Home » ഇൻ ഫോക്കസ് » ബോസ് …. ഇവിടൊന്നും കിട്ടീല….

ബോസ് …. ഇവിടൊന്നും കിട്ടീല….

ഔട്ട് സ്‌പോക്കൺ

കേരളത്തിൽ ഓണാഘോഷം തകൃതിയായി നടക്കുന്നതിനിടയിൽ എല്ലാവരുടെയും ഒരു നോട്ടം പ്രധാനമന്ത്രി നരേന്ദ്ര മോഡി ക്യാബിനെറ്റ് പുന:സംഘടിപ്പിക്കുന്നതിലേക്കാണ്.കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയാൽ കേരളത്തിലെ ബി ജെ പി ക്കാർക്കെന്താ പുളിക്കുമോ? എല്ലാവരും ആകാംഷഭരിതരായി കാത്തിരിക്കുന്നു. മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റേതായിരുന്നു. രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയുടെയും പേരും സജീവമായി പറഞ്ഞുകേട്ടു. മെട്രോ റെയിൽ ഉദ്ഘാടനത്തിനു മോദിയോടൊപ്പം കൂടെ നിന്ന കുമ്മനത്തെ ആരും ഒരിക്കലും മറക്കാനിടയില്ല. പിന്നെ സുരേഷ് ഗോപി ആ മുഖം ഓർമ്മകാണാതിരിക്കാൻ ഒരു വഴിയുമില്ല. എന്നാല്‍ അവസാനം സംഭവിച്ചതാകട്ടെ വിഭാഗീയതയിലും അഴിമതി വിവാദങ്ങളിലും മുങ്ങിക്കുളിച്ച സംസ്ഥാന ബിജെപി നേതൃത്വത്തിനുളള താക്കീതെന്നവണ്ണം സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായ ഒരു ബിജെപി നേതാവിനെ പോലും പരിഗണിച്ചില്ല എന്നതാണ്. പരിഗണിച്ചതാകട്ടെ മറുകണ്ടം ചാടി വന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ. ഇതൊരു മാതിരി മറ്റേടത്തെ പണിയായിപ്പോയി എന്നൊന്നും ഇന്നാട്ടിലെ ബി ജെ പിക്കാർ പറഞ്ഞില്ല. കേരളത്തിന് കിട്ടിയ ഓണസമ്മാനമാണിതെന്നു പറഞ്ഞു കുമ്മനം ചേട്ടൻ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകരും അങ്ങനെ തന്നെ നേതാവെ എന്ന് ശരിവച്ചു. മോദി സർക്കാരിന്റെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് അൽഫോൻസ് കണ്ണന്താനത്തിന്റെ സാന്നിധ്യം തിളക്കമേറ്റുമെന്നും, കേരളത്തിലെ ഇടത്,വലത് മുന്നണികളുടെ അഴിമതി ഭരണത്തിൽ മനം നൊന്താണ് അദ്ദേഹം ബിജെപിയിൽ ചേർന്നതെന്നും, അദ്ദേഹത്തിന്റെ നിലപാടുകൾക്കുള്ള സമ്മാനമാണ് മന്ത്രി സ്ഥാനം എന്നും കൂടി കുമ്മനം കൂട്ടിച്ചേർത്തു. കുമ്മനടിയെ വെല്ലുന്ന കണ്ണനടി അഥവാ കണ്ണിനടി എന്നൊക്കെ ട്രോളന്മാർ അടക്കം പറയുമ്പോൾ ആർക്കായാലും സങ്കടം തോന്നും. എന്നാൽ അതൊന്നും ആരും പുറത്തു കാട്ടീലാ വി മുരളീധരൻ ചേട്ടൻ ഒരു ഏറ് നീട്ടി എറിഞ്ഞാണ് എഫ് ബി പോസ്റ്റിട്ടത് ‘ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശ്രീ അൽഫോൻസ് കണ്ണന്താനത്തിന് അഭിനന്ദനങ്ങള്‍. ബിജെപിയിലും നരേന്ദ്ര മോദിയിലും വിശ്വാസമർപ്പിച്ച് കൊണ്ട് CPM കൂടാരത്തിൽ നിന്നും MLA സ്ഥാനം രാജിവെച്ച് വരാൻ താങ്കൾ കാണിച്ച ആർജ്ജവം മറ്റുള്ളവർക്കും പ്രേരണയാകട്ടെ…’ കേന്ദ്രമന്ത്രിയാവാൻ ആർജ്ജവമുള്ളവർ ആരെങ്കിലും ഇനിയും അയല്പക്കത്തുണ്ടെങ്കിൽ അവരും പോന്നോട്ടെ ബുദ്ധി അപാരം തന്നെ. സംഗതി എന്തായാലും കേരളത്തില്‍നിന്നുള്ളവര്‍ എന്നൊക്കെ പറയാമെങ്കിലും മന്ത്രിസ്ഥാനത്ത് തുടരാന്‍ രാജഗോപാലിനെ പോലെ കണ്ണന്താനത്തിനും മറ്റേതെങ്കിലും സംസ്ഥാനത്തിന്റെ പിന്തുണ വേണം.

തികച്ചും അപ്രതീക്ഷിതമാണിതെന്നും ഒരിക്കലും മന്ത്രിയാകുമെന്ന് കരുതിയിരുന്നില്ലെന്നുമാണ് അല്‍ഫോണ്‍സ് പറഞ്ഞത്. ന്നു വച്ചാൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ ‘എൽദോ നിന്നെ സില്മേലെടുത്തെടാ’ എന്ന് പറഞ്ഞപോലെ ‘നീ മന്ത്രി ആയെടാ’… ന്ന് അങ്ങനെ ആകുന്നതിനു വിരോധമൊന്നുമില്ലല്ലോ. കൂടാതെ വിവരം അറിഞ്ഞശേഷം സംസ്ഥാന നേതൃത്വത്തിലെ പലരും വിളിച്ചിരുന്നുവെന്ന് പറഞ്ഞെങ്കിലും ആരൊക്കെയാണ് വിളിച്ചിരുന്നതെന്ന് അല്‍ഫോണ്‍സ് വ്യക്തമാക്കിയതുമില്ല. തല്ലാനാണോ വളർത്താനാണോന്നൊന്നു ആർക്കറിയാം.. . ക്രിസ്ത്യന്‍ മതവിശ്വാസിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോഡി- ദേശീയ പ്രസിഡന്റ് അമിത് ഷാ സഖ്യം കേരളത്തില്‍ നിന്ന് ലക്ഷ്യം വെക്കുന്നത് സഭയുടെ വോട്ടുവാങ്കും പിന്തുണയുമാണ് എന്നൊരു അടക്കം പറച്ചിൽ നടക്കുന്നുണ്ട് കഴിഞ്ഞ കേരളാ സന്ദര്‍ശനത്തില്‍ എറണാകുളം കലൂരിലെ റിന്യുവല്‍ സെന്ററിലെത്തി കൈസ്ത്രവ മതമേലധ്യക്ഷന്‍മാരുമായി അമിത് ഷാ കൂടിക്കാഴ്ചയും ചര്‍ച്ചകളും നടത്തി അധികം മാസങ്ങള്‍ പിന്നിടും മുമ്പെയാണ് അല്‍ഫോണ്‍സിനെ മന്ത്രിയായി തെരഞ്ഞെടുക്കുന്നതും. കള്ളനോട്ടടി, കുമ്മനടി, കോഴക്കളി, ഇതിനേക്കാളൊക്കെ നല്ലത് സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ച, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുത്ത, അല്‍ഫോണ്‍സ് കണ്ണന്താനമാണെന്ന് അമിത് ഷാ കരുതുന്നതിൽ തെറ്റൊന്നുമില്ലതാനും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പഴയ ഇടത് സഹയാത്രികന്‌ ആശംസകൾ അർപ്പിച്ച് സാക്ഷാൽ മുഖ്യമന്ത്രിയും കൂടി രംഗത്തെത്തിയതോടെ കേരളാചാപ്റ്റർ ക്ലോസ്.

ഇനി ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല കക്ഷത്തിലുള്ളത് പോവേം ചെയ്തു എന്നമട്ടിലുള്ള ഒരാളുണ്ട് പാവം നിതീഷ് കുമാർ. കോണ്‍ഗ്രസും ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിയുമായി ബിഹാറിലുണ്ടാക്കിയ മഹാസഖ്യവും ഇട്ടെറിഞ്ഞ് ബിജെപിയുടെ ഫാസിസത്തിനെതിരായി ദേശീയ തലത്തില്‍ ഉയര്‍ന്നുവന്ന പ്രതിപക്ഷ ഐക്യത്തേയും വഞ്ചിച്ച് എന്‍ഡിഎ കൂടാരത്തിലെത്തിയപ്പോള്‍ നിതീഷ് കുമാറിന് ആദ്യം കിട്ടിയ തിരിച്ചടിയാണ് മന്ത്രിസഭാ പുനസംഘടനയിലേത്. പാര്‍ട്ടിക്ക് ഒന്നും കിട്ടിയില്ലെന്നത് മറ്റ് സഖ്യകക്ഷികള്‍ക്കും ഒന്നും കൊടുത്തിട്ടില്ല എന്ന കാര്യം ഉദ്ധരിച്ച് ജെഡിയുവിന് മറക്കാം. എന്നാല്‍ പുനസംഘടന കാര്യത്തില്‍ അഭിപ്രായത്തിന് പോയിട്ട് കാര്യം പറയാനായി പോലും ഒരു വിളി മോഡിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് നിതീഷ് കുമാറിനെ ഉലച്ചിട്ടുണ്ട്. ‘ആരുല്ലാന്നു അറിയുന്നതല്ലേ ഒന്ന് വിളിക്കായിരുന്നില്ലേ’ എന്ന്. പണ്ടൊരു ഫ്രീക്കൻ ചെക്കൻ ചങ്കിന്റെ പിറന്നാളിന് അമ്പലത്തിൽ പോയി ശാന്തിക്കാരൻ പ്രസാദവുമായി വന്നപ്പോൾ ചാറ്റിങ്ങിലായിരുന്ന ഈ വിദ്വാനെ ശ്രദ്ധിച്ചില്ല. ശാന്തിക്കാരൻ തിരികെ നടന്നപ്പോൾ ഫ്രീക്കൻ ഒറ്റ വിളിയാണ് ബോസ് ഇവിടൊന്നും കിട്ടീല്ല…. കേരളത്തിന്റെ ബി ജെ പി, ബി ഡി ജെ എസ് പിന്നാമ്പുറങ്ങളിൽ ബോസ് വിളികൾ ഉയരുന്നുണ്ടാവണം.സുകൃതക്ഷയം അല്ലാണ്ടെന്താ പറയാ…..

Leave a Reply