Home » ന്യൂസ് & വ്യൂസ് » ‘മെഹഫിലെ സമ’ സൂഫി സംഗീത സായാഹ്നം കോഴിക്കോട് പയ്യാനക്കൽ ബീച്ചിൽ

‘മെഹഫിലെ സമ’ സൂഫി സംഗീത സായാഹ്നം കോഴിക്കോട് പയ്യാനക്കൽ ബീച്ചിൽ

കോഴിക്കോട്: ഡല്‍ഹി ആസ്ഥാനമായുള്ള പ്രശസ്ത ഗസല്‍-സൂഫി സംഗീത സംഗമായ ‘മെഹഫിലെ സമ’ നയിക്കുന്ന പാട്ടു വിരുന്നും സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം മൂന്നുമണിക്ക് പയ്യാനക്കല്‍ ചാമുണ്ടി വളപ്പ് ബീച്ചിൽ നടക്കും. പയ്യാനക്കല്‍ ചാമുണ്ടി വളപ്പില്‍ കുട്ടികളുടെ പഠന-പഠനേതര ഉന്നമനം ലക്ഷ്യമാക്കി ഐ ലാബ് എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മ നടത്തുന്ന പ്രത്യേക വിദ്യാഭ്യാസ പദ്ധതിയായ സീസോയുടെ ഭാഗമായിട്ടാണ് പരിപാടി നടക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം കമ്മറ്റിയുടെ പ്രൊജക്റ്റ് ആയ സീസോയുടെ ഭാഗമായി 2017 മുതല്‍ വിവിധ വര്‍ക്ക് ഷോപ്പുകളും ക്യാമ്പുകളുമായി ഐ ലാബ് പ്രവര്‍ത്തകര്‍ നടത്തി വരുന്നു.

അവസരങ്ങൾ ലഭിക്കാത്തതിനാൽ ഇഷ്ടങ്ങളും പ്രതീക്ഷിച്ച നേട്ടങ്ങളും കൈവരിക്കാനാവാതെ പോയവർ നമുക്ക് ചുറ്റും ധാരാളമുണ്ട്,. ഈ സമയത്ത്, വ്യത്യസ്തമായ മേഖലകളിൽ വിദ്യാർത്ഥികൾക്ക് ഉന്നതി നേടിക്കൊടുക്കുന്നതിന് സഹായകരമായ സാഹചര്യം സൃഷ്ടിക്കുന്നതിനാണ് ഐ ലാബ് എന്ന കൂട്ടായ്മ പ്രവർത്തിക്കുന്നത്. ക്രിയാത്മക പ്രവർത്തനങ്ങൾ, നൂതന ടെക്നോളജി, ഗവേഷണം എന്നീ മേഖലകളിൽ ഇടപെടുന്നതിന് കുട്ടികൾക്ക് അനുകൂലമായ സാഹചര്യങ്ങളും അവസരങ്ങളും ഒരുക്കിക്കൊടുക്കുകയാണ് ഐ ലാബ് ചെയ്യുന്നത്. ഹൈ സ്ക്കൂൾ- ഹയർ സെക്കണ്ടറിസ്ക്കൂൾ നിലവാരത്തിലുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് കോഴിക്കോട്, മലപ്പുറം ജില്ലകളെ ആസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply