Home » ന്യൂസ് & വ്യൂസ് » ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ

ലാവ്‌ലിൻ കേസിൽ പിണറായി കുറ്റവിമുക്തൻ

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് ഹൈക്കോടതി. പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നുവെന്നും വിധിയില്‍ കുറ്റപ്പെടുത്തുന്നു. കേസില്‍ കെഎസ്ഇബി ചെയര്‍മാനും ഉദ്യോഗസ്ഥനും മാത്രമാണ് കുറ്റക്കാരെന്നും രണ്ട് മൂന്ന് നാല് പ്രതികള്‍ വിചാരണ നേരിടണമെന്നും വിധിയില്‍ പറയുന്നു. ജസ്റ്റിസ് പി. ഉബൈദിന്റെ ബെഞ്ചാണ് വിധിപറഞ്ഞത്. ലാവ്‌ലിന്‍ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന പിണറായി വിജയനടക്കം ഏഴു പ്രതികളെയാണ് 2015ല്‍ തിരുവനന്തപുരം സിബിഐ കോടതി വിചാരണ ചെയ്യാതെ കുറ്റവിമുക്തരാക്കിയത്.
ഈ വിധി നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ മനസിലാക്കാതെയാണെന്നും പിണറായിയെ അടക്കം വിചാരണ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് റിവിഷന്‍ ഹര്‍ജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതി ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ടു. ശേഷം അഞ്ചുമാസങ്ങള്‍ക്കുശേഷമാണ് ഇന്ന് വിധി പറഞ്ഞതും. അന്തരിച്ച മുന്‍ അഡ്വ. ജനറല്‍ എം.കെ ദാമോദരന്‍, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരാണ് പിണറായിക്കായി ഹൈക്കോടതിയില്‍ ഹാജരായത്.

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലാണ് അഴിമതി ആരോപണം ഉയര്‍ന്നത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി 374.5 കോടിയുടെ കരാര്‍ ഉണ്ടാക്കിയെന്നും ഇതുമൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം സംഭവിച്ചെന്നുമായിരുന്നു കേസ്.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമകരാര്‍ ഒപ്പിട്ടത് ഇ.കെ നായനാര്‍ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനായിരുന്നു.
തുടര്‍ന്ന് സിബിഐ അന്വേഷണം നടത്തുകയും 2013 നവംബറില്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരും ക്രൈം എഡിറ്റര്‍ നന്ദകുമാറും നല്‍കിയ ഉപഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. പുനഃപരിശോധാ ഹര്‍ജി സമര്‍പ്പിക്കാന്‍ സിബിഐയ്ക്ക് മാത്രമെ അധികാരമുള്ളൂവെന്നും കക്ഷിചേരാന്‍ മറ്റുള്ളവര്‍ക്ക് അവകാശമില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം.

Leave a Reply