സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി സല്മാന് രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. 2018 ജൂണില്‍ തീരുമാനം പ്രാബല്യത്തില്‍ വരുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കി 30 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ആഭ്യന്തര, ധന, തൊഴില്‍, സാമൂഹികകാര്യ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ തീരുമാനം നടപ്പാക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ചു.
സൗദിയില്‍ പുരുഷന്മാർക്ക് മാത്രമേ ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചിരുന്നുള്ളൂ. സ്ത്രീകള്‍ക്ക് ഡ്രൈവിംഗിന് വിലക്കേർപ്പെടുത്തിയിരുന്ന ലോകത്തെ ഏക രാജ്യം സൗദിയാണ്. സ്ത്രീകൾ വാഹനം ഓടിച്ചാൽ പിടികൂടുകയും പിഴ ഈ ടാക്കുകയും ചെയ്തിരുന്നു. ഇതുമൂലം പല കുടുംബങ്ങളും സ്ത്രീകളുടെ സഞ്ചാര ആവശ്യത്തിന് പുരുഷന്മാരെ ഡ്രൈവർമാരായി നിയോഗിച്ചിരുന്നു.
വാഹനം ഓടിക്കുന്നതിന് സ്ത്രീകൾക്കുള്ള വിലക്കിനെതിരെ വിവിധ സംഘടനകൾ രംഗത്തെത്തിയിരുന്നെങ്കിലും ഫലംകണ്ടിരുന്നില്ല. വാഹനം ഓടിച്ച് പ്രതിഷേധിച്ച പല സ്ത്രീകളും പിടിക്കപ്പെട്ടിരുന്നു. ഇതോടെ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കണമെന്ന ആവശ്യവുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടക്കമുള്ളവർ രംഗത്തെത്തുകയായിരുന്നു.