Home » ഇൻ ഫോക്കസ് » ബീഫ് നിങ്ങൾ നാട്ടിൽ നിന്നു കഴിച്ചോളൂ കാര്യം സാധിക്കാനിവിടെ ഇഷ്ടംപോലെ റയിൽപാളങ്ങളുണ്ട്

ബീഫ് നിങ്ങൾ നാട്ടിൽ നിന്നു കഴിച്ചോളൂ കാര്യം സാധിക്കാനിവിടെ ഇഷ്ടംപോലെ റയിൽപാളങ്ങളുണ്ട്

ഔട്ട് സ്പോക്കൺ

സന്ധ്യാ സമയത്ത് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ കുട്ടിയെ പാമ്പ് കടിച്ചു കുട്ടിയുടെ അമ്മ വഴക്കു തുടങ്ങി. നിന്നോട് ആരാ ഇപ്പൊ പുറത്തിറങ്ങാൻ പറഞ്ഞത്, പുറത്തിറങ്ങുമ്പോൾ വെളിച്ചം കൊണ്ടുനടക്കണം എന്ന് ഞാൻ പറഞ്ഞിട്ടില്ലേ തുടങ്ങി ആകെ ബഹളമയം ഒടുവിൽ സഹിക്കവയ്യാതെ അച്ഛൻ പറഞ്ഞു നീ അവനെ മാത്രം കുറ്റം പറയല്ലേ കൊറച്ചൊക്കെ പാമ്പിന്റടുത്തും തെറ്റുണ്ട് വെളിച്ചമെടുത്തില്ലാന്നു കരുതി പാമ്പ് അങ്ങനെയങ്ങു കടിക്ക്യാ..? അതേ പോലെ നമ്മുടെ ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വിവാദ ബീഫ് വിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തികളഞ്ഞു കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും ബീഫ് കഴിക്കരുതെന്ന് ബിജെപി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പറഞ്ഞു കൊണ്ട് മലയാളികളെ കുളിരുകോരിച്ചപ്പോൾ അതങ്ങനെ തന്നെ ആയിരിക്കുമെന്ന് വിശ്വസിച്ച നമ്മുടെ ഭാഗത്തും തെറ്റുണ്ട്. ഒന്നുമില്ലേലും അധികാരത്തിലെത്തിയാൽ നമ്മൾ ഓരോരുത്തരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടുതരാമെന്നു പറഞ്ഞു പറ്റിച്ച കൂട്ടരല്ലേ, അധികാരത്തിലേറിയാൽ പെട്രോൾ വില കുറച്ചുതരാമെന്നു പറഞ്ഞവരല്ലേ… ഒന്നും നടന്നില്ല. കെ സുരേന്ദ്രന്റെ തർജമ പോലെ അച്ഛൻ ആനവാല് ഇനിയുള്ള സമയംകൊണ്ട് കൊണ്ടു വരുമെന്ന് തോന്നുന്നുമില്ല. അച്ഛാദിൻ വന്നില്ലേലും നിങ്ങൾ വരുന്നതിനു മുൻപുള്ള സാദാദിൻ തന്നെ മതിയെന്ന് ഇന്നാട്ടുകാർ അടക്കം പറയുന്നുണ്ട്. ഇതുകൊണ്ടൊക്കെ തന്നെ നമ്മളിങ്ങനെ കരുതാൻ പാടില്ലായിരുന്നു. ഒന്നുല്ലെങ്കില് ഇവിടാർക്കും കൊടുക്കാത്ത മന്ത്രിസ്ഥാനം തന്നതും പോരാ ഞങ്ങളുടെ ഗോപിതാവിന്റെ ജീവിതത്തെ കുറിച്ച് അഭിപ്രായം പറയുന്നോടാ എന്നാരേലും ചോദിച്ചു കാണും അല്ലെങ്കിൽ ബിജെ പി മന്ത്രിയായപ്പോൾ തങ്ങളുടെ സ്വന്തം ഗോപിതാവിനോട് സ്നേഹം തോന്നിയിട്ടാണൊന്നു അറിഞ്ഞൂടാ എന്തായാലും ബീഫ് വിഷയത്തിൽ കണ്ണന്താനം തന്റെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ പ്രസ്താവന ഇങ്ങനെയാണ്

‘വിദേശികൾ സ്വന്തം രാജ്യത്തിരുന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വരൂ‘.. എന്നാക്കിയിട്ടുണ്ട് തല്ക്കാലം പ്രസ്താവനയിൽ കേരളക്കാരില്ല എന്ന് സമാധാനിക്കാം, അതല്ലേൽ അവർക്കുള്ള പണി വേറെന്തോ പുറകെ വരാനുണ്ടെന്നും നമുക്ക് പ്രതീക്ഷിക്കാം.ഇനി നിങ്ങള് ബീഫ് കഴിക്കണമെങ്കിൽ വിദേശത്തേക്ക് പോയിക്കൊള്ളു എന്നാണോ എന്തായാലും കാത്തിരുന്നുകാണാം.

