Home » ഇൻ ഫോക്കസ് » ‘മിഴാവൊലി’ ദ്വിദിന തിയറ്റർ ശില്പശാലയ്ക് നാളെ ബേപ്പൂരിൽ തുടക്കമാവും

‘മിഴാവൊലി’ ദ്വിദിന തിയറ്റർ ശില്പശാലയ്ക് നാളെ ബേപ്പൂരിൽ തുടക്കമാവും

പുരാതന തുറമുഖ നഗരമായ ബേപ്പൂർ അനുപമമായ ഒരു സാംസ്കാരിക ഇടപെടലിന് വേദിയാവുകയാണ്. ‘മിഴാവൊലി’ എന്ന പേരിൽ തിയറ്റർ ശിൽപ്പശാലയും മിഴാവ് – കൂടിയാട്ടം അവതരണങ്ങളും ആഗസ്റ്റ് 26, 27 തിയതികളിൽ ബേപ്പൂർ നടുവട്ടം ചേനോത്ത് യുപി സ്കൂളിൽ നടക്കുന്നു. സംഗീതത്തില്‍നിന്ന് ഊര്‍ജ്ജമാവാഹിക്കുന്ന തിയേറ്റര്‍ ആവിഷ്‌കാരമാണ് ‘മിഴാവൊലി’ സംഘകാല കൃതികളിലടക്കം പരാമർശിക്കപ്പെട്ട മിഴാവിന്റെ സാങ്കേതികതയും കലാപരതയും പരിചയപ്പെടുത്തുന്ന മിഴാവ്-കൂടിയാട്ടം അവതരണങ്ങളാണ് ശനി, ഞായർ സായാഹ്നങ്ങളിൽ.

ശനിയാഴ്ച രാവിലെ ഒമ്പതരക്ക് തുടങ്ങി ഞായർ പകലും തുടരുന്ന ശിൽപ്പശാലയുടെ ഭാഗമാണ് ഇരു സന്ധ്യകളിലെയും അവതരണങ്ങൾ. ശനിയാഴ്ച സന്ധ്യക്ക് ജടായുവധം കൂടിയാട്ടവും, ഞായറാഴ്ച സന്ധ്യക്ക് മിഴാവിൽ ഇരട്ടത്തായമ്പകയും അരങ്ങേറും.

ശിൽപ്പശാല പൊതുജനങ്ങൾക്കും കോളേജ് തലം വരെയുള്ള വിദ്യാർത്ഥികൾക്കുമാണ്. കൂടിയാട്ടത്തെ അവലംബിച്ച് ഇന്ത്യൻ പ്രാചീന നാടകവേദിയുടെ സങ്കേതങ്ങൾ ശിൽപ്പശാല പരിചയപ്പെടുത്തും. കൂടിയാട്ടത്തിലെ ചുട്ടി, ചമയം ഉൾപ്പെടെയുള്ള സാങ്കേതികതകളും ശിൽപ്പശാല പരിചയപ്പെടുത്തും. ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർ 8086874734, 9526406404 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
ആർടിസ്റ്റ്സ് കലക്ടീവും കോഴിക്കോട് അബ്ദുൾ ഖാദർ ഫൗണ്ടേഷനുമാണ് സംഘാടകർ. കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം ജിഷ്ണു പ്രതാപ് എന്നിവർ ശിൽപ്പശാലക്കും അവതരണങ്ങൾക്കും നേതൃത്വം നൽകും.
കൂടിയാട്ടത്തിന് പരിമിതമായെങ്കിലും ലഭിച്ച അംഗീകാരത്തിനിടയിൽ, അതിന്റെ അകമ്പടി വാദ്യമായ മിഴാവ് പരിഗണിക്കപ്പെടാതെ പോയതിനെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ് ശില്പശാല.

മൂന്നു ഭാഗങ്ങളായാണ് പരിപാടി:
(അ) മിഴാവ്-കൂടിയാട്ടം ശില്പശാല
(കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം ജിഷ്ണു പ്രതാപ്, കലാ മണ്ഡലം സംഗീത എന്നിവരുടെ നേതൃത്വം)
(ആ) ജടായുവധം കൂടിയാട്ടം അവതരണം (രാവണന്‍ – കലാമണ്ഡലം ജിഷ്ണു പ്രതാപ്, ജടായു – കലാമണ്ഡലം രമിത്, സീത – കലാമണ്ഡലം സംഗീത, സൂതന്‍ – കലാമണ്ഡലം മഞ്ജുനാഥ്. മിഴാവ് – കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം ജയരാജ്, കലാമണ്ഡലം ശിവപ്രസാദ്. ഇടക്ക – കലാമണ്ഡലം നിധിന്‍ കൃഷ്ണ. ചുട്ടി – കലാമണ്ഡലം ശ്രീജിത്ത്. താളം – കലാമണ്ഡലം നില)
(ഇ) മിഴാവില്‍ ഇരട്ടത്തായമ്പക (അവതരണം – കലാമണ്ഡലം രതീഷ് ഭാസ്, കലാമണ്ഡലം വിനീഷ്. മറ്റു കലാകാരന്‍മാര്‍: മിഴാവ് – കലാമണ്ഡലം ജയരാജ് – കലാമണ്ഡലം ശിവപ്രസാദ്. ഇലത്താളം – യദുകൃഷ്ണന്‍ മൂക്കുതല, അനില്‍ മൂക്കുതല. ചെണ്ട – കലാമണ്ഡലം ശരത്, കലാമണ്ഡലം ദിദീഷ്. (കൂടിയാട്ടം കേന്ദ്രയുടെ സഹകരണത്തോടെ)കൂടെ, മിഴാവിനെക്കുറിച്ച് വീഡിയോ ചിത്രവും കൂടിയാട്ടം-മിഴാവ് ശില്പശാലയുടെ വീഡിയോ ഡോക്യുമെന്റേഷനും.

Leave a Reply