Home » ന്യൂസ് & വ്യൂസ് » മന്ത്രി കെ കെ ശൈലജയ്ക്ക് എതിരായ പരാമർശം കോടതി നീക്കി

മന്ത്രി കെ കെ ശൈലജയ്ക്ക് എതിരായ പരാമർശം കോടതി നീക്കി

ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരായ പരാമര്‍ശം ഹൈക്കോടതി നീക്കി. കേസില്‍ മന്ത്രി കക്ഷിയല്ലെന്ന് ഡിവിഷന്‍ ബെഞ്ച്. മന്ത്രിയുടെ വാദങ്ങള്‍ കേട്ടില്ലെന്ന് കോടതി പറഞ്ഞു. മന്ത്രിക്കെതിരെ മാത്രം പരാമര്‍ശങ്ങള്‍ ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയക്കാരെ തിരുകിക്കയറ്റാന്‍ മന്ത്രി ശ്രമിച്ചെന്ന പരാമര്‍ശമാണ് നീക്കിയത്. ബാലാവകാശ കമ്മീഷന്‍ നിയമനത്തിനെതിരെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്നലെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. ക്രിമിനല്‍ കേസ് പ്രതികള്‍ എങ്ങനെ ബാലാവകാശ കമ്മീഷനംഗമായെന്ന് ഹൈക്കോടതി ചോദിച്ചു. ഉത്തരവാദിത്തത്തില്‍ നിന്ന് മന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

സിംഗില്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. പരാമര്‍ശം നീക്കാനുള്ള ഹര്‍ജി നല്‍കേണ്ടത് സിംഗിള്‍ ബഞ്ചിലാണ്. സിംഗിൾ ബെഞ്ച് നടത്തിയത് ലളിതമായ വിമർശനമാണെന്നും കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു.ശൈലജ നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ വിശദമായി വാദം കേള്‍ക്കുന്നതിന് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.

ബാലാവകാശ കമ്മിഷൻ നിയമനവുമായി ബന്ധപ്പെട്ട് തീയതി നീട്ടാൻ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രികൂടിയായ കെ.കെ.ശൈലജ നിർദേശിച്ചത് അവർക്ക് താൽപര്യമുള്ളവരെ തിരുകികയറ്റാനാണെന്ന വാദത്തിൽ കഴമ്പുണ്ടെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയത്. സിപിഐഎം പ്രവർത്തകനായ ടി.ബി.സുരേഷിനെ നിയമിക്കുന്നതിനാണ് ഇതെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഈ പരാമർശം നീക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ രണ്ടംഗങ്ങളുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു.

നിയമനത്തിനുള്ള സമയപരിധി നീട്ടിയത് കൂടുതൽ അപേക്ഷകരെ ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണെന്നാണു മന്ത്രി വാദിച്ചത്. തന്റെ ഭാഗം കേൾക്കാതെയാണ് ഉത്തരവുണ്ടായതെന്നും വഴിവിട്ട ഒരിടപെടലും ഉണ്ടായിട്ടില്ലെന്നുമായിരുന്നു കെ.കെ.ശൈലജയുടെ വാദം. അതേസമയം, ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ ബാലാവകാശ കമ്മിഷൻ അംഗങ്ങളുടെ നിയമനനടപടി നീട്ടിക്കൊണ്ടുപോയ സംസ്ഥാന സർക്കാർ, ഇതേപേരിൽ സുപ്രീം കോടതിയിൽ അരലക്ഷം രൂപ പിഴ ഒടുക്കേണ്ടിയും വന്നു. ബാലാവകാശ കമ്മിഷനിലെ ഒഴിവുകൾ ഒരു ദിവസം പോലും വൈകാതെ നികത്തണമെന്ന സുപ്രീം കോടതി നിർദേശത്തിനു വിരുദ്ധമായി, നിയമന നടപടി നീട്ടിക്കൊണ്ടുപോയതിന്റെ പേരിലാണു പിഴയടയ്ക്കാൻ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പരമോന്നത കോടതി ഉത്തരവിട്ടത്. കമ്മിഷനിലെ ആറ് ഒഴിവുകളിലേക്കു കഴിഞ്ഞ നവംബർ എട്ടിനാണു സാമൂഹികനീതി വകുപ്പ് അപേക്ഷ ക്ഷണിച്ചത്. നവംബർ 30 ആയിരുന്നു അവസാന തീയതി. പിന്നീട് അവസാന തീയതി 2017 ജനുവരി 20 വരെ നീട്ടി. ഇതിനിടെ ജനുവരി 19ന് അപേക്ഷകരിലൊരാളായ കോട്ടയം സ്വദേശി ഡോ. ജാസ്മിൻ അലക്സ് ഹൈക്കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിൽ പിഴ കെട്ടിയതിനു പിന്നാലെ ഏപ്രിൽ 29 നു സംസ്ഥാന സർക്കാർ ആറംഗങ്ങളുടെ നിയമനം നടത്തിയെങ്കിലും ഇതിൽ ടി.ബി.സുരേഷ് (വയനാട്), ശ്യാമളാ ദേവി (കാസർകോട്) എന്നിവരുടെ നിയമനമാണു കഴിഞ്ഞദിവസം ഹൈക്കോടതി റദ്ദാക്കിയത്.

Leave a Reply