കൊച്ചിയിൽ നടി അക്രമിക്കപ്പെട്ട സംഭവത്തിലെ മുഖ്യ തെളിവായ അതിക്രമദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് പൊലീസിന് സൂചന. അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതെന്നും വിവരം. പൊലീസിന്റെ അറസ്റ്റ് തടയണമെന്ന നാദിര്‍ഷയുടെ ആവശ്യം ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
ഈ ഫോണ്‍ നടന് ദിലീപിനു കൈമാറാനായി അഭിഭാഷകനായ പ്രതീഷ് ചാക്കോയെ ഏല്പിച്ചതായി സുനില്‍ മൊഴി നല്‍കിയിരുന്നു. പ്രതീഷ് ചാക്കോയും സഹ അഭിഭാഷകന് രാജു ജോസഫും കേസില്‍ അറസ്റ്റിനു വഴങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. സാധാരണ നിലയില്‍ അഭിഭാഷകരുടെ ഭാഗത്തുനിന്നു പ്രതീക്ഷിക്കാത്ത നീക്കം ഇവര്‍ നടത്തിയതു സംശയത്തോടെയാണു പൊലീസ് വീക്ഷിക്കുന്നത്. തുറന്നു സമ്മതിച്ചതിലും ഗൗരവമുള്ള മറ്റെന്തോ മറച്ചു പിടിക്കാനുള്ള നീക്കമാണിതെന്നാണ് അവരുടെ വിലയിരുത്തല്‍.
മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായുള്ള മൊഴികള്‍ വ്യാജമാണെന്നാണു പൊലീസിന്റെ നിഗമനം. കുറ്റകൃത്യത്തിന്റെ ഗൂഢാലോചനയില്‍ മുഖ്യപങ്കാളിയെന്നു പൊലീസ് ആരോപിക്കുന്ന നടന് ദിലീപ് അറസ്റ്റിലായ ശേഷം അടുത്ത സുഹൃത്തായ നാദിര്‍ഷായും മറ്റു ബന്ധുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പങ്കാളിത്തമുള്ള പ്രതികളെ വിട്ടയയ്ക്കുമ്പോള്‍ കേസില്‍ അവശേഷിക്കുന്ന തെളിവുകള്‍ നശിപ്പിക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. ഇതു നീരീക്ഷിക്കാന്‍ പൊലീസ് നടത്തിയ നീക്കം വിജയിച്ചതിന്റെ സൂചനയാണു നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനമെന്നാണു പൊലീസ് നിലപാട്.