കോഴിക്കോട് മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡിനുമുന്നില്‍ എസ്കലേറ്ററില്‍ കയറി റോഡ് മുറിച്ചുകടക്കാം. അതിനായി എസ്കലേറ്റര്‍ സൗകര്യമുള്ള നടപ്പാലം വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുക. നിര്‍മാണത്തിന്റെയും വിശദ പദ്ധതിറിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെയും ചുമതല കൊച്ചിമെട്രോ റെയില്‍ കോര്‍പ്പറഷനെ ഏല്‍പ്പിക്കാനാണ് തീരുമാനം. സ്ഥലം പരിശോധിക്കാനും സാധ്യത പഠിക്കാനുമായി കെ.എം.ആര്.എല്‍. പ്രതിനിധികള്‍ ഇന്ന് കോഴിക്കോട്ടെത്തും. കോര്പ്പറേഷന് മേയറുമായും സംഘം ചര്‍ച്ച നടത്തും. ഇതിനുശേഷമാണ് മറ്റു നടപടികളിലേക്ക് നീങ്ങുക.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇതിനായി 11.35 കോടി വകയിരുത്തിയിട്ടുണ്ട്. കെ.എം.ആര്.എല്ലുമായി ചര്‍ച്ച നടത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അമൃത് പദ്ധതിയുടെ സ്റ്റിയറിങ് കമ്മിറ്റി നേരത്തേ അനുമതി നല്‍കിയിട്ടുണ്ട്. ഇനി റിപ്പോര്‍ട്ട് തയ്യാറാക്കി അതിന് ഭരണാനുമതി ലഭിക്കേണ്ടതുണ്ട്.
കെ.എം.ആര്.എല്‍. സര്‍ക്കാര്‍ ഏജന്‍സിയായതുകൊണ്ട് പദ്ധതി ഏല്‍പ്പിക്കാന്‍ മറ്റു തടസ്സങ്ങളുണ്ടാവില്ല. തുറന്ന സ്ഥലത്ത് ഷോപ്പിങ് മാളുകളിലേതുപോലുള്ള എസ്കലേറ്റര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യത പരിശോധിക്കേണ്ടതുണ്ട്. കേരളത്തില്‍ റോഡുമുറിച്ചുകടക്കാന്‍ ഇത്തരമൊരു സംവിധാനം ആദ്യമാണ്. മൊഫ്യുസില്‍ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ രാജാജി റോഡിന് കുറുകെയായി റോഡു മുറിച്ചു കടക്കാന്‍ നേരത്തേ നടപ്പാലം സ്ഥാപിച്ചിരുന്നെങ്കിലും അത് പിന്നീട് ആള്ക്കാര് ഉപയോഗിക്കാതെ നശിച്ചു. നടന്നുകയറാനുള്ള ബുദ്ധിമുട്ടും പ്രായമുള്ളവരെ ഇതില്നിന്നകറ്റിയിരുന്നു. എസ്കലേറ്റര്‍ സ്ഥാപിക്കുമ്പോള്‍ അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാം
