Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് നഗരത്തിലെ ക്യാമറകൾ പ്രവർത്തന സജ്ജമായി

കോഴിക്കോട് നഗരത്തിലെ ക്യാമറകൾ പ്രവർത്തന സജ്ജമായി

കോഴിക്കോട് നഗരത്തിലെ പ്രവര്‍ത്തിക്കാത്ത 35 നിരീക്ഷണകാമറകളുടെയും തകരാറുകള്‍ പരിഹരിച്ചു. ഇതോടെ സിറ്റിപൊലീസിന് കീഴിലെ 70 നിരീക്ഷണ കാമറകളും പ്രവര്‍ത്തനസജ്ജമായി.ആറ് കാമറകള്‍ കൂടി ഉടന്‍ സജ്ജമാകും.റോഡുവികസനത്തിന്റെ ഭാഗമായും മരക്കൊമ്പുകള്‍ പൊട്ടി വീണും വാഹനമിടിച്ചുമാണ് പലകാമറകളും തകരാറിലായത്. കാമറകളുടെ കേബിളുകളും നശിപ്പിക്കപ്പെട്ടിരുന്നു. കെല്‍ട്രോണ്‍ ആണ് മൂന്നാഴ്ച കൊണ്ട് കാമറകളുടെ അറ്റകുറ്റ പണികള്‍ നടത്തിയത്. കല്ലുത്താന്‍ കടവിലെ മൂന്ന് കാമറകളും പൊറ്റമ്മല്‍-തൊണ്ടയാട് ജംഗ്ഷനിലുള്ള മൂന്ന് കാമറകളും ഉള്‍പ്പെടെ ആറ് കാമറകള്‍ മാത്രമാണ് അറ്റകുറ്റ പണികള്‍ നടത്താനുള്ളത്. ഇതില്‍ കല്ലുത്താന്‍ കടവിലെ മൂന്ന് കാമറകളുടെ അറ്റകുറ്റ പണികള്‍ ഓണത്തിനു മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് കെല്‍ട്രോണ്‍ പ്രോജക്ട് ഡയറക്ടര്‍ ഗോപകുമാര്‍ പറഞ്ഞു. കാമറകളുടെ അറ്റകുറ്റപണികള്‍ നടത്തി പുനസ്ഥാപിക്കുന്നതിനും മൂന്നു വര്‍ഷത്തെ പരിപാലനത്തിനും മുന്‍ കുടിശ്ശികയുമുള്‍പ്പെടെ 69 ലക്ഷം രൂപയാണ് കെല്‍ട്രോണിനു നല്‍കേണ്ടത്. ഇതില്‍ 61 ലക്ഷം നല്‍കി. ബാക്കി തുക മുഴുവന്‍ അറ്റകുറ്റ പണികളും കഴിഞ്ഞതിനു ശേഷം നല്‍കും. കോഴിക്കോട് സിറ്റി പൊലീസ് ചീഫ് കാളിരാജ് മഹേഷ് കുമാറും സിറ്റി ട്രാഫിക് അസി. കമ്മീഷണര്‍ രാജുവും മുന്‍കൈയ്യെടുത്താണ് കാമറകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തികരിക്കുന്നത്. സങ്കേതിക പ്രശ്‌നങ്ങള്‍ കാരണം ശരിയായി പ്രവര്‍ത്തിക്കാതിരുന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കുള്ള ഡയല്‍100 സംവിധാനവും പുനസ്ഥാപിച്ചിട്ടുണ്ട് . സെര്‍വറിലും മറ്റുമുണ്ടായിരുന്ന പ്രശ്‌നവും പരിഹരിച്ചു.

Leave a Reply