Home » നമ്മുടെ മലപ്പുറം » ഫിറ്റും ഹിറ്റുമാണ് ജോയി

ഫിറ്റും ഹിറ്റുമാണ് ജോയി

പാവാടയുടെ തിരക്കഥ പൃഥ്വിരാജ് മൂന്ന് തവണ തിരുത്തി എന്ന് വെണ്ടക്കാ അക്ഷരത്തില്‍ മലയാളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വാര്‍ത്ത വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ചിത്രം തിയ്യേറ്ററിലേക്ക് എത്തിയത്. അതിനു മുമ്പേ തന്നെ പാവാടയുടെ ഓഡിയോ ലോഞ്ചിന് പൃഥ്വിരാജ് പറഞ്ഞത് സംവിധായകന്‍ മാര്‍ത്താണ്ഡനും മണിയന്‍ പിള്ള രാജുവും പാവാടയ്ക്ക് മുമ്പ് മൂന്ന് തിരക്കഥകളുമായി തന്നെ സമീപിച്ചിരുന്നെങ്കിലും ഇതല്ല നമ്മള്‍ ഒന്നിക്കുന്ന സിനിമ എന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്നാണ്. എന്തായാലും വെണ്ടക്കാ തലവാചകം എന്നെ തെറ്റിദ്ധരിപ്പിച്ചില്ലെങ്കിലും ചിത്രത്തിന്റെ ട്രെയിലറും സമീപകാലത്ത് പൃഥ്വിരാജ് എന്ന നടന്റെ തുടര്‍ച്ചയായ വിജയങ്ങളും പാവാട കാണണം എന്ന തീരുമാനത്തിലെത്തിച്ചിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ഛാദിന്‍ തുടങ്ങിയ ക്ലാസിക് ഹിറ്റുകള്‍ ഒരുക്കിയ ജി മാര്‍ത്താണ്ഡന്‍ എന്ന പേര് അല്‍പം പേടിപ്പിച്ചെങ്കിലും പാവാടയ്ക്ക് ടിക്കറ്റെടുക്കാന്‍ പൃഥ്വിരാജ് എന്ന നടന്‍ തന്നെ ധാരാളമായിരുന്നു. ബിബിന്‍ ചന്ദ്രന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രത്തില്‍ പാല പൂവരണി സ്വദേശി ആയ പാമ്പ് ജോയി എന്ന കഥാപാത്രമായി പൃഥ്വിരാജും പാവാട ബാബു എന്ന കഥാപാത്രമായി അനൂപ് മേനോനും വേഷമിടുന്നു. പാമ്പും പാവാടയും തമ്മിലുള്ള ബന്ധവും പാമ്പിനെയും പാവാടയെയും സംബന്ധിക്കുന്ന പാവാട എന്ന പേരിന് പുറകിലെ കഥയുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സ്റ്റാര്‍ എണ്ണി ബാറുകള്‍ പൂട്ടുന്നതിന് മുമ്പുള്ള കേരളത്തിലാണ് കഥ നടക്കുന്നത്. സമീപകാലത്ത് കൊട്ടകയിലെത്തിയ നീനയിലെ പോലെ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങള്‍ കാണിച്ച് കുടിയന്മാരെ ഉദ്‌ബോധിപ്പിക്കുന്ന ചിത്രമല്ല പാവാട. എന്നാല്‍ മദ്യപാനത്തിന്റെ ദൂഷ്യ വശങ്ങള്‍ ചിത്രത്തിലുണ്ടുതാനും. പ്രായഭേദമന്യേ എല്ലാവരും കൊതിക്കുന്ന സിനിമ എന്ന മായിക പ്രപഞ്ചത്തിലെ ചില ഉള്ളുകളികളാണ് പാവാടയുടെ കാതല്‍. വെള്ളിത്തിര എന്ന ചിത്രത്തില്‍ എരുമത്തടം ജോസ് എന്ന ജഗതി ശ്രീകുമാര്‍ കഥാപാത്രം പാവാട എന്ന സിനിമയുടെ പ്രദര്‍ശനത്തെ കുറിച്ച് നല്‍കുന്ന മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ട്. അന്ന് സ്‌റ്റൈല്‍ രാജ് കാരണം എരുമത്തടം ജോസില്‍ പ്രദര്‍ശിപ്പിക്കാതെ പോയ അതേ ‘ എ’ ക്ലാസ് പാവാട തന്നെയാണ് ഈ പാവാട. സമീപകാലത്ത് അനൂപ് മേനോന്‍ എന്ന നടന് ലഭിച്ച നല്ല കഥാപാത്രങ്ങളിലൊന്നാണ് പാവാട ബാബു. ചിത്രത്തിലെ മികച്ച പ്രകടനവും അനൂപിന്റെത് തന്നെ. ആദ്യ പകുതിയില്‍ പൃഥ്വിരാജിന്റെ പാമ്പു ജോയി അല്‍പം അമിതാഭിനയം പ്രകടിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ താന്തോന്നിയിലെ വടക്കന്‍ വീട്ടില്‍ കുഞ്ഞൂഞ്ഞിന്റെ ബാധ കയറുന്നത് പോലെ. എന്നാല്‍ കുരുത്തക്കേടിന്റെ കൂടാണേ എന്ന ഗാനരംഗത്തില്‍ ജോയി തകര്‍ത്താടി. ബിപിന്‍ ചന്ദ്രന്റെ തിരക്കഥ മികവു പുലര്‍ത്തി. ആദ്യ പകുതിയിലെ കോമഡികളും രണ്ടാം പകുതിയിലെ പ്രധാന കഥാസന്ദര്‍ഭങ്ങളും പ്രേക്ഷകരിലേക്ക് സംവദിക്കുന്നുണ്ട്. എന്നാല്‍ സിനിമയിലെ കോടതി രംഗങ്ങള്‍ ഇനിയെങ്കിലും യഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തണം. എല്ലാ ചിത്രങ്ങള്‍ക്കും നിര്‍ണായകം പോലെ ആവാനാവില്ലെങ്കിലും കോടതി രംഗങ്ങള്‍ സ്വാഭാവികത കൊണ്ടുവരാന്‍ ശ്രമിക്കാം. തിരക്കഥയിലെഴുതിയത് എത്ര മികച്ച രംഗങ്ങളാണെങ്കിലും സംവിധായകന്റെ കഴിവുകേട് അതിനെ തോല്‍പ്പിച്ച് കളയും. ക്യാമറയില്‍ പകര്‍ത്തുന്നതെല്ലാം സിനിമയാണെന്ന ധാരണ മാര്‍ത്താണ്ഡന്‍ തിരുത്തിയില്ലെങ്കില്‍ ഇനിയും പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരും. മിയ, പ്രേമത്തിലെ ഗിരിരാജന്‍ കോഴി(ഷറഫുദ്ദീന്‍),സുധീര്‍ കരമന, നെടുമുടി വേണു, ആശാ ശരത്ത്, ചെമ്പന്‍ വിനോദ്, സുനില്‍ സുഖദ, കുഞ്ചന്‍, മണിയന്‍പിള്ള രാജു, ഷാജോണ്‍, സിദ്ധിഖ്, മഞ്ജു വാര്യര്‍ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. മാര്‍ത്താണ്ഡന്റെ സിനിമാ ചരിത്രം നോക്കാതെ അദ്ദേഹവുമായി സഹകരിക്കാന്‍ പൃഥ്വിരാജ് കാണിച്ച ധൈര്യം തിരക്കഥയുടെ ഉറപ്പുകൊണ്ട് മാത്രമാണ്. ക്ലൈമാക്‌സ് അടക്കമുള്ള പല രംഗങ്ങളും ക്ലീഷേ ആണെങ്കിലും ഒരു വാണിജ്യ സിനിമയ്ക്ക് തിയറ്ററില്‍ പിടിച്ച് നില്‍ക്കാനാവുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ട്. പാട്ടുകള്‍ അത്ര മികച്ചത് എന്ന് പറയാനാകില്ലെങ്കിലും സംഗീതത്തിനും പ്രണയത്തിനും പ്രാധാന്യം ഇല്ലാത്ത ഒരു കച്ചവട സിനിമയില്‍ പ്രതീക്ഷിക്കാവുന്ന നിലവാരം പാട്ടുകള്‍ക്കുണ്ട്. ഗോപിസുന്ദറിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തോട് ഇഴചേര്‍ന്നിരുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തിയ മഞ്ജുവിന്റെ കഥാപാത്രങ്ങള്‍ ഉപദേശി പട്ടം ചൂടിയയാണെന്നാണ് വ്യാപക ആക്ഷേപം. എന്നാല്‍ പറഞ്ഞ ഡയലോഗില്‍ ഒരൊറ്റ ഉപദേശം പോലും നിരത്താത്ത മഞ്ജു വാര്യര്‍ ചിത്രം എന്ന ബഹുമതി പാവായ്ക്കുണ്ട്. മാത്രമല്ല മഞ്ജുവിന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിന് ഇത്രയും കൈയ്യടി നേടിയ ചിത്രം സമീപകാലത്ത് ഉണ്ടായിട്ടില്ല. ”ഞാന്‍ ഇതുവരെ എടുത്തതില്‍ ഏറ്റവും വലിയ സിനിമയാണ് പാവാട” എന്ന് നിര്‍മ്മാതാവ് മണിയന്‍പിള്ള രാജു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ശരിയാണ് രണ്ടേ മുക്കാല്‍ മണിക്കൂറിലധികം ചിത്രത്തിന് വലിപ്പമുണ്ട്. പക്ഷെ അത് സംവിധായകന്‍ മാര്‍ത്താണ്ഡന്റെയും എഡിറ്ററുടെയും പിടിപ്പ് കേട് എന്നല്ലാതെ എന്ത് പറയാന്‍. എന്തായാലും ഇനിയുള്ള സിനിമകളില്‍ റെക്കോര്‍ഡ് മറികടക്കാന്‍ ശ്രമിക്കാതിരിക്കുക, വെറുതെ വലിച്ച് ഇഴയ്ക്കുന്ന ഭാഗങ്ങള്‍ തിയ്യേറ്ററിലെ തണുപ്പിലിരുന്ന് മരവിച്ച് കാണാന്‍ ഇച്ചിരി ബുദ്ധിമുട്ട് ഉണ്ട്.

Leave a Reply