Home » ന്യൂസ് & വ്യൂസ് » ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം കഠിനതടവ്, 30 ലക്ഷം പിഴ

ബലാത്സംഗക്കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം കഠിനതടവ്, 30 ലക്ഷം പിഴ

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന് ഇരുപത് വര്‍ഷം കഠിനതടവ്. കൂടാതെ 15 ലക്ഷം രൂപ ഗുര്‍മീത് ഇരകള്‍ക്ക് നല്‍കണമെന്നും പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്. രണ്ട് കേസുകളിലായാണ് 20 വര്‍ഷം കഠിനതടവ് വിധിച്ചത്.
ജയിലിനുളളില്‍ പ്രത്യേക പരിഗണന പാടില്ലെന്നും ജഡ്ജി വ്യക്തമാക്കി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രത്യേക സിബിഐ കോടതി ജഡ്ജി ഗുര്‍മീതിന്റെ വിധി പ്രഖ്യാപിക്കാനുളള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ജയിലിലെ വായനാമുറിയാണ് കോടതി മുറിയായി ക്രമീകരിച്ചത്. അന്ത്യന്തം നാടകീയമായിരുന്നു വിധി പ്രഖ്യാപിക്കുന്നതിനിടെയുളള ഗുര്‍മീതിന്റെ ജയിലിലെ പെരുമാറ്റം. ഗുര്‍മീതും ജഡ്ജിയും പ്രതിഭാഗം വക്കീലും ഉള്‍പ്പെടെ ഒമ്പതുപേരാണ് ജയിലിനുളളില്‍ തയ്യാറാക്കിയ പ്രത്യേക കോടതിമുറിയില്‍ ഉണ്ടായിരുന്നത്.

മാധ്യമപ്രവര്‍ത്തകരെ ജയിലിനുളളിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പ്രോസിക്യൂഷനും പ്രതിഭാഗത്തിനും വാദത്തിനായി പത്തുമിനിറ്റ് വീതം ജഡ്ജി അനുവദിച്ചിരുന്നു. ഇതിനിടെ ഗുര്‍മീത് മാപ്പ് പറയുകയും പൊട്ടിക്കരയുകയും ചെയ്തു. ഏഴു വര്‍ഷം മാത്രമായി തടവുശിക്ഷ ചുരുക്കണമെന്ന് ഗുര്‍മീതിന്‍റെ പ്രായം പരിഗണിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചെങ്കിലും പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം..
പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ഹെലികോപ്റ്ററിലാണ് ജയിലിലേക്ക് എത്തിയത്. വിധി പറഞ്ഞ് നിമിഷങ്ങള്‍ക്കകം അദ്ദേഹം ജയില്‍ വിടുകയും ചെയ്തു.വിധി പ്രസ്താവിക്കുന്നതിനിടെ തന്നെ ഗുര്‍മീതിന്റെ അനുയായികള്‍ സിര്‍സയില്‍ രണ്ട് വാഹനങ്ങള്‍ കത്തിച്ചു. വിധിയെ തുടര്‍ന്ന് കലാപസാധ്യത കണക്കിലെടുത്ത് റോഹ്ത്തക്കിലേക്കുളള എല്ലാ റോഡുകളും അടച്ചിരുന്നു. പ്രദേശവാസികള്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗുര്‍മീതിനെ താമസിപ്പിച്ചിരിക്കുന്ന ജയിലിന് ചുറ്റും മാത്രമായി 3000 അര്‍ദ്ധ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്
റോഹ്ത്തക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തിന് ആഹ്വാനം ചെയ്യാന്‍ സാധ്യതയുളള ഗുര്‍മീതിന്റെ ഏതാനും അനുയായികളെ കരുതല്‍ തടങ്കലിലുമാക്കിയിട്ടുണ്ട്. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ വെടിവെപ്പ് ഉണ്ടാകുമെന്ന സൂചനയും റോഹ്ത്തക് ഡെപ്യൂട്ടി കമ്മീഷണര്‍ നല്‍കിയിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം കലാപം ശക്തമായ സാഹചര്യത്തില്‍ രണ്ടിടത്തും കനത്ത സുരക്ഷയാണ്. കൂടാതെ ചൊവ്വാഴ്ച രാവിലെ 11.30 വരെ രണ്ടിടത്തെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെളളിയാഴ്ച രാജ്യത്ത് ഗുര്‍മീതിന്റെ അനുയായികള്‍ തുടങ്ങിവെച്ച കലാപങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതുവരെ 38 ആയി ഉയര്‍ന്നിട്ടുണ്ട്.

ഹരിയാനയിലെ സിര്‍സയിലെ ദേര ആശ്രമത്തില്‍ 15 വര്‍ഷം മുമ്പ് വനിതാ അനുയായിയെ മാനഭംഗപ്പെടുത്തിയെന്ന കേസിലാണ് ഗുര്‍മീത് റാം റഹിം കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കേസില്‍ റാം റഹീമിനെതിരെ പ്രത്യക്ഷമായ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിന്റെ വിധി പ്രസ്താവം കേള്‍ക്കാന്‍ കോടതി പരിസരത്ത് തടിച്ചുകൂടിയ അനുയായികള്‍ കലാപം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തിലാണ് റാം റഹിമിനെ വ്യോമമാര്‍ഗം റോഹ്തക് ജയിലിലേക്ക് മാറ്റിയത്.

Leave a Reply