കോഴിക്കോട് കോര്‍പ്പറേഷനും ജില്ലാപഞ്ചായത്തിനും നടപ്പുസാമ്പത്തിക വര്‍ഷത്തിലും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലും പദ്ധതി നടത്തിപ്പില്‍ മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സംസ്ഥാന അഞ്ചാം ധനകാര്യ കമ്മീഷന് ചെയര്മാന് പ്രൊഫ. ബി.എ. പ്രകാശ്.
2014-15 വര്‍ഷത്തില്‍ മൊത്തം ബജറ്റ് വിഹിതത്തിന്റെ 55 ശതമാനമാണ് ചെലവാക്കിയതെങ്കില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ (2015-16) ഇതുവരെ എട്ടുശതമാനം മാത്രമാണ് പദ്ധതി നിര്‍വഹണത്തിനായി കോര്പറേഷന് വിനിയോഗിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ കമ്മീഷന് അവലോകനം ചെയ്ത കൊല്ലം, കൊച്ചി, തൃശൂര്‍ എന്നീ കോര്‍പറേഷനുകളെക്കാള്‍ പിന്നിലാണ് കോഴിക്കോട് കോര്പറേഷന് എന്ന് കണ്ടെത്തിയിരിക്കുന്നു. പദ്ധതി നിര്‍വഹണത്തില്‍ കോര്‍പറേഷനും ജില്ലാപഞ്ചായത്തും ഒരുപോലെ പിറകിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
66 ശതമാനം ജില്ലാ പഞ്ചായത്ത് വിനിയോഗിച്ചു. നിയന്ത്രിക്കാനാവാത്ത അത്രയും പദ്ധതികളുടെ ബാഹുല്യമാണ് ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും പദ്ധതി നിര്‍വഹണത്തില്‍ പിന്നോട്ടുപോകന് ഇടവരുത്തിയതെന്ന് കമീഷന് വിലയിരുത്തി. 1283 പദ്ധതികളാണ് 2015-16 വര്‍ഷത്തില്‍ കോര്‍പറേഷനിലുള്ളത്. ഇതില്‍ തന്നെ 490 എണ്ണം കഴിഞ്ഞ സാമ്പത്തികവര്‍ഷം പൂര്‍ത്തീകരിക്കാത്ത പദ്ധതികളാണ്. ഇതില്‍തന്നെ ഏറെയും മരാമത്ത് പണികളാണ്. ഈ വര്‍ഷവും മുന്‍വര്‍ഷവും കോര്പറേഷന് പദ്ധതി പ്രവര്‍ത്തനത്തില്‍ പിന്നിലാണ്.
പദ്ധതി വിഹിതം വാര്‍ഡുതലത്തിലേക്ക് വിഭജിച്ചുനല്കുന്നതിനാലാണ് പദ്ധതികളുടെ എണ്ണം പെരുകുന്നതെന്നും ഈ രീതി മാറ്റണമെന്നും കമ്മീഷന് അഭിപ്രായപ്പെട്ടിടിടുണ്ട്. കോര്‍പറേഷനും ജില്ലാ പഞ്ചായത്തിനും ഒപ്പം ബുധനാഴ്ച അവലോകനം ചെയ്ത നരിപ്പറ്റ, കടലുണ്ടി, ഉണ്ണികുളം എന്നീ പഞ്ചായത്തുകളും പദ്ധതി വിനിയോഗത്തില്‍ ഏറെ പിന്നിലാണെന്നും കമ്മീഷന് വ്യക്തമാക്കി. സിവില്‍, പെന്ഷന്, ട്രാന്‍സ്ഫര്‍ തുടങ്ങിയ കാര്യങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്നോട്ട് പോയിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാന്യമുള്ള വികസനപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വടകര ബ്ളോക്കിന്റെ പ്രവര്‍ത്തനവും വിലയിരുത്തി.
ഉദ്യോഗസ്ഥരുടെ അഭാവവും സ്ഥലംമാറ്റവും അനുമതി ലഭിക്കാനുള്ള കാലതാമസവും പദ്ധതി നിര്‍വഹണത്തിന് തടസ്സമാകുന്നതായി കമ്മീഷന് വിലയിരുത്തി. കോര്പറേഷന്- ജില്ലാ ഭരണാധികാരികള്‍ അവലോകന യോഗത്തില്‍ അറിയിച്ചതാണിത്. പുതിയ രീതി പ്രകാരം ഉദ്യോഗസ്ഥര്‍ക്ക് എവിടേക്കുവേണമെങ്കിലും സ്ഥലമാറ്റം ലഭിക്കുമെന്ന അവസ്ഥയാണുള്ളത്. മരാമത്ത് പണികളെയാണ് ഇത് ഏറെ ബാധിക്കുന്നത്