Home » ന്യൂസ് & വ്യൂസ് » കതിരൂര്‍ മനോജ് വധം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു, പി.ജയരാജനെതിരെ യുഎപിഎയും

കതിരൂര്‍ മനോജ് വധം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു, പി.ജയരാജനെതിരെ യുഎപിഎയും

കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.പ്രത്യേക കോടതിയില്‍ സിബിഐ ഇന്ന് സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലാണ് ജയരാജനെതിരെ വീണ്ടും യുഎപിഎ ചുമത്തിയിരിക്കുന്നത്. കൂടാതെ കണ്ണൂരില്‍ കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ജയരാജനെ ആക്രമിച്ചതിനുളള പ്രതികാരമായിട്ടാണ് മനോജിനെ കൊലപ്പെടുത്തിയെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചതില്‍ കേസിലെ 25ാം പ്രതിയായ പി. ജയരാജനാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. കൂടാതെ പി.ജയരാജനെതിരെ സാക്ഷി മൊഴികളുണ്ടെന്നും പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലുണ്ട്. ഗൂഢാലോചനാക്കുറ്റമാണ് അദ്ദേഹത്തിനെതിരെ ചാര്‍ത്തിയിരിക്കുന്നതും. മറ്റ് പ്രതികളും സിപിഐഎം പ്രവര്‍ത്തകരാണ്. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.

നേരത്തെ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്. യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും. ബിജെപിയിലേക്കുള്ള സിപിഐഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. മനോജ് വധക്കേസിലെ ഒന്നാം പ്രതി വിക്രമനും പി ജയരാജനും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്നും വിക്രമന്റെ വീട്ടിലെ പ്രശ്നങ്ങള്‍ പോലും പരിഹരിക്കുന്നത് പി ജയരാജനാണെന്നും സിബിഐ കണ്ടെത്തിയതായി കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ മൂന്നാം പ്രതി സി. പ്രകാശനും, പതിനൊന്നാം പ്രതി അരപ്പയില്‍ കൃഷ്ണനും ജയരാജനുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ്. കൃഷ്ണന് മനോജുമായോ വിക്രമനുമായോ ബന്ധമില്ല, നേതാക്കള്‍ പറയാതെ കൃഷ്ണന്‍ വിക്രമനെ സഹായിക്കില്ലെന്നാണ് സിബിഐയുടെ നിരീക്ഷണം.

Leave a Reply