തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറിയിട്ടില്ലെന്ന് തോമസ് ചാണ്ടി വ്യക്തമാക്കി. ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാവില്ല. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്. വഴിയിലിട്ട മണ്ണ് എടുത്ത് മാറ്റാന്‍ തയ്യാറാണ്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന ആരോപണത്തോട് പ്രതികരിക്കാനില്ല. നിലവില്‍ രാജി വെയ്ക്കേണ്ട സാഹചര്യമില്ലെന്നും തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണെന്നും തോമസ് ചാണ്ടി വ്യക്തമാക്കി.
കായല്‍ കൈയ്യേറിയെന്ന ആരോപണം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു . മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിയ്ക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ആലുപ്പുഴ ജില്ലാ കളക്ടറുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.
കൈയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കും. ഇപ്പോഴത്തെ സ്ഥിതിയില്‍ രാജ്ിവയ്ക്കില്ല. ഒരുസെന്റ് ഭൂമിപോലും കൈയ്യേറിയിട്ടില്ല. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരുതരത്തിലുള്ള അന്വഷണത്തെയും ഭയപ്പെടുന്നില്ല. വിജിലന്‍സോ നിയമസഭാ സമിതിയോ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തട്ടെയെന്നും തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢ സംഘങ്ങള്പ്രവര്ത്തിക്കുന്നുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുനിസിപ്പാലിറ്റിയ്ക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ജില്ലാ കളക്ടര്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമി നികത്തലും കയ്യേറ്റവും നടന്നിട്ടുണ്ടെന്നും ഭൂ നിയമങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നും 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികത്തലിന്റെ ഫലമായി ഭൂമിയുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.