മുക്കം: സ്വന്തമായി കിടപ്പാടമില്ലാതെ ദുരിത ജീവിതം നയിക്കുന്നവര്‍ക്ക് ഭവനമൊരുക്കി മുക്കം മണാശ്ശേരി എം.എ.എം.ഒ കോളജ്. പന്നൂളി കോളനിയില്‍ മാളുവിന്റെ കുടുംബത്തിനാണ് എന്‍ എസ് എസ് യൂണിറ്റ് വീട് നിര്‍മിച്ചു നല്‍കിയത്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് മരണപ്പെട്ട മാളുവിന് പ്ലസ് ടുവിന് പഠിക്കുന്ന ഒരു മകളും നാലാം തരത്തില്‍ പഠിക്കുന്ന ഒരു മകനുമാണുള്ളത്. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ ഷെഡില്‍ ഭയത്തോടെ കഴിഞ്ഞിരുന്ന മാളുവിന് സുരക്ഷിതമായ വീട്ടില്‍
ഇനി സമാധാനത്തോടെ ഉറങ്ങാം.
കോളജിലെ എന്‍.എസ്.എസ് യൂണിറ്റ് അംഗങ്ങളുടെയും അധ്യാപകരുടെയും ആശയമായ ‘ഹോം ഫോര്‍ ഹോം ലെസ്സ് ‘ എന്ന പദ്ധതിയിലൂടെ.അഞ്ചു ലക്ഷത്തോളം രൂപ സമാഹരിച്ച് നിര്‍മിച്ച ഏഴാമത്തെ ഭവനമാണ് മാളുവിന്റെ കുടുംബത്തിനായി ഒരുക്കിയത്.
പൂര്‍വ്വ വിദ്യാര്‍ത്ഥികളും എന്‍ എസ് എസ് വിദ്യാര്‍ത്ഥികളും കൈമെയ് മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഒരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ മാളുവിന് അധികകാലം കാത്തിരിക്കേണ്ടി വന്നില്ല. 5 മാസം കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മുക്കം , മണാശ്ശേരി പ്രദേശങ്ങളിലെ സുമനസ്സുകള്‍ എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സന്മനസ്സ് കണ്ടറിഞ്ഞ് സഹായഹസ്തവുമായി വന്നപ്പോള്‍ പ്രതീക്ഷിച്ചതിലും നേരത്തെ മാളുവിന് വീടായി.
ആഗസ്ത് 22 ന് ചൊവ്വാഴ്ച വൈകുന്നേരം നടന്ന താക്കോല്‍ ദാന ചടങ്ങില്‍ കോഴിക്കോട് ജില്ലാ
കലക്ടര്‍ യു വി ജോസ് മുഖ്യാഥിതിയായി , പ്രോഗ്രാം കണ്‍വീനര്‍ ഡോ. ടി സി സൈമണ്‍ പദ്ധതി വിശദീകരിച്ചു , പ്രിന്‍സിപ്പാള്‍ ഡോ അബൂബക്കര്‍ മങ്ങാട്ടു ചാലില്‍, പിടിഎ പ്രസിഡന്റ് പി കെ അബ്ദുള്‍ റസാഖ് , പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ.ബന്ന ചെന്നമംഗലൂര്‍ എന്നിവര്‍ സംസാരിച്ചു.
എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഒ എം അബ്ദു റഹിമാന്‍ സ്വാഗതവും ശ്രീ. ഒ ലുക്ക്മാന്‍ നന്ദിയും പറഞ്ഞു.
വരും വര്‍ഷങ്ങളിലും പദ്ധതി തുടരാനാണ് എന്‍ എസ് എസ് അധികൃതരുടെ തീരുമാനം. വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങില്‍ ഇനിയും ഭവന രഹിതരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
റിപ്പോര്‍ട്ട് ആനന്ദ് കെ എസ്