Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് എനിക്ക് മറക്കാനാവാത്ത നാട്; ദിവ്യ ഭാരതി

കോഴിക്കോട് എനിക്ക് മറക്കാനാവാത്ത നാട്; ദിവ്യ ഭാരതി

തോട്ടിപ്പണിക്കാരുടെ ജീവിതം ആസ്പദമാക്കി നിര്‍മിച്ച കക്കൂസ് എന്ന ഹ്രസ്വസിനിമയുടെ പേരില്‍ ആക്രമണം നേരിടുകയാണ് ദിവ്യ ഭാരതി എന്ന സാമൂഹ്യപ്രവര്‍ത്തക. 14 പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ട്. പോരാത്തതിന് ഫോണ്‍ വഴിയും ഫേസ്ബുക്ക് വഴിയുമുള്ള ഭീഷണികള്‍ വേറെയും. ദിവ്യയുടെ സിനിമ പള്ളാര്‍ സമുദായത്തെ അപമാനിക്കുന്നതാണ് എന്നാരോപിച്ച് ഒരു വിഭാഗം രംഗത്ത് വന്നു. ഇവരുടെ പ്രാതിനിധ്യം അവകാശപ്പെടുന്ന പുതിയ തമിഴകം എന്ന പാര്‍ട്ടിയും അതിന്റെ നേതാവ് കൃഷ്ണസ്വാമിയുമാണ് ദിവ്യക്കെതിരെ കടുത്ത ആക്ഷേപവുമായി രംഗത്ത് വന്നത്. ഈ പാര്‍ട്ടിയാകട്ടെ കഴിഞ്ഞ കുറേ നാളുകളായി ബിജെപി അനുകൂല നിലപാടുകളിലൂടെയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ഗോവധ നിരോധനത്തെ ഇവര്‍ അനുകൂലിച്ചിരുന്നു. എന്തായാലും തന്നെ വേട്ടയാടുന്നത് പുതിയ തമിഴകം മാത്രമല്ല; ബിജെപിയും ആര്‍എസ്എസും കൂടി ചേര്‍ന്നാണെന്ന് ദിവ്യ പറയുന്നു. ദിവ്യ ഭാരതിയുമായി സാംസ്‌കാരിക പ്രവർത്തകനും കോഴിക്കോട് ലോ കോളേജ് വിദ്യാർത്ഥിയുമായ സുബീഷ് ഹൃഷികേശ് നടത്തിയ അഭിമുഖത്തിൽ നിന്ന്

തോട്ടിപ്പണിയിലെ രാഷ്ട്രീയം ദിവ്യ ഭാരതി / സുബീഷ് ഹൃഷികേശ്

കക്കൂസ് എന്ന സിനിമ പുറത്തു വന്നതുമുതൽ നിങ്ങൾ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ് ഒരു സിനിമ ചെയ്തതിനാൽ മാത്രം ഇങ്ങനെ വേട്ടയാടുന്നതിനോടുള്ള പ്രതികരണം

രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളെ എതിർക്കുന്നവർ ഏതുതരത്തിലുള്ളവരാണെന്നു പറയേണ്ടതില്ലല്ലോ അവർ എന്നെയല്ല പേടിക്കുന്നതും നശിപ്പിക്കാൻ ശ്രമിക്കുന്നതും. എന്റെ സിനിമയേയും അത് പറയുന്ന രാഷ്ട്രീയ യാഥാർത്യത്തെയുമാണ്. 2015 ൽ മധുരയിൽ മുനിയാണ്ടി വിശ്വനാഥന്‍ എന്നീ രണ്ട് തൂപ്പപൈണിയാളർ സെപ്റ്റിക് ടാങ്കിൽ വീണു മരിക്കുകയുണ്ടായി അവരുടെ ശവം എടുത്ത് പുറത്ത് കിടത്തുമ്പോൾ ഞാൻ അവിടെ ഉണ്ടായിരുന്നു വല്ലാത്ത ഒരു കാഴ്‌ച ആയിരുന്നു അത്. കുടുംബക്കാരുൾപ്പടെ മൂക്കുപൊത്തി മാറി നിൽക്കുന്നു. ശവശരീരത്തിന്റെ അടുത്ത് പോലും പോകാൻ കഴിയുന്നുണ്ടായിരുന്നില്ല അത്രക്കും ദുർഗന്ധമായിരുന്നു. പെട്ടെന്ന് ആൾക്കൂട്ടത്തിൽ നിന്നും മഹാലക്ഷ്മി എന്ന സ്ത്രീ (ആ കൂട്ടത്തിൽ മരിച്ചു കിടന്ന മുനിയാണ്ടി എന്നയാളുടെ ഭാര്യ) എല്ലാവരെയും തള്ളിമാറ്റി അവരുടെ ഭർത്താവിന്റെ ശവത്തെ കെട്ടിപ്പിടിച്ചു കരയുകയും മുഖത്ത് തുരു തുരെ ഉമ്മകൾ വെയ്ക്കുകയും ചെയ്തു. എനിക്ക് മുഖത്ത് അടിയേറ്റപോലെയായി ആ ദൃശ്യം. ആ കാഴ്ച ദിവസങ്ങളോളം എന്നെ വേട്ടയാടി ആ അനുഭവത്തിൽ നിന്നാണ് ഞാൻ തോട്ടിപ്പണിക്കരെ കുറിച്ച് ആലോചിക്കുന്നതും അവരുടെ ജീവിതങ്ങളിക്ക് ഇറങ്ങിച്ചെല്ലുന്നതും. നടുക്കുന്ന കാഴ്ചയായിരുന്നു അത്. അങ്ങിനെ എത്രയോ കുടുംബങ്ങൾ എന്റെ നാട്ടിലുണ്ടായിരുന്നു ഇങ്ങനെയുള്ള ജീവിതങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് കക്കൂസ് ആ സിനിമയുടെ പേരിലാണ് അവർ എന്നെ വേട്ടയാടുന്നത് മറ്റു ജോലികളെ പോലെയല്ല ഈ ജോലി കൃത്യമായും ജാതിയിൽ ബന്ധപ്പെട്ട ഒന്നായത് കൊണ്ട് കൂടിയാണ് ഞാൻ വേട്ടയാടപ്പെടുന്നത്.

ദിവ്യ ഈ വിഷയത്തെ വളരെ സത്യസന്ധമായാണ് കൈകാര്യം ചെയ്തതെന്ന് ഡോക്യുമെന്ററി കാണുമ്പോൾ മനസിലാകും എന്നിട്ടും തമിഴകം എന്ന ദലിത് സംഘടന രംഗത്ത് വന്നിട്ടുണ്ടല്ലോ

