കൗമാര കലകള്‍ അരങ്ങുവാഴുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ലോഗോയ്ക്കുമുണ്ട് ചില മത്സര വിജയങ്ങളുടെ കഥ പറയാന്‍. കലോത്സവത്തിന് ലോഗോ വരയ്ക്കലില്‍ തുടര്‍ച്ചയായ വിജയ കഥയാണ് കണ്ണൂര്‍ സ്വദേശി ശശികലയ്ക്ക് പറയാനുള്ളത്. കലോത്സവം തെക്കായാലും വടക്കായാലും ലോഗോ വിരിയുന്നത് ഈ വടക്കന്‍ മലബാറുകാരന്റെ മനസിലും പിന്നീട് വിരല്‍ തുമ്പിലും തന്നെ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ശശികലയുടെ ലോഗോ കലോത്സവ കമ്മിറ്റി തെരഞ്ഞെടുത്തിരിക്കുന്നത്. കലോത്സവത്തിന്റെ ലോഗോ തയ്യാറാക്കുന്നതില്‍ തുടര്‍ച്ചയായ സ്വര്‍ണക്കപ്പാണ് കലോത്സവത്തിന് ഏറ്റവും കൂടുതല്‍ വിജയം നേടുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നതെങ്കിലും അതിന് പ്രധാന്യം നല്‍കികൊണ്ടുള്ള ലോഗോ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ സ്വര്ണകപ്പിന് പ്രാധാന്യം നല്‍കികൊണ്ടാണ് ഇത്തവണത്തെ ലോഗോ ഡിസൈന്‍ ചെയ്തിരിക്കുന്നതെന്ന് ശശികല പറയുന്നു.
കപ്പിന് ഇടതും വലതുമായി നര്‍ത്തകിമാര്‍ നൃത്തം ചെയ്യുന്ന വളരെ ലളിതമായ ലോഗോയാണ് 56ാമത് സ്കൂള്‍ കലോത്സവത്തിന്റെത്. ദേശീയ പുരസ്കാരം ലഭിച്ച ചിത്രകാരന്മാരുടെതുള്‍പ്പെടെ 164 ലോഗോകളാണ് മത്സരത്തിനായുണ്ടായിരുന്നത്. മത്സരത്തിനായി ലോഗോ കൊടുത്ത് നാല് ദിവസം കഴിഞ്ഞാണ് ശശികലയുടെ ലോഗോ തെരഞ്ഞെടുത്തതായി അറിയിച്ചുള്ള ഫോണ്‍ അദ്ദേഹത്തെ തേടിയെത്തിയത്. 2010, 2015 സംസ്ഥാന സ്കൂള്‍ കലോത്സവത്തിനാണ് ഇതിന് മുമ്പ് ശശികലയുടെ ലോഗോ തെരഞ്ഞെടുത്തത്. ഇതിനു പുറമെ 2014 തിരൂര്‍ സംസ്ഥാന ശാസ്ത്രമേള, കണ്ണൂര്‍ സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം, 2011 സംസ്ഥാന പാരലല്‍ കോളേജ് മത്സരം തുടങ്ങി നിരവധി പരിപാടികള്‍ക്കും സര്‍ക്കാര്‍ വകുപ്പ് തല പരിപാടികള്‍ക്കും ഇദ്ദേഹത്തിന്റെ ലോഗോ തെരഞ്ഞെടുത്തിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടെയും കേരള ഫോക്ലോര് അക്കാദമിയുടെയും അംഗമാണ്. 2011 സെപ്തബറില്‍ കണ്ണൂരില്‍ ലോകത്തിലെ ഏറ്റവും വലിയ പൂക്കളം ഒരുക്കി ശ്രദ്ധേയനായ ഇദ്ദേഹം ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും, ലിംക ബുക്ക് ഓഫ് റെക്കോര്‍ഡിലും ഇടംനേടിയിട്ടുണ്ട്.