Home » ധനം » നിയമം ഇങ്ങനെയാണ്: ആധാറിന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകളെ ഒരു ചുക്കും ചെയ്യാനാവില്ല

നിയമം ഇങ്ങനെയാണ്: ആധാറിന്റെ പേരിൽ ബാങ്ക് അക്കൗണ്ടുകളെ ഒരു ചുക്കും ചെയ്യാനാവില്ല

രാജ്യത്തെ ബാങ്ക് ഉപഭോക്താക്കൾ ആശങ്കയിലാണ്. വിശ്വസിച്ച് നിക്ഷേപമേൽപ്പിച്ച ബാങ്കുകൾ നിരന്തരം അവരോട് അക്കൗണ്ടിനെ ആധാറുമായി ലിങ്കുചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ വിജ്ഞാപനമനുസരിച്ചാണത്രെ ഇത്. ഡിസംബർ 31നകം ഇങ്ങനെ ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്നാണ് അറിയിപ്പ്.

ബാങ്കുകൾ ഇങ്ങനെ ചെയ്യാമോ? അത് ഭരണഘടനാപരമാണോ? വിദഗ്ധർ പറയുന്നു, ഇതിൽ കുഴപ്പമുണ്ടെന്ന്. 2017ൽ പാസാക്കിയ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് (മെയ്ന്റനൻസ് ഓഫ് റെക്കോർഡ്സ്) (രണ്ടാം ഭേദഗതി) ചട്ടങ്ങളുടെ മറവിലാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. 2002ലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് നിയമം നൽകിയ അധികാര ബലത്തിലാണിത്. അത്രടം വരെ ഓക്കെ.

എന്നാൽ ഉപഭോക്താക്കൾക്ക് പിഴ ചുമത്തുമെന്നും അക്കൗണ്ട് മരവിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തൽ ആധാർ നിയമം – 2016 ഉള്ളിടത്തോളം നടക്കില്ല. ആ നിയമം അതിനനുവദിക്കുന്നില്ല. ബയോമെട്രിക്സ് വഴി പ്രവർത്തിക്കുന്ന ഏകീകൃത തിരിച്ചറിയൽ നമ്പർ എങ്ങനെയൊക്കെയേ ഉപയോഗിക്കാവൂ എന്ന് നിയമം വെടിപ്പായി പറഞ്ഞുവെച്ചിട്ടുണ്ട്. ബാങ്കിംഗ് സേവനം ആ ഗണത്തിൽ പെടുന്നേയില്ല.

ആധാർ നിയമം – 2016ലെ ഏഴാം അനുച്ഛേദം ഇങ്ങനെ വ്യക്തമാക്കുന്നു: ‘സർക്കാർ പണം ചെലവഴിച്ചുള്ള സേവനങ്ങൾ, സൗകര്യങ്ങൾ, സബ്സിഡികൾ സ്വീകരിക്കുന്നതിനുള്ള ഉപാധിയായി ഒരു വ്യക്തിയുടെ തിരിച്ചറിയൽ വേണ്ടിവരുന്നിടത്ത് കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ’ ഈ നമ്പർ ഉപയോഗിക്കാം. ആ നിലക്ക്, പാൻ കാർഡുമായി ആധാർ ലിങ്കു ചെയ്യുന്നതു പോലും നിയമപരമായി നിലനിൽക്കില്ല. അതുകൊണ്ടാണ് സ്വന്തം നിലയ്ക്കു തന്നെ ചട്ടങ്ങൾ ഉണ്ടാക്കാമെങ്കിലും അതിനു നിൽക്കാതെ ആദായ നികുതി നിയമത്തിൽ പാർലമെണ്ടറി ഭേദഗതി വരുത്താൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത്. എന്നാൽ, ആധാർ നിയമത്തിലെ ഏഴാം അനുച്ഛേദത്തെ മറികടക്കാൻ മണി ലോണ്ടറിംഗ് ആക്ടിൽ ഒരു വ്യവസ്ഥയുമില്ല.

മറ്റൊരു ആശങ്ക കൂടി ഉപഭോക്താക്കളിൽ ഉയർന്നു വരുന്നത് കൂടുതൽ ഗൗരവമുള്ളതാണ്. സ്വകാര്യ ബാങ്കുകൾ പോലുള്ള മൂന്നാം കക്ഷികൾക്ക് ആധാർ വിവരങ്ങളിലേക്ക് നിരുപാധിക പ്രവേശം നൽകുന്നത് വിവര ദുരുപയോഗം വർധിപ്പിക്കുമെന്നതാണ് ഈ ആശങ്ക.

(കടപ്പാട്: ബിസിനസ് ലൈൻ)

Leave a Reply