മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകം ഇന്റലിജന്‍സ് ഐജി, ബി.കെ. സിങ്ങിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും. ഗൗരി ലങ്കേഷ് സമൂഹമാധ്യമങ്ങളില്‍ നേരിട്ട ഭീഷണികളെ കുറിച്ചും അന്വേഷണം നടത്തും. നക്സലെറ്റുകള്ക്കിടയിലെ പ്രവര്‍ത്തനം വിരോധത്തിനു കാരണമായോ എന്നും പരിശോധിക്കും. ബി.കെ. സിങ് നേതൃത്വം നല്കുന്ന സംഘത്തില്‍ ബെംഗളൂരു ഡിസിപി അനുച്ഛേത് അടക്കം 19 ഉദ്യോഗസ്ഥരാണുള്ളത്. അയല്‍വാസികളില്‍നിന്നു പരമാവധി വിവരങ്ങള്‍ ശേഖരിക്കും. പ്രതികള്‍ മുന്‍പും വീടിനു സമീപം വന്നിട്ടുണ്ടാകാം എന്ന നിഗമനത്തിലാണു അന്വേഷണ സംഘം.
പരിശോധനക്കയച്ച സിസിടിവ ദൃശ്യങ്ങളില്‍നിന്നു കൂടുതല്‍ തെളിവു ലഭിക്കുമെന്നാണു പ്രതീക്ഷ. ഗൗരി ലങ്കേഷ് സ്ഥിരം സഞ്ചരിക്കുന്ന ബസവനഗുഡി മുതല്‍ രാജരാജേശ്വരി നഗര്‍ വരെയുള്ള വഴിയിലെ പരമാവധി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കും. ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ സമൂഹ മാധ്യമങ്ങളില്‍ എഴുതിയതിനു ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഇതു ഗൗരി ലങ്കേഷിനോടുള്ള പകയ്ക്കു കാരണമായോ എന്നും അന്വേഷിക്കും.