Home » ഇൻ ഫോക്കസ് » ‘ന്യൂസ് മുറികള്‍ എങ്ങിനെയാകണം’; സൗത്ത് ലൈവ് വിഷയത്തിൽ മാധ്യമപ്രവർത്തകന്റെ കുറിപ്പ്

‘ന്യൂസ് മുറികള്‍ എങ്ങിനെയാകണം’; സൗത്ത് ലൈവ് വിഷയത്തിൽ മാധ്യമപ്രവർത്തകന്റെ കുറിപ്പ്

ന്യൂസ് മുറികള്‍ എങ്ങിനെയാകണം?..മാധ്യമ സ്ഥാപനം തുടങ്ങിയ മുതലാളിയുടെ ഇച്ഛയ്ക്കനുസരിച്ചല്ലേ അത് നീങ്ങേണ്ടത് എന്ന് സ്വാഭാവികമായും ഏത് വ്യവസായവും പോലെ ചോദ്യമുയരാറുണ്ട്…അങ്ങിനെയാണ് മിക്ക സ്ഥാപനവും നീങ്ങുന്നത്…അതല്ലെങ്കില്‍ എഡിറ്റോറിയല്‍ വിഭാഗവും മാനേജ്‌മെന്റും ചില പരസ്പര ധാരണകളോടെയാണ്‌
നീങ്ങുന്നത്. തങ്ങള്‍ക്ക് വലിയ തുക പരസ്യം നല്‍കുന്നവര്‍ക്കെതിരെ വാര്‍ത്ത നല്‍കാനാവില്ല… അല്ലെങ്കില്‍ അവര്‍ക്കെതിരെ വാര്‍ത്ത നല്‍കുമ്പോള്‍ അവരുടെ വിശദീകരണം നല്‍കും…അതുമല്ലെങ്കില്‍ അവരുടെ പരസ്യം വേണ്ടെന്നു വെയ്ക്കും അങ്ങിനെയങ്ങിനെയുള്ള ചില ധാരണകള്‍… ഇനി രാഷ്ട്രീയ അജണ്ടയുള്ള സ്ഥാപനങ്ങള്‍ എഡിറ്റോറിയല്‍ വിഭാഗത്തെ നയിക്കുന്നതിന് അത്തരം ചിന്താഗതി പുലര്‍ത്തുന്നവരെ തന്നെ നിയോഗിക്കും… ഇനി വാര്‍ത്തയുടെ വിപണന സാധ്യത ഉപയോഗപ്പെടുത്തി കച്ചവടം നന്നായി നടത്താനറിയുന്നവരാണെങ്കില്‍ ജീവനക്കാര്‍ക്ക് സ്വാതന്ത്ര്യം നല്‍കി…അതു ചെയ്യുന്നതിനൊപ്പം പുട്ടിന് തേങ്ങാ പീരയിടുന്ന പോലെ അവരുടെ ആശയങ്ങള്‍ ഒളിച്ചു കടത്തും… മുതലാളിയാണെങ്കില്‍ പോലും ഒളിച്ചു കടത്തിയില്ലെങ്കില്‍ അടുക്കള കള്ളനെന്ന പേരു വീഴുമെന്നതിനാലും കച്ചവടം പൂട്ടുമെന്നതിനാലുമാണ് അങ്ങനെ ചെയ്യുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലുമുണ്ട് ഇത്തരത്തില്‍ സ്വന്തം രാഷ്ട്രീയ ഒളിച്ചു കടത്തുന്നവര്‍…ഇതില്‍ തന്നെ സദ്ദുദ്യേശ്യത്തോടെ ഒളിച്ചു കടത്തുന്നവരും ദുരുദ്ദേശ്യത്തോടെ ചെയ്യുന്നവരുമുണ്ട്. മുതലാളി പറയുന്നത് മാത്രമല്ല തങ്ങളുടെ പണിയെന്ന് മനസ്സിലാക്കി സാമൂഹ്യമായ കരുതലും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപിടിക്കാനുള്ള ഒളിച്ചുകടത്തലുകള്‍ അനിവാര്യത തന്നെയാണ് എന്ന് വിശ്വസിക്കുന്നവരാണ് രണ്ടാമത് പറഞ്ഞ കൂട്ടര്‍.
പറഞ്ഞു വന്നത് സൗത്ത്‌ലൈവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതിന്റെ മുതലാളി, തൊഴിലാളി ഷെയര്‍ കണക്കുകളൊന്നും തന്നെ എനിയ്ക്കറിയില്ല. ഉയര്‍ന്ന് കേള്‍ക്കുന്ന ചില ചോദ്യങ്ങള്‍ക്ക് ന്യായമായും മറുപടി പറയണമെന്നതിനാലാണത്. ഇന്ത്യാവിഷന്റെ നല്ല കാലത്തെ ഒരു യോഗത്തില്‍ അന്ന് എക്‌സിക്യുട്ടീവ് എഡിറ്ററായിരുന്ന എം.പി ബഷീര്‍ പറഞ്ഞ ഒരു കാര്യം ഇതായിരുന്നു. ഈ സ്ഥാപനം ഒരിയ്ക്കലും വലിയ ലാഭത്തിലേക്ക് നീങ്ങി ഒരു കുത്തക സ്ഥാപനമാകരുതേ എന്ന് ആത്മാര്‍ത്ഥമായി വിചാരിക്കുന്ന ഒരാളാണ് ഞാന്‍. കാരണം അന്ന് ഈ സ്ഥാപനത്തിന്റെ എഡിറ്റോറിയില്‍ സ്വഭാവവവും വിശ്വാസ്യതയും നഷ്ടമാകും. എഡിറ്റോറിയല്‍ സ്വഭാവം നഷ്ടമായ ഒരു സ്ഥാപനം വെറും കച്ചവട സ്ഥാപനമാകും. കാര്യങ്ങള്‍ ഭംഗിയായി നടന്നു പോകാനുള്ള തുക കിട്ടണം…കിട്ടുന്ന തുക മുഴുവന്‍ ഇതില്‍ തന്നെ ചെലവഴിക്കാനുമാകണം എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞു വെച്ചത്. ഇന്ത്യാവിഷനിലെ തൊഴില്‍ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാതെ ഭിന്നിപ്പിച്ച് ഭരിയ്ക്കുകയെന്ന തന്ത്രം പയറ്റിയപ്പോഴാണ് കേരളം ആദ്യമായി ഒരു ഓണ്‍ എയര്‍ സമരത്തിന് സാക്ഷ്യം വഹിച്ചത്. തൊഴില്‍ അരക്ഷിതത്വവും കൂടെ നിന്നവരുടെ കുതികാല്‍ വെട്ടും കൂട്ടി കുഴച്ച് മാനേജ്‌മെന്റ് അതിജീവനത്തിന് ശ്രമിച്ചെങ്കിലും പരാജയവും അവസാനവുമായിരുന്നു ഫലം. സ്ഥാപനം വിട്ട ശേഷവും ഇന്ത്യാവിഷന്‍ പോലൊരു സ്ഥാപനം അനിവാര്യമാണെന്നാണ് അവിടെ നിന്നിറങ്ങിയ മാധ്യമപ്രവര്‍ത്തകരെല്ലാം ഒരേ സ്വരത്തോടെ അന്നും ഇന്നും പറയുന്നത്. ആ കാലത്തും ഉയര്‍ന്ന ഒരു ചോദ്യമാണ് ഓണ്‍ എയറില്‍ സമരം പ്രഖ്യാപിച്ചത് ശരിയായോ എന്ന്. അതേ ചോദ്യം ഇപ്പോള്‍ വീണ്ടും കേള്‍ക്കുകയാണ്. ചീഫ് എഡിറ്ററുടെ ലേഖനത്തിന് പിന്തുണയില്ലെന്ന് എക്‌സിക്യുട്ടീവ് എഡിറ്ററുള്‍പ്പെടെയുള്ള എഡിറ്റോറിയല്‍ ടീം ഫേസ്ബുക്കിലൂടെ പറയാന്‍ പാടില്ലാ എന്ന്…
