ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയ്ക്കെതിരെ കോഴിക്കോടും പറവൂരിലും കേസ്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.2006ല്‍ മുതലക്കുളത്ത് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കസബ പൊലീസ് കേസെടുത്തു. കൊച്ചിയിലെ പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനും ശശികലയ്ക്കെതിരെ വടക്കന്‍ പറവൂര്‍ പൊലീസ് കേസെടുത്തു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വിഡി സതീശന് എംഎല്‍എയ്ക്കുമെതിരെ നടത്തിയ മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. വിഡി സതീശനും ഡിവൈഎഫ്ഐയും നല്കിയ പരാതിയലാണ് കേസെടുത്തിരിക്കുന്നത്. ആര്‍വി ബാബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പൊലീസിന്റെ കെെയ്യിലുണ്ടെന്നും പ്രസ്താവന നടത്തി 48 മണിക്കൂറായിട്ടു പൊലീസ് നടപടിയെടുക്കുന്നില്ല എന്നത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നുമാണ് വി.ഡി സതീശന് കഴിഞ്ഞ ദിവസം പറഞ്ഞത്.
വിഡി സതീശന് എംഎല്‍എയും ഡിവൈഎഫ്ഐയും പരാതി നല്‍കിയതിന് പിന്നാലെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കാന്‍ ശ്രമമാണിതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇത് കേരളത്തിലെ സാമൂഹ്യ സാഹചര്യത്തെ മാറ്റിമറിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നടന്ന പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ശശികലയുടെ പ്രസംഗം:
എതിര്‍ക്കുന്തോറും വളരുന്നതാണ് ആര്‍എസ്എസ്. എതിര്‍ക്കുന്നവരെ കൊല്ലുന്ന ഗതികേട് ആര്‍എസ്എസ്സിനില്ല. അങ്ങനെയൊരു കൊലപാതകം ആര്‍എസ്എസ്സിന് ആവശ്യമില്ല. അതുകൊണ്ട് മതേതരവാദികളായ എഴുത്തുകാരോട് പറയുകയാണ്, മക്കളേ ആയുസ്സ് വേണമെങ്കില്‍ മൃത്യൂഞ്ജയ ഹോമം നടത്തിക്കോളിന്‍. എപ്പഴാ എന്താ വരുകാ എന്ന് പറയാന്‍ ഒരു പിടുത്തോം ഉണ്ടാകില്ല. ഓര്‍ത്ത് വെക്കാന്‍ പറയുകയാണ്. മൃത്യൂജ്ഞയ ഹോമം അടുത്തുള്ള ശിവക്ഷേത്രത്തിലെങ്ങാനും പോയി കഴിച്ചോളിന്‍. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരകളാക്കപ്പെടാം.
തീവ്ര ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കടുത്ത വിമര്‍ശകയായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ കൊല്ലപ്പെട്ടിരുന്നു. നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, കലബുര്‍ഗി എന്നിവര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ബംഗളുരുവിലെ വസതിയില്‍ ഗൗരി ലങ്കേഷും കൊല്ലപ്പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്താകമാനം നടക്കുകയാണ്.