Home » ഇൻ ഫോക്കസ് » മാഡം കാവ്യാ മാധവന്‍ തന്നെ

മാഡം കാവ്യാ മാധവന്‍ തന്നെ

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ‘മാഡം’ നടി കാവ്യ മാധവനാണെന്ന് പള്‍സര്‍ സുനി. മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. താന്‍ കള്ളനല്ലേ കള്ളന്‍റെ കുമ്പസാരം എന്തിന് കേള്‍ക്കുന്നുവെന്നും സുനി പറഞ്ഞു. എറണാകുളം സിജെഎം കോടതി ഹാജരാക്കിയപ്പോഴായിരുന്നു പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍‌.തന്നെ അറിയില്ലെന്ന് കാവ്യ മാധവൻ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ട്. പലപ്പോഴും പണം തന്നിട്ടുണ്ടെന്നും പള്‍സര്‍ സുനി മുമ്പ് പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് ഓഗസ്റ്റ് 16ന് വെളിപ്പെടുത്തുമെന്ന് നേരത്തെ രണ്ട് തവണ പള്‍സര്‍ സുനി പറഞ്ഞിരുന്നു. കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ക്ക് പങ്കുണ്ടെന്ന് പറഞ്ഞ സുനി, നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് മാഡത്തിന് വേണ്ടിയാണെന്നും വെളിപ്പെടുത്തി. മാഡം സിനിമാ മേഖലയില്‍ നിന്നുളളയാളാണെന്നും നടിയെ ആക്രമിച്ച കേസില്‍ മാഡം ഒരു കെട്ടുകഥയല്ലെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു.

എന്നാല്‍ പിന്നീട് മാഡം നിരപരാധിയെന്ന് വെളിപ്പെടുത്തി പൾസർ സുനി തന്നെ രംഗത്തെത്തി. നടിയെ ആക്രമിച്ച കേസിൽ മാഡത്തിന് പങ്കില്ലെന്നാണ് പൾസർ സുനിയുടെ നിലപാട്. എന്നാല്‍ ഇപ്പോള്‍ വീണ്ടും മാഡം കാവ്യയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പള്‍സര്‍ സുനി.

കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് മാഡത്തിന്റേത് എന്നായിരുന്നു അന്വേഷണ ഉദ്യേഗസ്ഥര്‍ വിശ്വസിച്ചിരുന്നത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ഒരു സ്ത്രീയുടെ പങ്കും ഉയര്‍ന്ന് കേട്ടിരുന്നു. അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ് ഇക്കാര്യം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. പള്‍സര്‍ സുനിയ്ക്ക് കീഴടങ്ങാന്‍ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട് സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു.

മാവേലിക്കര കോടതിയില്‍ കീഴടങ്ങാന്‍ സൗകര്യമൊരുക്കാമെന്ന് അവരെ അറിയിച്ചപ്പോള്‍ അത് ‘മാഡ’ത്തിനോട് ചോദിച്ച ശേഷം അറിയിക്കാം എന്നാണ് അവര്‍ പറഞ്ഞതെന്നും ഫെനി സൂചിപ്പിച്ചിരുന്നു. ഇതോടെയാണ് ‘മാഡം’ എന്ന കഥാപാത്രം കേസിലേക്ക് എത്തിയത്.

Leave a Reply