സെബാസ്റ്റ്യന്‍ പോളുള്‍പ്പെടെയുള്ളവരാണ് ഇത് പറയുന്നത്. സൗത്ത്‌ലൈവിലെ മാധ്യമപ്രവര്‍ത്തകരെ വര്‍ഷങ്ങളായി നന്നായി അറിയുന്ന സെബാസ്റ്റ്യന്‍ പോളില്‍ നിന്നും ഇത് കേള്‍ക്കുമ്പോഴാണ് ചിരി വരിക…മുതലാളി പറഞ്ഞാല്‍ അതു പോലെ കേട്ട് നല്ല സ്‌കൂള്‍ കുട്ടിയെ പോലെ ജോലി ചെയ്യണമെങ്കില്‍ അതിനുള്ള അവസരവും യോഗ്യതയും ഉള്ളവര്‍ തന്നെയാണ് അവിടെ ഇരിയ്ക്കുന്നതാണെന്നാണ് എന്റെ വിശ്വാസം. ഒരു ദിവസം കൊണ്ട് ഇല്ലാതായ ഇന്ത്യാവിഷന്‍ എന്ന സമാന്തര മാധ്യമപ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച എന്ന നിലയിലുള്ള ആലോചനയില്‍ നിന്നാണ് ചെറിയ ന്യൂസ് മുറിയില്‍ നിന്നുള്ള സൗത്ത് ലൈവിന്റെ തുടക്കം. ഞാന്‍ തുടക്കം പറഞ്ഞ സൗത്ത് ലൈവിലെ ഓഹരി കണക്ക് എനിയ്ക്കിപ്പോഴും അറിയില്ല…പക്ഷേ ആ സ്ഥാപനം മറ്റ് മാധ്യമസ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായതും വിശ്വാസ്യത നേടിയതും വരലിലെണ്ണാവുന്ന മാധ്യമപ്രവര്‍ത്തകരുടെ രാപ്പകലില്ലാത്ത വിയര്‍പ്പോഹരിയില്‍ നിന്നാണെന്നതില്‍ മാനേജ്‌മെന്റിന് പോലും തര്‍ക്കമുണ്ടാവില്ല. വറുതിയുടെ പ്രതിസന്ധി ഘട്ടങ്ങളിലും അവരെ പിടിച്ചു നിര്‍ത്തിയതും ഈ ആശയമാകണം. സ്ഥാപനം പതിയെ ലാഭത്തിലേക്ക് നീങ്ങുമ്പോഴാണ് മുതലാളിമാര്‍ അവരുടെ തനി ഗുണം പ്രകടിപ്പിക്കുക എന്ന് പറയാറുണ്ട്. അങ്ങിനെയാകണം സൗത്ത്‌ലൈവ് എന്ന് കേള്‍ക്കുമ്പോള്‍ നമുക്കറിയാമായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും മുകളില്‍ മുതലാളി എന്ന അവസാന വാക്കിന് കനം വെച്ചത്. ഇന്ത്യാവിഷന്റെ അനുഭവം മുന്നിലുണ്ടായിട്ടും ഇവര്‍ വെറും കൂലി എഴുത്തുകാര്‍ മാത്രമാണെന്ന നിലവാരത്തില്‍ എങ്ങനെയാണ് സെബാസ്റ്റിയന്‍ പോളിന് അളക്കാന്‍ കഴിഞ്ഞത്. ചീഫ് എഡിറ്ററെ അനുസരിക്കാത്തവര്‍ക്ക് പോകാം എന്നും ഇത് പ്രസ് കൗണ്‍സില്‍ പറഞ്ഞതാണെന്നും ഒക്കെ വിളിച്ചു പറയുമ്പോള്‍ സെബാസ്റ്റിയന്‍ പോളിന്റെ നിലവാരമാണ് അളക്കപ്പെടുന്നത്. തങ്ങള്‍ സ്വപ്‌നം കണ്ട സ്ഥാപനമിതല്ലെന്ന് ആ സ്ഥാപനത്തിനകത്ത് നിന്ന് തന്നെ നട്ടുവളര്‍ത്തിയവര്‍ക്ക് വിളിച്ചു പറയേണ്ട ഗതിക്കേടുണ്ടായതെന്ത് കൊണ്ടാകും?
