കോഴിക്കോട് നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കാന്‍ കുടുംബശ്രീയുടെ രണ്ട് ഹോസ്റ്റലുകള്‍ ഒരുങ്ങുന്നു. പറയഞ്ചേരിയിലും മിംസ് ഹോസ്പിറ്റലിന് സമീപവുമായാണ് ഹോസ്റ്റലുകള്‍ ആരംഭിച്ചത്. ഈ മാസം അവസാനവാരത്തോടെ ഉദ്ഘാടനം നടക്കും. യഥാര്‍ഥ ഗുണമേന്മയില് ഐസ്ക്രീം ലഭ്യമാക്കാനായി വെസ്റ്റ്ഹില്ലിനടുത്ത് ഐസ്ക്രീം നിര്‍മാണ കേന്ദ്രം നിര്‍മാണവും ആരംഭിക്കും.
കോര്പറേഷന് കുടുംബശ്രീയുടെ 19-ാം വാര്‍ഷികാഘോഷം പ്രമാണിച്ചാണ് ഹോസ്റ്റലും ഐസ്ക്രീം നിര്‍മാണ കേന്ദ്രവും ഒരുക്കുന്നത്. പറയഞ്ചേരിയിലെ ഹോസ്റ്റലില്‍ 60 പേര്‍ക്ക് താമസിക്കാവുന്ന സൌകര്യമുണ്ട്. മിംസിന് സമീപത്തെ ഹോസ്റ്റലില്‍ 40 പേര്‍ക്ക് താമസിക്കാം. വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും പ്രവേശനമുണ്ട്. ഭക്ഷണവും താമസവുമടക്കം മാസം 5500 രൂപയാണ് ഫീസ്. ജോലിക്കാര്‍ക്കും മറ്റും സമയപ്രശ്നങ്ങളില്ലാതെ ഹോസ്റ്റലില്‍ പ്രവേശിക്കാമെന്നതാണ് പ്രത്യേകത. രാത്രി വൈകുന്നത് സംബന്ധിച്ച് സ്ഥാപന അധികാരികളുടെ കത്ത് വേണമെന്ന് മാത്രം. ഈ രണ്ട് ഹോസ്റ്റലുകള്‍കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ നഗരത്തില്‍ കുടുംബശ്രീ നേതൃത്വത്തിലുള്ള ഹോസ്റ്റലുകളുടെ എണ്ണം മൂന്നാവും. ബീച്ചില്‍ ഗുജറാത്തി സ്ട്രീറ്റിനടുത്തായി മൂന്ന് വര്‍ഷം മുമ്പാണ് ആദ്യത്തേത് ‘സെമിനാര’ ഹോസ്റ്റല്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് രണ്ട് ഹോസ്റ്റലുകള്‍കൂടി നിര്‍മിച്ചത്. ജോലികഴിഞ്ഞും മറ്റും രാത്രി വൈകുന്ന സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഉതകുംവിധമുള്ള ഹോസ്റ്റലുകള്‍ ഇല്ലായെന്ന ആക്ഷേപം നേരത്തെയുണ്ട്. അതിന് പരിഹാരമാകുന്നരീതിയിലാണ് കുടുംബശ്രീ ഹോസ്റ്റല്‍ പ്രവര്‍ത്തനം ക്രമീകരിക്കുന്നത്. ‘സോയ്’ എന്ന ബ്രാന്‍ഡിലാണ് കുടുംബശ്രീ ഐസ്ക്രീം നിര്‍മാണ കേന്ദ്രമൊരുക്കുന്നത്. പൂര്‍ണമായും സ്ത്രീകളാണ് ഇതിന്റെ നടത്തിപ്പും ചുമതലയും കൈകാര്യംചെയ്യുക.