വിദേശികൾ സ്വന്തം രാജ്യത്തിരുന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വരൂ കാര്യം സാധിക്കാൻ ഇവിടെ ധാരാളം റയിൽവേ ട്രാക്കുകൾ ഉണ്ട് എന്ന വാട്ട്സാപ്പ്‌ തമാശ ടൂറിസം മന്ത്രി ഇനി വിദേശ വിനോദസഞ്ചാരികളോട് പറയുമായിരിക്കും. എന്തായാലും ഇനി ഏതു കാര്യത്തിലും ആലോചിക്കാതെ പെട്ടന്നൊരു അഭിപ്രായം ടൂറിസം മന്ത്രി ഇനി പറയില്ലെന്ന് തീർച്ച കാരണം. ‘ പാലം കടക്കുമ്പോ നാരായണ പാലം കടന്നാൽ പൂരായണ’ എന്നൊക്കെ നിങ്ങൾ പറയുമെങ്കിലും ഇനി മന്ത്രി ആയതുകൊണ്ട് ഗോ രക്ഷാ പ്രവർത്തകർ അടക്കിവാഴുന്ന  നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കണ്ണന്താനത്തിനു പോകേണ്ടതാണ്. ഗോ മാംസം സൂക്ഷിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ അടിച്ചു കൊന്ന ഇഷ്ടികകളും കുറുവടികളും അവിടെ തന്നെ കാണുമെന്നൊരു ഭയം ആർക്കായാലും ഉണ്ടാകുമല്ലോ.

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞപോലെ മൈക്ക് ഓഫാണെന്നു കരുതി നൂറേ നൂറ്റിപ്പത്തിൽ കത്തിക്കയറിയ അൽഫോൻസ് കണ്ണന്താനത്തിന്റെ ഭാര്യയും ട്രോള് മഴയിൽ കുതിർന്നിട്ടുണ്ട്. പൊങ്ങച്ചത്തിന്റെ പല അവസ്ഥാന്തരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്ര ഭയാനകമായ വേർഷൻ ഇതാദ്യമാണെന്നു ഇന്നാട്ടിലെ ട്രോളന്മാർ സമ്മതിച്ചു തരുന്നുണ്ട്. അവരെയും കുറ്റം പറയാനൊക്കില്ല തള്ള് എന്ന് വച്ചാൽ ഏജ്ജ്ജാതി തള്ള്. ഇങ്ങനെയുമുണ്ടോ ഒരു തള്ള്. ഭയങ്കരം തന്നെ.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്തൊക്കെ ആയാലും കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ അവസാനം സംസ്ഥാന ബിജെപിയില്‍ തീരുമാനാമായിട്ടുണ്ട് . കണ്ണന്താനം മന്ത്രിയായപ്പോള്‍ ആഘോഷങ്ങള്‍ കുറഞ്ഞെന്ന വിമര്‍ശനത്തെ തുടര്‍ന്നാണ് തീരുമാനം. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലായിരിക്കും വരവേല്‍പ്പ്. ഒ രാജഗോപാല്‍ കേന്ദ്രമന്ത്രിയായപ്പോള്‍ കിട്ടിയ സ്വീകരണമൊന്നും കണ്ണന്താനത്തിന് ലഭിച്ചില്ലെന്ന് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണന്താനത്തിന് സ്വീകരണം നല്‍കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. മന്ത്രി സ്ഥാനം തന്നില്ലേലും വേണ്ടില്ലായിരുന്നു ഇജ്ജാതി പണി വേണ്ടായിരുന്നെന്നു കുമ്മനവും കൂട്ടരും കരുതുന്നുണ്ടാവും. കോമാളി കരയാൻ പാടില്ല , കോമാളി കരഞ്ഞാൽ ആളുകള് ചിരിക്കും , ആളുകളെ ചിരിപ്പിക്കാൻ വേണ്ടി നീ കരഞ്ഞോ, അല്ലാതെ കോമാളി കരയരുത്, ചിരിക്കണം എല്ലായിപ്പോഴും നിങ്ങള് ചിരിക്കണം.

Leave a Reply