സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി ഹൈക്കോടതി ഇടക്കാല ഉത്തരവ്. അഞ്ച് ലക്ഷം രൂപ ഫീസും ആറ് ലക്ഷം രൂപ ബോണ്ടും സമര്‍പ്പിച്ച് പ്രവേശനം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. ഈ മാസം 31ന് അകം പ്രവേശനം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. 24നും 26നുമായി കൗണ്‍സലിങ് നടത്തണം. 27ന് അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം. 29ന് പ്രവേശനത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ച് 31ന് ഉള്ളില്‍ മെഡിക്കല്‍ പ്രവേശനം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശം.
സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നു. മാനേജ്മെന്റുകളുടെ കൈയ്യിലെ കളിപ്പാവയായി സര്‍ക്കാര്‍ മാറുന്നുവെന്ന് കോടതി വിമര്‍ശിച്ചു. ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ നിന്ന് ഫ്യൂഡല്‍ സമീപനം പ്രതീക്ഷിച്ചില്ല. എന്‍ട്രന്‍സ് കമ്മീഷണര്‍ സൗകര്യപൂര്‍വ്വം കോടതി വിധികള്‍ വളച്ചൊടിക്കുന്നു. ചില കോളേജുകളെ സഹായിക്കാനായി ശ്രമം നടക്കുന്നതായി കോടതിക്ക് സംശയമുണ്ട്. ഇങ്ങനെയെങ്കില്‍ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്നും കോടതി താക്കീത് നല്കി. വിദ്യാര്‍ത്ഥികളുടെ ഭാവിയെ കുറിച്ച് സര്‍ക്കാര്‍ ചിന്തിക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
സ്വാശ്രയ വിഷയത്തില്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും അവസ്ഥ ചിന്തിക്കുന്നില്ലെന്നും ഫീസ് പ്രശ്നം കുഴഞ്ഞു മറിഞ്ഞിരിക്കുകയാണെന്നും ഹെെക്കോടതി ഇന്നലെ നിരീക്ഷിച്ചിരുന്നു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും മാനേജ്മെന്റുകള്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്നലെ കോടതി നടത്തിയത്. എന്‍ആര്‍ഐ സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.