇടംനേടാന്‍ കോഴിക്കോട്

സ്മാര്‍ട്ട് സിറ്റി മിഷന്റെ അവസാന പട്ടികയില്‍ ഇടംനേടാന്‍ കോഴിക്കോട്

കേന്ദ്ര സര്‍ക്കാറിന്റെ നഗര വികസന പദ്ധതിയായ സ്മാര്‍ട്ട് സിറ്റി മിഷന്റെ അവസാന പട്ടികയില്‍ ഇടംനേടാന്‍ കോഴിക്കോട്. സംസ്ഥാനത്തെ മറ്റ് രണ്ടു പ്രധാന സിറ്റികള്‍ ഇതില്‍ ഇടം നേടിയപ്പോള്‍ കോഴിക്കോട് പിറകിലാണുള്ളത്. സംസ്ഥാനത്ത് നാലാം സ്ഥാനത്തായിരുന്ന കോഴിക്കോട് സ്മാര്‍ട്ട് സിറ്റി മിഷനില്‍ ഉള്‍പ്പെടുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്.
ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ഓരോ അഞ്ചു വര്‍ഷം കൂടുമ്പോഴും 100 കോടി രൂപ ലഭിക്കും. നിലവില്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ അടല്‍ മിഷനിലുള്ള ആനുകൂല്യങ്ങളാണ് കോഴിക്കോടിനു ലഭിക്കുന്നത്. ദേശീയ തലത്തിലുള്ള മത്സരത്തിലൂടെയാണ് നഗരങ്ങളെ തെരഞ്ഞെടുക്കുന്നത്.ഒട്ടേറെ ഘടകങ്ങള്‍ പരിഗണിച്ചാണ് ഇത്. നിലവില്‍ സ്മാര്‍ട്ട് സിറ്റി മിഷനിലേക്ക് രാജ്യത്തെ 90 നഗരങ്ങളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ബാക്കിയുള്ള പത്തു നഗരങ്ങളില്‍ ഒന്നാകാന്‍ കോഴിക്കോടിനു കനത്ത മത്സരം നേരിടേണ്ടിവരും.
സ്മാര്‍ട്ട് സിറ്റി മത്സരത്തില്‍ 2015-ല്‍ സംസ്ഥാനത്ത് കോഴിക്കോട് നാലംസ്ഥാനത്തായിരുന്നു. ഒന്നാം സ്ഥാനത്ത് കൊച്ചിയും രണ്ടാം സ്ഥാനത്ത് തിരുവനന്തപുരവുമായിരുന്നു. തൃശൂരായിരുന്നു മൂന്നാം സ്ഥാനത്ത്. തിരുവനന്തപുരവും കൊച്ചിയും സ്മാര്‍ട്ട് സിറ്റി മിഷന്റെ അവസാന പട്ടികയില്‍ കയറിയിട്ടുണ്ട്.കോഴിക്കോട് രണ്ടു ഘട്ട മത്സരത്തിലും പങ്കെടുത്തിരുന്നു.നഗരത്തില്‍ നടത്തിയ വികസന പ്രവൃത്തികളുടെ പട്ടികയും സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്തുനിന്ന് സ്മാര്‍ട്ട് സിറ്റികളെ കണ്ടെത്തുന്ന പട്ടികയിലേക്ക് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് കോര്‍പറേഷനുകളുടെയും കണ്ണൂര്‍, മലപ്പുറം മുനിസിപ്പാലിറ്റികളുടെയും പേരാണ് സംസ്ഥാനം നിര്‍ദേശിച്ചിരുന്നത്.കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം ഒട്ടേറെ മാറ്റങ്ങള്‍ വന്നതിനാല്‍ കോഴിക്കോട് അവസാന പട്ടികയില്‍ കയറുമെന്ന നിലപാടണ് നഗരാസൂത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ക്കുള്ളത്.2035 വരെയുള്ള മാസ്റ്റര്‍പ്ലാന്‍ തയാറക്കിയ നഗരമാണ് കോഴിക്കോട്. കൊച്ചി, തിരുവനന്തപുരം കോര്‍പറേഷനുകള്‍ക്കു ഇത്തരമൊരു മാസ്റ്റര്‍പ്ലാനില്ല. ഇ-ഗവേണന്‍സിന്റെ കാര്യത്തിലും മറ്റു നഗരസഭകളെ അപേക്ഷിച്ച് കോഴിക്കോട് എത്രയോ മുന്നിലാണ്. കെട്ടിട നിര്‍മാണ അനുമതിക്ക് പുതിയ സോഫ്റ്റ്‌വെയര്‍ സംവിധാനത്തിന്റെ ട്രയല്‍ റണ്‍ കഴിഞ്ഞിട്ടുണ്ട്. ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലും കോഴിക്കോട് എത്രയോ മുന്നിലാണെന്ന് ഉദ്യേഗസ്ഥര്‍ പറയുന്നു

Leave a Reply