തമിഴ് നാട്ടിൽ ജാതി രാഷ്ട്രീയത്തിനാണ് പ്രാമുഖ്യം. തോട്ടിപ്പണിക്കാരിൽ വലിയ വിഭാഗം അരുന്ധതിയാർ എന്ന ജാതിയാണ്. അവർ തന്നെ ആകെ ദളിത് സമൂഹത്തിന്റെ ആകെ 3% മാത്രമേ വരൂ അവർക്കിടയിൽ തന്നെ ഏകദേശം നാൽപ്പത്തിയഞ്ച് രാഷ്ട്രീയ പാർട്ടികൾ ഉണ്ട്. പുതിയ തമിഴകം എന്ന രാഷ്ട്രീയപാർട്ടി ‘പല്ലാർ’ എന്ന ദളിത് വിഭാഗത്തെ ആശ്രയിച്ചിട്ടുള്ളതാണ്. കൃഷ്ണസാമി എന്ന് പേരുള്ള ഒരാളാണ് ഇതിനു പിന്നിൽ. ഇയാളുടെ ബി ജെ പി ബന്ധം വ്യക്തമാണ്. അവർ പറയുന്ന ന്യായം പല്ലവർ എന്ന വിഭാഗം എപ്പോൾ എസ് സി അല്ല, ബി സി ആയെന്നാണ്. നോക്കൂ ഡോക്യൂമെന്ററികളിൽ പല്ലാർ വിഭാഗത്തിൽ ഉള്ളവർ സംസാരിക്കുന്നതും അവരുടെ ജാതിയും ജോലിയും തുറന്നു പറയുന്നതും നിങ്ങൾ കണ്ടതാണല്ലോ . ദളിതുകളുടെ ഇടയിലുള്ള ഇത്തരം രാഷ്ട്രീയ നേതൃത്വമാണ് അവരെ ചൂഷണം ചെയ്യുന്നതും നശിപ്പിക്കാൻ ശ്രമിക്കുന്നതും. കടലാടി എന്ന സ്ഥലത്ത് ബസ് സ്റ്റാൻഡിലെ പൊതു ശുചിമുറി വൃത്തിയാക്കുമ്പോൾ ബാലമുരുഗൻ എന്നയാൾ മരിച്ചിരുന്നു. കോൺട്രാക്ട് ലേബറിലായിരുന്നു എന്ന കാരണം പറഞ്ഞ് 2013 മാനുവൽ സ്‌കാവഞ്ചേഴ്‌സ് പ്രൊഹിബിഷൻ ആൻറ് റീ -ഹാബിലേഷൻ ആക്ട് പ്രകാരം പത്തു ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടേണ്ടതിനെയും മറികടന്നു മൂന്നു ലക്ഷം രൂപ മാത്രമാണ് നൽകിയത്. അതിൽ തന്നെ ഇരുപതിനായിരം രൂപ ഒരു ദളിത് രാഷ്ട്രീയക്കാരൻ കബളിപ്പിച്ചെടുക്കുകയും ചെയ്തു. ദളിത് രാഷ്ട്രീയപാർട്ടികളെ ‘കട്ടപഞ്ചായത്ത്’ പ്രവർത്തനത്തിനാണ് പല ശക്തികളും ഉപയോഗിക്കുന്നത് നോർത്ത് ഇന്ത്യയിലെ ഖാപ്പ് പഞ്ചായത്ത് പോലെ ദളിതരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് ഉയർന്ന ജാതിക്കാർക്ക് അനുകൂലമായ നടപടികൾ ഇത്തരം കൂട്ടങ്ങൾ നടപ്പിലാക്കുന്നു.

‘മാനുവൽ സ്കാവഞ്ചർ പ്രൊഹിബിഷൻ ആൻഡ് റീഹാബിലേഷൻ ആക്ട്’ നിലനിൽക്കുമ്പോഴും ഇത് തുടർന്നുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്.

നിയമം ഉള്ളതുകൊണ്ട് ജനങ്ങൾ മാറില്ല എന്ന സത്യം, അപ്പോൾ നിയമം പൂർണ്ണമല്ലെങ്കിലോ? 2013 ലെ നിയമപ്രകാരം മാനുവൽ സ്കാവഞ്ചർ എന്ന വാക്കിന്റെ വ്യാഖ്യാനം കൈകൾ കൊണ്ട് മലം എടുക്കുന്നവർ എന്നാണ് അവർ വല്ല വിധത്തിലുള്ള ആയുധങ്ങൾ ഉപയോഗിച്ചാൽ അവർ ആ വ്യാഖ്യാനത്തിൽ ഉൾപ്പെടുന്നതല്ല അതിനാൽ തന്നെ ആ നിയമത്തിന്റെ ഭാഗമായി ലഭിക്കേണ്ട പല പരിരക്ഷകളും ലഭിക്കുന്നില്ല ആയതിനാൽ ആ നിയമം പുനർനിർമ്മിക്കേണ്ടതുണ്ട്.

സാങ്കേതിക വിദ്യയുടെ നവീനസങ്കേതങ്ങൾഎല്ലാ തൊഴിൽ മേഖലകളിലും പ്രയോഗിക്കപ്പെടുമ്പോൾ എന്തുകൊണ്ടാണ് ഈ തൊഴിൽ മേഖലയെ മാത്രം മാറ്റിനിർത്തുന്നത്

ജാതി അതുമാത്രമാണ് കാരണം ഉന്നത ജാതിക്കാർ ഈ ജോലി ചെയ്യേണ്ടുന്ന അവസരം വരട്ടെ എല്ലാം മാറിമറിയുന്നത് കാണാം 54 ഓളം സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കേണ്ട തോട്ടി തൊഴിലാളികൾക്ക് അടിസ്ഥാനമായ കയ്യുറകൾ പോലും ലഭിക്കുന്നില്ല എന്നതാണ് സത്യം. ലഭ്യമാകുന്നതാകട്ടെ നിലവാരമില്ലാത്തതും ഇത് മൂലം അവർ എത്ര ദുരിതങ്ങൾ അനുഭവിക്കുന്നു. വിട്ടുമാറാത്ത രോഗങ്ങൾ ഉണ്ട് ഇവരിൽ പലർക്കും. സ്ത്രീകളിൽ പലരുടെയും ഗർഭപാത്രം എടുത്തുകളയേണ്ടി വന്നു പലർക്കും ക്യാൻസറാണ്. വൃത്തിയാക്കാൻ ഉപയോഗിക്കുന്ന വീര്യം കൂടിയ ആസിഡാണ് ഇതിനു കാരണം. കൂടാതെ കൈകളിൽ മാറാത്ത തരത്തിലുള്ള ചൊറികളും മറ്റും പതിനെട്ടു വയസു തികയാത്ത കുട്ടികളെ കണ്ടാൽ പോലും മുപ്പത് വയസ് തോന്നിക്കുന്ന അവസ്ഥ. ഇവരെയെല്ലാം ചൂഷണം ചെയ്യുകയാണ്

അപ്പോൾ സ്വച്ഛഭാരത് എന്ന പദ്ധതി പൂർണ്ണ പ്രഹസനം ആണെന്നാണോ ദിവ്യ പറയുന്നത്.

അതെ തീർച്ചയായും തമിഴ് നാട്ടിൽ പോയാൽ സ്വച്ഛഭാരത് എന്ന ബിസിനെസ്സ് പ്ലാനിന്റെ മാർക്കറ്റിങ് ധാരാളം കാണാവുന്നതാണ് വലിയ ഫ്ളക്സുകൾ ഇതിനെ പുകഴ്ത്തി പാടുന്നുണ്ടാകും, അതിന്റെ താഴെ എന്റെ ജനങ്ങൾ ഓട വൃത്തിയാക്കുന്നതും കാണാം. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് ‘നമ്മ ടോയിലറ്റ്’ എന്ന പബ്ലിക് ടോയിലെറ്റുകൾ തമിഴ് നാട്ടിൽ വരുന്നത്. ഇന്നത്തെ അതിന്റെ അവസ്ഥ നോക്കൂ തോട്ടിപ്പണിക്കർ തന്നെയാണ് അതും വൃത്തിയാക്കേണ്ടത് എന്നാലോ അതിന്റെ മെയിന്റൈൻസ് വാങ്ങുന്നത് കോർപ്പറേറ്റ് ഗ്രൂപ്പും 2016 ജനുവരി മാസം തുറൈപ്പാക്കത്ത് ബിരിയാണി കടയുടെ സെപ്റ്റിക് ടാങ്ക് ക്ളീനാക്കുന്നതിനിടെ നാല് പേർ മരിക്കുകയുണ്ടായി അതിൽ മൂന്നു പേരും ഒരേ കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. ഇവരുടെ കുടുംബം ഇന്ന് തെരുവിലാണ് ഇവർക്ക് കിട്ടിയ നഷ്ടപരിഹാര തുകയിൽ വലിയൊരു പങ്ക് എ ഐ ഡി എം കെ കമ്മീഷനായി തട്ടിയെടുത്തു ഇതാണ് ഞങ്ങളുടെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത്.

മാധ്യമങ്ങൾ സ്വച്ഛഭാരതിനെ വാനോളം പുകഴ്ത്തിക്കൊണ്ടാണല്ലോ കാര്യങ്ങൾ നീക്കുന്നത്

അവർക്ക് എന്താണ് ആയിക്കൂടാത്തത് ഞാൻ ഡോക്യുമെന്ററി ചെയ്യുന്ന കാലത്തിനിടയിൽ ഒരു വർഷകാലത്ത് മാത്രം 27 തോട്ടി തൊഴിലാളികൾ മരണപ്പെട്ടിട്ടുണ്ട്. പലതിനും ഞാൻ സാക്ഷിയാണ്. ഇതിനെയെല്ലാം വെള്ളക്കുഴിയിൽ വീണുമരിച്ചു, കാൽതെറ്റി സെപ്റ്റിക് ടാങ്കിൽ വീണു മരിച്ചു എന്നിങ്ങനെയൊക്കെയാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളത് മാൻഹോൾ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികളാണ് മരിച്ചത് എന്താണിവരിങ്ങനെ സത്യങ്ങൾ മൂടിവെക്കുന്നത് ഇന്ന് നമ്മൾ ശബ്ദിച്ചാലേ നാളെ ഇതിനൊക്കെ മാറ്റം വരൂ  ഇരുപത്തി ഏഴ് തനി മനിതർ സാകലെ.. ഇരുപത്തി ഏഴു കുടുംബങ്ങൾ തൻ സത്തിടിച്ച്‌

കാര്യങ്ങൾ ഇത്രയൊക്കെ വഷളായിട്ടും ഗവർമെന്റിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ എങ്ങിനെയാണ്

അവർക്കിതൊന്നും പ്രശ്‌നമേയല്ല അവർ പ്രശ്നങ്ങൾ അഭിമുഖീകരിക്കാതിരിക്കാൻ ഈ തൊഴിൽ മേഖലയെ തൊണ്ണൂറു ശതമാനത്തോളം കോൺട്രാക്ട് ചെയ്തു കഴിഞ്ഞു. എത്ര പേർ ഈ മേഖലയിൽ ജോലി ചെയ്യുന്നു എന്ന കണക്കു പോലുമില്ല എത്ര പേര് മരിക്കുന്നു എന്ന് പോലും അവർക്കറിയില്ല ഈ പത്ത് ശതമാനം വരുന്ന ജീവനക്കാരിലധികവും ഉയർന്നവരാണ് അവർക്ക് ഏകദേശം ഇരുപതിനായിരം രൂപ മാസ ശമ്പളം കാണും അവർ അയ്യായിരം രൂപയ്ക്ക് കോൺട്രാക്ട് വർക്കേസിനെ നിയമിക്കുന്നു ബാക്കി വരുന്ന പതിനയ്യായിരം രൂപ കൊണ്ട് നിലനിൽക്കുന്നു. വലിയ അഴിമതിയാണ് ഇവിടെ നടന്നു കൊണ്ടരിക്കുന്നത് ഇത്തരം കോൺട്രാക്ട് ലേബേഴ്‌സിനെ തിരഞ്ഞെടുക്കന്ന രീതി പ്രാകൃതമാണ് മദ്യപിച്ച് ഒരു കോണകം മാത്രം ഉടുപ്പിച്ച് വലിയ സെപ്റ്റിക് ടാങ്കിൽ ഇറക്കുന്നു. ഏറ്റവും കൂടുതൽ നേരം അതിൽ അതിൽ മുങ്ങി നിൽക്കുന്ന ആൾക്ക് ജോലി, നോക്കൂ ഇതൊക്കെ നടക്കുന്നത് നമുക്കു ചുറ്റുമാണ് എങ്കിലും നാമിതൊന്നും കാണുന്നുമില്ല അറിയുന്നുമില്ല.