നിങ്ങള്‍ പഠിച്ച, പഠിപ്പിച്ച മാധ്യമ സ്വാതന്ത്ര്യത്തിന്റേയും മാധ്യമ നടപ്പ് രീതികളേയും എക്കാലവും വെല്ലുവിളിച്ചവരാണ് അവര്‍. അത് കൊണ്ട് മറ്റ് മാധ്യമ സ്ഥാപനങ്ങളുമായി അവരെ താരതമ്യം ചെയ്യാതിരിക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും സെബാസ്റ്റിയന്‍ പോളിന് കാണിക്കാമായിരുന്നു. മാധ്യമ പ്രവര്‍ത്തനം രാഷ്ട്രീയ പ്രവര്‍ത്തനം കൂടെയാണെന്ന് തിരച്ചറിഞ്ഞ ഒരു ചെറിയ കൂട്ടമാണത്. ഇതിലും വലിയ മഴക്കാലത്ത് ഒരു തുരുത്തും കാണാതെ തോണിയുമായി ഇറങ്ങിയ അനുഭവങ്ങള്‍ മാത്രം മതിയാകും അവര്‍ക്കിനിയും മുന്നോട്ടുള്ള യാത്രയ്ക്ക്…ഇന്ത്യാവിഷനെന്നാല്‍ നികേഷ് കുമാറെന്ന് ഇപ്പോഴും പറയുന്നവരുണ്ട്. അദ്ദേഹത്തിനെന്ത് കൊണ്ടാകും റിപ്പോര്‍ട്ടര്‍ ആ നിലവാരത്തിലേക്ക് എത്തിക്കാന്‍ ആകാതെ പോയത്? അദ്ദേഹത്തിനെന്തെങ്കിലും കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടിയതല്ല… ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ അഹോരാത്രമുള്ള ഇടപെടലുകളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും രൂപം കൊള്ളുന്ന എഡിറ്റോറിയല്‍ നയം പ്രേക്ഷകന് അല്ലെങ്കില്‍ വായനക്കാരന് സ്വീകാര്യമാകുമ്പോഴാണ് ഒരു മാധ്യമ സ്ഥാപനം വിശ്വാസ്യത അടയാളപ്പെടുത്തുന്നത്. ഇതിനിടെ ആ സ്ഥാപനത്തിന് വരുന്ന ചെറിയ ചെറിയ തെറ്റ് കുറ്റങ്ങളെ പോലും വായനക്കാരന്‍ പ്രേക്ഷകന്‍ ക്ഷമിയ്ക്കും…എന്നാല്‍ വിശ്വാസ്യതയ്ക്ക് പോറലേറ്റാല്‍ അത് പിന്നീട് ഒരിയ്ക്കലും തിരിച്ച് പിടിക്കാനാവില്ല…ഇത് ഏതൊരു വ്യവസായവും പോലെ പണം ഇറക്കിയത് കൊണ്ട് മാത്രം ലാഭം തിരിച്ചു പിടിക്കാവുന്ന ഒന്നല്ല…മുതലാളിമാര്‍ക്ക് ആ തിരിച്ചറിവുണ്ടാകാനെങ്കിലും വേറിട്ട ചില ന്യൂസ് റും വിപ്ലവങ്ങള്‍ നടക്കട്ടെന്നേ….

കുറിപ്പ് എഴുതിയ എംഎം രാഗേഷ് പാലാഴി മുൻ ഇന്ത്യാവിഷൻ ജീവനക്കാരാണ്

Leave a Reply