ബിവറേജസ് കോർപറേഷനില്‍ ഡപ്യൂട്ടേഷന്‍കാര്‍ക്ക് അടുത്തവര്‍ഷം മുതല്‍ ബോണസില്ല. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് നടപടി. ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേരാണ് ബെവ്കോയില്‍ ഡപ്യൂട്ടേഷന്റെ പേരില്‍ കയറിക്കൂടാന്‍ ശ്രമിച്ചത്. എന്നത്തേയും പോലെ ഇത്തവണ ആയിരത്തിലധികം ഉദ്യോഗസ്ഥരാണ് ബോണസ് ലക്ഷ്യമിട്ട് ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷന് ശ്രമിച്ചത്. ഇത് വാര്‍ത്തയായതോടെയാണ് ഇത്തരത്തിലുള്ള ബോണസ് ലക്ഷ്യമാക്കിയ ഡെപ്യൂട്ടേഷന് വേണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. അടുത്ത വര്‍ഷം മുതല്‍ ബെവ്കോയിലേക്ക് ഡെപ്യൂട്ടേഷനെത്തുന്നവര്ക്ക് ബീവറേജസ് ബോണസ് നല്‍കേണ്ടെന്നും സര്‍ക്കാര്‍ തീരുമാനിച്ചു.
ഡെപ്യൂട്ടേഷനിലെത്തുന്നവര്‍ക്ക് ബീവറേജസിന്റെ വന്‍ ആനുകൂല്യങ്ങളും ലഭിക്കില്ല. ബെവ്കോ ബോണസ് കുറയ്ക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം ഇക്കുറി നടപ്പാക്കാനാവില്ലെന്നും മുഖ്യമന്ത്രി. ബോണസ് 85,000 രൂപയായി തന്നെ നല്‍കും. നേരത്തേയുള്ള തീരുമാനം മാറ്റേണ്ടതില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പിണറായി വിജയന് നല്കിയ നിര്‍ദേശം. സ്ഥിര ജീവനക്കാര്‍ക്കും ഡെപ്യൂട്ടേഷനിലെത്തിയവര്ക്കും ഇക്കുറി നേരത്തെ നിശ്ചയിച്ച ബോണസ് ലഭിക്കും. അടുത്ത വര്‍ഷം ബോണസ് കുറയ്ക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം പരിഗണിക്കും. ഓണം സ്പെഷ്യല്‍ ബോണസ് ലക്ഷ്യമിട്ട് ബെവ്കോയിലേക്കുള്ള ഡെപ്യൂട്ടേഷന് നിയമനങ്ങള്‍ അതിരുകടന്നതോടെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വിവിധ സ്ഥാപനങ്ങളില്‍ നിന്നുമുള്ള 185 ജീവനക്കാരെ ബെവ്കോയില്‍ നിയമിക്കാനുള്ള ശ്രമം എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ഇടപെട്ടാണ് തടഞ്ഞത്. ഓണം അടുത്തിരിക്കെ ബോണസായി ലഭിക്കുന്ന വന്‍തുക ലക്ഷ്യമിട്ട് സ്വന്തക്കാരെ തിരുകി കയറ്റാനുളള ചിലരുടെ ശ്രമമാണ് ഡപ്യൂട്ടേഷന് പിന്നിലെന്ന് കടുത്ത ആരോപണം ഉയര്‍ന്നതോടെയാണ് സര്‍ക്കാരിന്റെ കര്‍ശന നടപടി.