കൃഷ്ണസ്വാമിയുടെ നേതൃത്വത്തിൽ ദിവ്യക്കെതിരെ 12 ജില്ലകളിലായി ഒരുപാടു കേസുകൾ നിലവിലുണ്ടല്ലോ ആ സമയത്ത് ദിവ്യയ്ക്ക് അഭയം തന്നത് കേരളമായിരുന്നു. എന്ത് തോന്നുന്നു

വളരെ സന്തോഷമുണ്ട് നിങ്ങളുടെ രാഷ്ട്രീയ ബോധ്യം കാണുമ്പോൾ. ഒരു വലിയ വിഭാഗം ഇവിടെ നിലകൊള്ളുന്നു ഒരുപാട് കൂട്ടുകാരുണ്ട്  ഇവിടെ സഹകരിക്കാൻ. ഇതേ വിഷയം കൈകാര്യം ചെയ്ത വിധുവിൻസെന്റിന്റെ ‘മാൻഹോളിനെ’ നിങ്ങൾ സ്റ്റേറ്റ് അവാർഡ് വരെ നൽകി ആദരിക്കുന്നു എന്നാൽ എന്റെ സിനിമ പ്രദർശിപ്പിക്കാൻ പോലും അവിടെ രാഷ്ട്രീയ നേതൃത്വം അനുവദിക്കുന്നില്ല. ഇടത് സർക്കാരിന്റെ വളരെ അനുകൂല നിലപാടാണുള്ളത് എം എ ബേബി സാർ അനുകൂലിച്ച് എഴുതി. ആഗസ്ത് മാസത്തിൽ കോഴിക്കോട് വച്ച് ഡി വൈ എഫ് ഐ അവരുടെ ആഗസ്ത് പതിനഞ്ചിനു നടന്ന യുവജന പ്രധിരോധനത്തിനു ക്ഷണിച്ചു അവിടെ വച്ച പൂർണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു.  കോഴിക്കോടിനേയും കോഴിക്കോട്ടുകാരെയും ഞാൻ ഒരിക്കലും മറക്കില്ല.  ഇവിടെ എല്ലാം നല്ലതാണ് നല്ല ആളുകൾ,  നല്ല ഇടപെടൽ കേരളം  എനിക്കിഷ്ടപ്പെട്ടു.

ജാതിയുടെ കൂട്ടിൽ നിന്ന് ഈ ജോലിയെ മോചിപ്പിക്കുകയെല്ലേ ചെയ്യേണ്ടത്

തോഴൻ.. ഈ ജോലി തന്നെ ഇല്ലാതാക്കണമെന്നാണ് എന്റെ അഭിപ്രായം എല്ലാം മെക്കാനിക്കലൈസ് ചെയ്യണം ഇവരുടെ കുട്ടികൾ വീണ്ടും ഇത് തുടരേണ്ടി വരുന്നതും ജാതിയുടെ പേരിലാണ്. സ്കൂളിൽ കുട്ടികളെക്കൊണ്ട് അധികൃതർ വേസ്റ്റും മറ്റും ചുമപ്പിക്കുന്നതും മറ്റു കുട്ടികളുടെ മുൻപിൽ വച്ച് അപമാനിക്കുന്നതും. പിന്നെങ്ങനെയാണ് കുട്ടികൾ തുടർന്ന് പഠിക്കുക, ഇനി ഇതെല്ലാം തരണം ചെയ്ത് ഗ്രാജുവേഷൻ ചെയ്ത കുട്ടികൾ പോലും വലിയ കമ്പനികളിൽ ഇതേ ജോലി ചെയ്യുന്നു. ഹൗസ് കീപ്പിംഗ് എന്ന പേരിലാണെന്ന് മാത്രം ഈ ജോലി പൂർണ്ണമായും ചെയ്യേണ്ട കാലം കഴിഞ്ഞു.

ചിത്രങ്ങൾ: എ മുഹമ്മദ്

Leave a Reply